2011-05-09 15:29:52

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും കത്തോലിക്കന്‍റെ മാര്‍ഗ്ഗം


(09 മെയ് 2011, പോംപേ) : പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് ഒരു കത്തോലിക്കന്‍റെ ഏക ആയുധങ്ങളെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനൊ പ്രസ്താവിച്ചു. ഏട്ടാം തിയതി ഞായറാഴ്ച ഇറ്റലിയിലെ പോംപേ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തിരുനാള്‍ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനൊ. ദൈവഹിതത്തിനു പൂര്‍ണ്ണമായും സ്വയം സമര്‍പ്പിച്ച പരിശുദ്ധ മറിയം, സര്‍വ്വശക്തന് പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന ഒരോ കത്തോലിക്കന്‍റെയും പ്രതീകമാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. പോംപെയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം രണ്ടുതവണ സന്ദര്‍ശിച്ചിട്ടുള്ള വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരിയ ഭക്തിയും കര്‍ദ്ദിനാള്‍ സൊഡാനൊ തദ്ദവസരത്തില്‍ അനുസ്മരിച്ചു. പ്രസ്തുത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിച്ചിട്ടുള്ള ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാധ്യസ്ഥ്യസ്തയില്‍ ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും കര്‍ദ്ദിനാള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.