2011-05-04 11:55:50

വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതദേഹപേടകം വിശുദ്ധ സെബസ്ത്യാനോസിന്‍റെ കപ്പേളയില്‍


വത്തിക്കാന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതോടനുബന്ധിച്ച് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പൊതു ദര്‍ശനത്തിനു വച്ചിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതദേഹപേടകം വിശുദ്ധ സെബാസ്ത്യാനോസിന്‍റെ നാമധേയത്തിലുള്ള കപ്പേളയുടെ അള്‍ത്താരയ്ക്കു താഴെ പ്രതിഷ്ഠിച്ചു. ഞായറാഴ്ചയിലെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങിനു ശേഷം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കര്‍ദ്ദിനാള്‍മാരും രാഷ്ട്രതലവന്‍മാരും നയതന്ത്രപ്രതിനിധികളും മറ്റു സഹകാര്‍മ്മീകരും മൃതദേഹപേടകം വണങ്ങിയതിനുശേഷം പൊതു ജനങ്ങള്‍ക്കായി ബസിലിക്ക തുറന്നുകൊടുക്കപ്പെടുകയായിരുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതദേഹപേടകം ഒരു നോക്കുകാണാനും പ്രാര്‍ത്ഥിക്കാനും വന്ന ഭക്ത ജനങ്ങള്‍ക്കുവേണ്ടി പുലര്‍ച്ചെ മൂന്നുമണിവരെ തുറന്നിരുന്ന ബസിലിക്ക തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിക്കു ശേഷം വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു, രണ്ടാം തിയതി തിങ്കളാഴ്ച വൈകുന്നേരം ബസിലിക്ക അടച്ചതിനുശേഷമാണ് വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമധേയത്തിലുള്ള കപ്പേളയുടെ അള്‍ത്താരയ്ക്കു താഴെ മൃതദേഹപേടകം പ്രതിഷ്ഠിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിക്കു ശേഷം കര്‍ദ്ദിനാള്‍മാരുടെയും മെത്രാപ്പോലീത്താമാരുടെയും മെത്രാന്‍മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പ്രതിഷ്ഠാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാനപുരോഹിതന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ത്രിയാണ്. വിശുദ്ധരായ മാര്‍പാപ്പമാരോടുള്ള ലുത്തീനിയയുടെ ആലാപനം മൂന്നു തവണ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ മാര്‍പാപ്പയുടെ നാമം ആവര്‍ത്തിച്ചുകൊണ്ട് സമാപിച്ചതിനെ തുടര്‍ന്ന് നവ വാഴ്ത്തപ്പെട്ടവനോടുള്ള പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടന്നു. അതിനു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്‍റെ കപ്പേളയിലെ അള്‍ത്താരയ്ക്കു താഴെ തയ്യാറാക്കിയിരുന്ന അറയില്‍ പ്രതിഷ്ഠിച്ചിരുന്ന പേടകം പണിക്കാര്‍ “Beatus Ioannes Paulus PP. II” (വാഴ്ത്തപ്പെട്ട രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പ) എന്നു ലേഖനം ചെയ്തിരിക്കുന്ന വലിയ മാര്‍ബിള്‍ ഫലകം കൊണ്ട് അടച്ചു. മൂന്നാം തിയതി ചൊവ്വാഴ്ച രാവിലെ മുതല്‍ പതിവുപോലെ ബസിലിക്ക പൊതു ജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുത്തു.
 







All the contents on this site are copyrighted ©.