2011-05-04 11:56:00

ബ്ലോഗര്‍മാരുടെ സമ്മേളനം വത്തിക്കാനില്‍.


വത്തിക്കാന്‍: ലോകമെങ്ങും നിന്നുള്ള ബ്ലോഗര്‍മാര്‍ വത്തിക്കാനില്‍ സമ്മേളിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയന്‍പതു ബ്ലോഗര്‍മാരാണ് സാമൂഹ്യ സംമ്പര്‍ക്ക മാധ്യമങ്ങള്‍ക്കും സാംസ്ക്കാരീക കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ സംയുക്തമായി മെയ് രണ്ടാം തിയതി തിങ്കളാഴ്ച നടത്തിയ ബ്ലോഗര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു ഭാഗങ്ങളായി നടന്ന ചര്‍ച്ചായോഗങ്ങള്‍ക്ക് മാധ്യമലോകത്തെ പ്രശസ്തര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ബ്ലോഗര്‍മാര്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയും ബ്ലോഗിങ്ങ് ലോകത്തെ സാധ്യതകളും വെല്ലുവിളികളും വിശ്വാസസത്യത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുകയും ചെയ്തു. സമ്മേളനത്തില്‍ സാംസ്ക്കാരീക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി സ്വാഗത പ്രസംഗവും സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലൌദിയോ മാരിചെല്ലി സമാപന പ്രഭാഷണവും നടത്തി. സമാപനസന്ദേശത്തില്‍ മാധ്യമലോകത്ത് ബ്ലോഗര്‍മാരുടെ പ്രത്യേകതയും പ്രാധാന്യവും എടുത്തു പറഞ്ഞ കര്‍ദ്ദിനാള്‍ ചെല്ലി തുടര്‍ സംവാദങ്ങള്‍ക്കും അവരെ ക്ഷണിച്ചു,
സാമൂഹ്യസമ്പര്‍ക്ക മാധ്യമരംഗത്തെ നവീനപരിവര്‍ത്തനങ്ങളോട് സഭ സംവാദിക്കുന്നതിന്‍റെ ഭാഗമാണ് ബ്ലോഗ്ഗര്‍മാരുടെ സമ്മേളനമെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സാംസ്ക്കാരീക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി പ്രസ്താവിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ ക്ഷണിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എഴുനൂറ്റിഅന്‍പതിലധികം അപേക്ഷകളാണ് ലഭിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.