2011-05-01 16:48:03

വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങ്


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചടങ്ങിന്‍റെ വിവരണം



ലോകം മുഴുവനും ആകാംഷയോടെ കാത്തിരുന്ന ദിനമാണ് 2011 മെയ് മാസം ഒന്നാം തിയതി. ജനങ്ങളുടെ പ്രിയങ്കരനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ദിവസം. എല്ലാ വഴിയും റോമിലേക്ക് നയിക്കും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന വിധം ലോകമെങ്ങും നിന്നുള്ള തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു റോമന്‍ തെരുവുകള്‍.

ഏപ്രില്‍ മുപ്പതാം തിയതി ശനിയാഴ്ച റോമിലെ ചീര്‍ക്കോ മാസിമോ മൈതാനത്ത് നടന്ന ജാഗരണപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ തിങ്ങിക്കൂടിയിരുന്ന മൂന്നുലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുവേണ്ടി ആത്മീയമായി ഒരുങ്ങുകയായിരുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വേദനയിലൂടെയും സഹനത്തിലൂടെയും കടന്നുപോയ അവസാനകാലത്തെ ചിത്രീകരണളുടെ വീഡിയോ പ്രദര്‍ശനത്തെത്തുടര്‍ന്ന് മാര്‍പാപ്പയോട് വളരെ അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഡോ. നവാറോ വാള്‍സ്, കാര്‍ദിനാള്‍ ഡിസ്സിവിസ് എന്നിവരും മാര്‍പാപ്പയുടെ മദ്ധ്യസ്ഥത വഴി രോഗശാന്തി ലഭിച്ച സിസ്റ്റര്‍ മരിയ സിമോണ്‍ പിയറും തങ്ങളുടെ അനുഭവസാക്ഷൃം പങ്കുവച്ചു, തുടര്‍ന്ന് മാര്‍പാപ്പയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില ഹ്രസ്വ ചലച്ചിത്രങ്ങളും മാര്‍പാപ്പയുടെ സന്ദേശം തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെക്കുറിച്ച് യുവജനങ്ങള്‍ നല്‍കിയ സാക്ഷൃവും ശ്രവിച്ച തീര്‍ത്ഥാടകര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അന്‍പതാം പൗരോഹിത്യവാര്‍ഷികത്തോടനുബന്ധിച്ച് മോണ്‍സിഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന ചിട്ടപ്പെടുത്തിയ “തോത്തൂസ് തൂവൂസ്”...... പൂര്‍ണ്ണമായും അങ്ങയുടേത് എന്ന മരിയന്‍ ഗാനം അദ്ദേഹത്തിന്‍റെ തന്നെ നേതൃത്വത്തില്‍ ഗാനസംഘം ആലപിച്ചു. തുടര്‍ന്ന് ജപമാലയായിരുന്നു, ജപമാലയ്ക്ക് ഒരുക്കമായി വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെട്ട ഗാനം ആലപിക്കപ്പെട്ടു. ഗാനത്തെതുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആത്മീയ വ്യക്തിത്വത്തെയും അജപാലന ശുശ്രൂഷയേയുംക്കുറിച്ച് കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി ലളിതമായൊരു പ്രഭാഷണം നടത്തി, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധമായ ജീവിതത്തെക്കുറിച്ചുള്ള സ്മരണകളുമായി അദ്ദേഹം തന്നെ തുടക്കം കുറിച്ച പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ ജനസമൂഹം ഒന്നുചേര്‍ന്ന് ഭക്തിപൂര്‍വ്വം ആരംഭിച്ചു........ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സന്ദര്‍ശിച്ചിട്ടുള്ള അഞ്ച് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തോടെയായിരുന്നു ജപമാല......ഒരോ രഹസ്യവും മാര്‍പാപ്പ ഏറ്റവും ആഗ്രഹിച്ചിരുന്ന യുവജനങ്ങള്‍, കുടുംബം, സുവിശേഷവല്‍ക്കരണം, ജനതകളുടെ പ്രത്യാശയും സമാധാനവും, സഭ എന്നീ നിയോഗങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു. ജപമാലയുടെ സമാപനപ്രാര്‍ത്ഥനയ്ക്കൊടുവില്‍ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചവര്‍ക്ക് തല്‍സമയ സംപ്രേഷണത്തിലൂടെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അപ്പസ്തോലീക അരമനയില്‍ നിന്നും ആശീര്‍വാദം നല്‍കി.. ..........ജാഗരണ പ്രാര്‍ത്ഥന അര്‍ദ്ധരാത്രിയോടെ സമാപിച്ചുവെങ്കിലും പ്രാര്‍ത്ഥനയും ഗീതകങ്ങളുമായി രാത്രിമുഴുവന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് വാഴ്ത്തപ്പട്ട പദപ്രഖ്യാപനത്തിനൊരുങ്ങിയവര്‍ അനേകമായിരുന്നു.

ചീര്‍ക്കോ മാസിമോ മൈതാനത്ത് തിങ്ങിനിറഞ്ഞിരുന്ന ജനസഞ്ചയത്തെക്കൂടാതെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേക്കും ഒഴുകിനിറയുകയായിരുന്നു ജനങ്ങള്‍. മെയ് ഒന്നാം തിയതി ഞായറാഴ്ച രാവിലെ പത്തുമണിക്കായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പട്ട പദപ്രഖ്യാപന ചടങ്ങുകളെങ്കിലും ചത്വരത്തിലേക്കു പ്രവേശനം ലഭിക്കാനായി രാത്രിമുതലേ അണിനിരന്നിരുന്നു ജനക്കൂട്ടം...........



മെയ് ഒന്നാം തിയതി ഞായറാഴ്ച പുലര്‍ന്നത് ജനലക്ഷങ്ങളുടെ മനസില്‍ ആനന്ദപൂമഴപെയ്യിച്ചുകൊണ്ടാണ്. പ്രാര്‍ത്ഥനയും ആര്‍പ്പുവിളികളും ആനന്ദാരവങ്ങളുമെല്ലാം ഇടകലര്‍ന്ന അന്തരീക്ഷമായിരുന്നു വത്തിക്കാനില്‍. ചരിത്രത്തിലാദ്യമായാണ് ഒരുമാര്‍പാപ്പയെ അദ്ദേഹത്തിന്‍െറ തൊട്ടടുത്ത പിന്‍ഗാമി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. ചടങ്ങിനായി പ്രാര്‍ത്ഥിച്ചൊരുങ്ങി വന്നുചേര്‍ന്നിരുന്ന ജനസമൂഹങ്ങളെ വരവേറ്റത് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ്ക്കു മുന്‍പിലായി അതിമനോഹരമായി അലങ്കരിച്ചൊരുക്കിയിരുന്ന ബലിവേദിയാണ്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പനിനീര്‍പുഷ്പങ്ങളാല്‍ മനോഹരമായി അലങ്കരിച്ചിരുന്ന ബലിവേദിക്ക് മുന്നിലായി ഒരുപൂന്തോട്ടം തന്നെയാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായോട് ജനങ്ങള്‍ക്കുള്ള സ്നേഹാദരങ്ങളുടെ പ്രതീകമായി സംഘാടകര്‍ ഒരുക്കിയിരുന്നത്. പത്തുലക്ഷത്തോളം പേരാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്........ മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന ഇരിപ്പിടങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് നിറഞ്ഞത്.....വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിറഞ്ഞതോടെ അങ്ങോട്ടുള്ള പ്രവേശനം അസാധ്യമായിത്തീര്‍ന്നു പിന്നെ ചത്വരത്തിനു ചുറ്റും ചത്വരത്തിലേക്കു നയിക്കുന്ന വിശാലമായ വിയാ ദി കൊണ്‍ചിലിയാസ്യോന‍െ പാതയിലേക്കും നീണ്ടു ജനസമുദ്രം.

പ്രാദേശീക സമയം ഒന്‍പതുമണിയോടെ ജുബീലാത്തേ ദേയോ എന്ന പ്രവേശനഗാനം ആരംഭിച്ചു....... പ്രവേശനഗാനത്തെത്തുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന കരുണക്കൊന്ത ജനങ്ങള്‍ ഭക്തിപൂര്‍വ്വം ചൊല്ലുവാനാരംഭിച്ചു. കരുണക്കൊന്തയുടെ ഓരോ ഭാഗവും ആരംഭിക്കുന്നതിനു മുന്‍പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിവിധ സന്ദര്‍ഭങ്ങളിലായി നല്‍കിയ സന്ദേശ ശകലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിചിന്തനങ്ങള്‍ പോളിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, തമിഴ്, സ്വാഹിലി എന്നീ ഏഴുഭാഷകളിലായിരുന്നു. ദൈവീക കാരുണ്യാപദാനം ആലപിച്ചുകൊണ്ട് കരുണകൊന്ത സമാപിച്ചതോടെ ........നീ പത്രോസാകുന്നു, നീയാകുന്ന പാറമേല്‍ എന്‍റെ സഭ സ്ഥാപിക്കും എന്ന ക്രിസ്തുവചനാധിഷ്ഠതമായ ഗാനം മനോഹരമായി ഗായകസംഘം ആപലിക്കുന്നതിനിടയില്‍ തിരുവസ്ത്രങ്ങളണിഞ്ഞ കാര്‍മ്മീകരും സഹായികളും ബലിവേദിയിലേക്ക് പ്രദിക്ഷിണമായി വന്നുകൊണ്ടിരുന്നു. ഒടുവിലായി പേപ്പല്‍ വാഹനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും. മാര്‍പാപ്പ മുഖ്യകാര്‍മ്മീകത്വം വഹിച്ച ചടങ്ങില്‍ കര്‍ദ്ദിനാള്‍മാരും മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും വൈദീകരുമടങ്ങുന്ന വലിയൊരു സംഘം സഹകാര്‍മ്മീകരുണ്ടായിരുന്നു, മാര്‍പാപ്പ അള്‍ത്താരയ്ക്കു ചുറ്റും ധൂര്‍പാര്‍പ്പണം നടത്തിയശേഷം സാഘോഷ ദിവ്യബലി ആരംഭിച്ചു.

അനുതാപകര്‍മ്മത്തെത്തുടര്‍ന്ന് വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മം ആരംഭിച്ചു.

റോം രൂപതയുടെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമകരണനടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പോസ്റ്റുലേറ്റര്‍ മോണ്‍സിഞ്ഞ്യോര്‍ സ്ലവോമിര്‍ ഓദെര്‍ എന്നിവര്‍ ഒന്നിച്ച് മാര്‍പാപ്പയുടെ പക്കലെത്തി ധന്യനായ ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴത്തപ്പെട്ടവനായി പരസ്യമായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തദനന്തരം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി വായിച്ചു. ജീവചരിത്രപാരായണത്തെത്തുടര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാനോനീക നിയമമനുസരിച്ച് വാഴ്ത്തപ്പെട്ടവന്‍െറ തിരുന്നാള്‍ ആഘോഷിക്കുന്ന സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഇരുപത്തിരണ്ടാം തിയതി തിരുന്നാള്‍ദിനമായിരിക്കുമെന്നും പാപ്പ തദ്ദവസരത്തില്‍ പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തെത്തുടര്‍ന്ന് ബലിവേദിക്കു പിന്നിലായി വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ മുന്‍ഭാഗത്ത് തയ്യാറാക്കപ്പെട്ടിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഒരു വലിയ ഛായാചിത്രം ജനങ്ങളുടെ നിലയ്ക്കാത്ത കയ്യടിക്കിടയില്‍ അനാച്ഛാദം ചെയ്യപ്പെട്ടു. ചുവന്ന തിരുവസ്ത്രങ്ങളണിഞ്ഞ പുഞ്ചിരിക്കുന്ന പാപ്പയുടെ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് അള്‍ത്താരയ്ക്കു സമീപം പ്രത്യേകമായി തയ്യാറാക്കിയിരുന്ന പീഠത്തിനുമേല്‍ പ്രതിഷ്ഠിക്കപ്പെട്ടു.

തുടര്‍ന്ന് കര്‍ദ്ദിനാള്‍ വല്ലീനി മാര്‍പാപ്പയ്ക്ക് കൃതജ്ഞതരേഖപ്പെടുത്തി. അപ്പോഴേക്കും ഗാനസംഘം ഗ്ലോറിയാ ഗാനരൂപത്തില്‍ ആലപിക്കുവാനാരംഭിച്ചിരുന്നു. സമിതി പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ദൈവവചനപ്രഘോഷണകര്‍മ്മത്തിനായി ഏവരും ഇരുന്നു. പോളിഷ് ഭാഷയിലെ ഒന്നാം വായനയെതുടര്‍ന്ന് റോം രൂപതാ ഗായകസംഘം പ്രതിവചന സങ്കീര്‍ത്തനം ലത്തീന്‍ ഭാഷയില്‍ ആലപിച്ചു. രണ്ടാം വായന ആംഗലഭാഷയിലായിരുന്നു. ഹല്ലേലൂയ ഗീതികള്‍ക്കുശേഷം ഡീക്കന്‍ വില്ലൃം ലത്തീന്‍ ഭാഷയില്‍ സുവിശേഷം വായിച്ചു...വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായം പത്തൊന്‍പതു മുതല്‍ മുപ്പത്തിയൊന്നുവരെയുള്ള വാക്യങ്ങളായിരുന്നു വചനഭാഗം. തുടര്‍ന്ന് മാര്‍പാപ്പ സുവിശേഷ സന്ദേശം നല്‍കി.



പ്രിയ സഹോദരീ സഹോദരന്‍മാരെ,

ആറുവര്‍ഷങ്ങ0ള്‍ക്കു മുന്‍പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതസംസക്കാര ശുശ്രൂഷകളില്‍ പങ്കുകൊള്ളാനാണ് നാം ഈ ചത്വരത്തില്‍ ഒന്നുചേര്‍ന്നത്. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ഏറെ ദുഃഖിതരായിരുന്നു അന്നു നാം. അതേ സമയം എന്‍റെ പ്രിയങ്കരനായ മുന്‍ഗാമിയായ അദ്ദേഹത്തിന്‍റെ ജീവിതം മുഴുവനും പ്രത്യേകിച്ച് സഹനത്തില്‍ അദ്ദേഹം നല്‍കിയ സാക്ഷൃത്തിന്‍റെ ഫലമായി അളവില്ലാത്ത കൃപയാണ് റോമിനും ലോകത്തിനു മുഴുവനും ലഭിച്ചത്. അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ പരിമളം നമുക്കനുഭവവേദ്യമായിരുന്നു. ദൈവജനം പലവിധത്തില്‍ അദ്ദേഹത്തോട് വണക്കം പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. അതിനാല്‍, സഭയുടെ കാനോനീകനിയമങ്ങളോടുള്ള പൂര്‍ണ്ണ ആദരവോടെ തന്നെ, അദ്ദേഹത്തിന്‍റെ നാമകരണനടപടികള്‍ എത്രയും വേഗം ആരംഭിക്കുവാന്‍ ഞാനാഗ്രഹിച്ചു. ഇപ്പോള്‍ ആ ദിനം സമാഗതമായിരിക്കുന്നു. ദൈവത്തിനു സംപ്രീതികരമായിരുന്നതിനാല്‍ അത് വളരംവേഗം സമാഗതമായി, ജോണ്‍പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായിരിക്കുന്നു.

ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി റോമിലേക്ക് വന്നെത്തിയിരിക്കുന്ന ഏവര്‍ക്കും കര്‍ദ്ദിനാള്‍മാര്‍ക്കും പൗരസ്ത്യസഭകളിലെ പാത്രീയാര്‍ക്കീസുമാര്‍ക്കും മെത്രാന്‍മാര്‍ക്കും, വൈദീകര്‍ക്കും, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍ക്കും, സ്ഥാനപതിമാര്‍ക്കും പൗരാധികാരികള്‍ക്കും സന്ന്യസ്തര്‍ക്കും അല്‍മായവിശ്വാസികള്‍ക്കും പ്രത്യകം നന്ദിപറഞ്ഞ മാര്‍പാപ്പ ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും ചടങ്ങുകള്‍ കാണുന്നവര്‍ക്കും ശ്രവിക്കുന്നവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഉത്ഥാനകാലത്തിലെ രണ്ടാം ഞായറാഴ്ച ദൈവീക കാരുണ്യത്തിന്‍റെ ദിനമായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നുവെന്ന് അനുസ്മരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെയ് ഒന്നാം തിയതി ഞായറാഴ്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള ദിനമായി തിരഞ്ഞെടുക്കുവാന്‍ നിരവധി കാരണങ്ങളുണ്ടെന്നും പറഞ്ഞു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ ലോകത്തോട് വിടപറഞ്ഞത് ദൈവീക കാരുണ്യത്തിന്‍റെ തിരുന്നാള്‍ ദിനത്തിന്‍റെ തലേനാളായിരുന്നു, കൂടാതെ മരിയന്‍ മാസമായ മെയ് മാസത്തിന്‍റെ പ്രഥമ ദിനം കൂടിയാണ് ഒന്നാം തിയതി. അതിനുപുറമേ, ആരാധനാക്രമപ്രകാരം തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനമാണ് മെയ് ഒന്നാം തിയതി. കാലത്തിലൂടെയും സമയത്തിലൂടെയുമുള്ള നമ്മുടെ തീര്‍ത്ഥാടനത്തില്‍ നമ്മെ സഹായിക്കുകയും പ്രാര്‍ത്ഥനയാല്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്ന വിവിധങ്ങളായ ഘടകങ്ങളാണ് ഇവയെല്ലാം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരുടെയും വിശുദ്ധരുടേയും മധ്യ മറ്റൊരു ആഘോഷം നടക്കുകയാണ് ദൈവം ഏകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്ന നമ്മുടെ കര്‍ത്താവായ ക്രിസ്തുവും ഏകമാണ്. ഈ നിമിഷങ്ങളില്‍ മറ്റേതുനിമിഷത്തേക്കാളുമുപരിയായി നാമും സ്വര്‍ഗ്ഗത്തിലെ ആരാധാനാഘോഷങ്ങളില്‍ പങ്കുചേരുകയാണ്.,

കാണാതെ വിശ്വസിക്കുന്നവര്‍ അനുഗ്രഹീതര്‍ എന്ന് സുവിശേഷത്തില്‍ ക്രിസ്തു പ്രഘോഷിക്കുന്നു. വിശ്വാസമാകുന്ന സുവിശേഷ ഭാഗ്യത്തെക്കുറിച്ചാണ് ക്രിസ്തു ഇവിടെ പ്രഘോഷിക്കുന്നത്. വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങിനായി ഇവിടെ ഒന്നുചേര്‍ന്നിരിക്കുന്ന നമ്മ‍െ സംബന്ധിച്ച് ഇത് കൂടുതല്‍ സ്പര്‍ശനീയമാണ്. തന്‍റെ സഹോദരരെ വിശ്വാസത്തില്‍ സ്ഥിരീകരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട പത്രോസിന്‍റെ പിന്‍ഗാമിയായ ഒരു മാര്‍പാപ്പയെയാണ് ഈ ചടങ്ങളില്‍ നാം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്‍റെ ഉദാരവും ശക്തവും അപ്പസ്തോലീകവുമായ വിശ്വാസത്താല്‍ വാഴ്ത്തപ്പെട്ടവനാണ്. മറ്റൊരു സുവിശേഷ ഭാഗ്യത്തെക്കുറിച്ചും ഇവിടെ നമുക്കനുസ്മരിക്കാം. “യോനായുടെ പുത്രനായ ശിമയോനെ, നീ നീ ഭാഗ്യവാന്‍, മാംസ രക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തി തന്നത് ”. കര്‍ത്താവായ ക്രിസ്തു ദൈവത്തിന്‍റെ പുത്രനാണെന്നാണ് പിതാവ് ശിമയോനു വെളിപ്പെടുത്തിക്കൊടുത്തത്. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്ന ക്രിസ്തുവചനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നിത്യസൗഭാഗ്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ സുവിശേഷഭാഗ്യമാണ് ക്രിസ്തുവിന്‍റെ സഭയ്ക്കുവേണ്ടി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പിതാവായ ദൈവത്തില്‍ നിന്നും സ്വീകരിച്ചത്.

സുവിശേഷത്തില്‍ മറ്റാരേക്കാളും ദൃശ്യമായ മറ്റൊരു അനുഗ്രഹീത വ്യക്തിയെ നാം കാണുന്നുണ്ട്. “കര്‍ത്താവ് അരുള്‍ച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” എന്ന് കര്‍ത്താവിനെ ഗര്‍ഭംധരിച്ച മറിയത്തോട് വിശുദ്ധ എലിസബത്ത് ഘോഷിക്കുന്നു. വിശ്വാസമെന്ന പുണ്യത്തിന്‍റെ മകുടോദാഹരണമായ പരിശുദ്ധ കന്യകാ മറിയത്തിനു സമര്‍പ്പിച്ചിരിക്കുന്ന മാസത്തിന്‍റെ പ്രഥമ ദിനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതില്‍ നമുക്കാനന്ദിക്കാം.

രണ്ടാം വായനയിലും വിശ്വാസത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ആത്മീയ ഉത്സാഹത്തോടെ വിശുദ്ധ പത്രോസ് അപ്പസ്തോലന്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചവരെ അവരുടെ പ്രത്യാശയുടേയും ആനന്ദത്തിന്‍റെയും കാരണത്തേക്കുറിച്ചു പറയുന്നുണ്ട്. അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു, ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വാസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്‍റെ ഫലമായി ആത്മാവിന്‍റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്‍റെ വാതില്‍ തുറക്കുന്ന യാഥാര്‍ത്ഥ്യമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം.

ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പയുടെ വ്യക്തിത്വത്തെക്കുറിച്ചാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുടര്‍ന്നു സംസാരിച്ചത്.

പ്രിയ സഹോദരീ സഹോദരന്‍മാരേ,

ഉത്ഥിതനായ ക്രിസ്തുവിന്‍റെ ആത്മീയപ്രകാശത്തില്‍ നമ്മുടെ പ്രിയപ്പെട്ടവനും ആദരണീയനുമായ ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പയെ നാം ദര്‍ശിക്കുകയാണ്. സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുടേയും വാഴ്ത്തപ്പെട്ടവരുടേയും മധ്യേ ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പയുടെ പേരും എഴുതപ്പെട്ടിരിക്കുകയാണ്. രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസ് പ്രമാണരേഖയായ “തിരുസ്സഭ” പഠിപ്പിക്കുന്ന ക്രൈസ്തവ ജീവിതത്തിന്‍റെ ഉത്തുംഗമായ വിശുദ്ധിയിലേക്കുള്ള സാര്‍വ്വത്രീക വിളി ശക്തമായി ഊന്നിപറഞ്ഞ വ്യക്തിയായിരുന്നു ഇരുപത്തിയേഴുവര്‍ഷക്കാലത്തെ പൊന്തിഫിക്കേറ്റില്‍ ഏറ്റവും അധികം വിശുദ്ധരേയും വാഴ്ത്തപ്പെട്ടവരെയും പ്രഖ്യാപിച്ച അദ്ദേഹം.

ദൈവജനമായ നാമെല്ലാവരും മെത്രാന്‍മാരും വൈദീകരും സമര്‍പ്പിതരും അല്‍മായരുമെല്ലാം നമ്മുടെ സ്വര്‍ഗ്ഗീയഭവനത്തിലേക്കുള്ള തീര്‍ത്ഥയാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്രാക്കോവിലെ സഹായമെത്രാന്‍ എന്നനിലയില്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് തുടക്കം മുതല്‍ അവസാനം വരെ പങ്കെടുത്ത ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പ തിരുസ്സഭയെക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റൂഷന്‍റെ അവസാന അദ്ധ്യായം പൂര്‍ണ്ണമായും പരിശുദ്ധ മറിയത്തിനുവേണ്ടി സമര്‍പ്പിക്കുന്നത് സഭമുഴുവനും എല്ലാക്രൈസ്തവര്‍ക്കും വിശുദ്ധിയുടെ പ്രതീകവും മാതൃകയുമാണ് രക്ഷകന്‍റെ മാതാവായ മറിയം എന്നതുകൊണ്ടാണ് എന്ന് നന്നായി മനസിലാക്കിയിരുന്നു. യുവാവായിരിക്കുമ്പോള്‍ ഈ രഹസ്യം തിരിച്ചറിഞ്ഞ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റ‍െ ജീവിതത്തിലുടനീളം അത് ഗാഢമായി വളര്‍ത്തിക്കൊണ്ടു വന്നു. അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതുമുതല്‍ പരിശുദ്ധ മറിയത്തെ പ്രതിനിധീകരിച്ചുകൊണ്ട് “എം” എന്ന അക്ഷരം തന്‍റെ ഔദ്യോഗിക ചിഹ്നത്തില്‍ മുദ്രണം ചെയ്തിരുന്നു. മൊന്തേ ഫോര്‍ത്തേയിലെ വിശുദ്ധ ലൂയീ മരിയയുടെ പ്രാര്‍ത്ഥനയില്‍ നിന്നാണ് ഞാന്‍ പൂര്‍ണ്ണമായും അങ്ങയുടേതാണ് എന്‍റെ എല്ലാമായി ഞാനങ്ങയെ സ്വീകരിച്ചിരിക്കുന്നു എന്ന തന്‍റെ സൂക്തവാക്യം അദ്ദേഹം സ്വീകരിച്ചത്.

തന്‍റെ മരണപത്രത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പ എഴുതി 1978 ഒക്ടോബര്‍ പതിനാറാം തിയതി കര്‍ദ്ദിനാള്‍മാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പയെ തിരഞ്ഞെടുത്തതിനുശേഷം പോളണ്ടിലെ പ്രൈമേറ്റ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ വിസ്നിസ്ക്കി എന്നോടു പറഞ്ഞു “ സഭയെ മൂന്നാം സഹസ്രാബ്ദത്തിലേക്കു നയിക്കുകയാണ് പുതിയ മാര്‍പാപ്പയുടെ ദൗത്യമെന്ന്” “രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസിനെ പ്രതി പരിശുദ്ധാത്മാവിന് ഞാന്‍ നന്ദി പറയുകയാണ്, സൂന്നഹദ്ദോസിനോട് സഭമുഴുവനുമെന്നപോലെ ഞാനും അത്യധികം കടപ്പെട്ടവനാണ്. ഇരുപതാം നൂറ്റാണ്ട് നമുക്കു നല്‍കിയ ഈ വലിയ നിധി വരും തലമുറകള്‍ക്കും വേണ്ടിയുള്ളതാണെന്ന് എനിക്കുറപ്പുണ്ട്” തന്നെ പ്രത്യേകമായ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുത്ത നിത്യ ഇടയനോട് മരണപത്രത്തില്‍ പ്രത്യേകം നന്ദി പറയുന്ന ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പ എന്തായിരുന്നു ആ ലക്ഷൃമെന്ന് തന്‍റെ പ്രഥമ പ്രഭാഷണത്തില്‍ പറയുന്നുണ്ടെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശദീകരിച്ചു. “ഭയപ്പെടേണ്ട, തുറക്കുവിന്‍, ക്രിസ്തുവിനായി വാതിലുകള്‍ തുറക്കുവിന്‍”. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പാപ്പയുടെ ഈ വാക്കുകള്‍ പ്രാവര്‍ത്തീകമാക്കുന്നതിനും അദ്ദേഹം മുന്‍പന്തിയിലായിരുന്നുവെന്നും പാപ്പ അനുസ്മരിച്ചു. സമൂഹം, സംസ്ക്കാരം, രാഷ്ട്രീയം, സാമ്പത്തീക വ്യവസ്ഥികള്‍ അങ്ങനെ എല്ലാം അദ്ദേഹം ക്രിസ്തുവിനായി തുറന്നു. ദൈവത്തില്‍ നിന്നു ലഭിച്ച വലിയ ശക്തിയോടെയാണ് അദ്ദേഹം അതുചെയ്തത്. ക്രൈസ്തവരെന്നു വിളിക്കപ്പെടുന്നതില്‍ ഭയപ്പെടരുതെന്ന് പോളണ്ടിന്‍റെ പുത്രന്‍ ലോകത്തെ പഠിപ്പിച്ചു. ഒരു വാക്യത്തില്‍ പറഞ്ഞാല്‍ സത്യത്തെ ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. കാരണം സ്വാതന്ത്ര്യത്തിന്‍റെ ഉറപ്പാണ് സത്യം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മനുഷ്യ രക്ഷകനായ ക്രിസ്തുവില്‍ വിശ്വസിക്കുവാനുള്ള കരുത്ത് അദേഹം നമുക്കു നല്‍കി.

കരോള്‍ വോയ്റ്റീവ പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാര്‍ക്സിസവും ക്രൈസ്തവവിശ്വാസവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ആഴമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവ രണ്ടും മനുഷ്യനെ എങ്ങനെയാണ് കാണുന്നത് എന്നതിന്‍റെ വെളിച്ചത്തിലാണ് അവയുടെ വ്യത്യാസം അദ്ദേഹം മനസിലാക്കിയിരുന്നത്. അദ്ദേഹത്തിന്‍റെ സന്ദേശം ഇതായിരുന്നു. സഭയുടെ മാര്‍ഗ്ഗം മനുഷ്യനാണ് മനുഷ്യന്‍റെ മാര്‍ഗ്ഗമാകട്ടെ ക്രിസ്തുവും. ഈ സന്ദേശത്തിലൂടെ സഭയെ പ്രത്യാശയുടെ സ്പന്ദനത്തിലേക്ക് അദ്ദേഹം നയിച്ചു. ക്രൈസ്തവ മതത്തെ പ്രത്യാശയുടെ മതമായി അദ്ദേഹം പുനരുത്ഥരിച്ചു. മാര്‍ക്സിസവും പുരോഗമന പ്രത്യയശാസ്ത്രങ്ങളും തകര്‍ത്തുകൊണ്ടിരിക്കുന്ന പ്രത്യാശയുടെ സ്പന്ദനം അദ്ദേഹം ക്രൈസ്തവീകയ്ക്കുവേണ്ടി വീണ്ടെടുത്തു. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ തീവ്രാഭിലാഷം ക്രിസ്തുവിനോടുള്ള വ്യക്തിപരവും കൂട്ടായ്മയുടേയുമായ അസ്തിത്വത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.

ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പയോട് തനിക്കുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചു പ്രഭാഷണത്തിന്‍റെ അവസാന ഭാഗത്ത് പരാമര്‍ശിച്ച മാര്‍പാപ്പ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തോട് തനിക്കുണ്ടായിരുന്ന മതിപ്പും ആദരവും അദ്ദേഹത്തോടൊത്ത് പ്രവര്‍ത്തിക്കാനാംരംഭിച്ചതോടെ പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഏത്രമാത്രം തിരക്കുണ്ടെങ്കിലും ഗാഢമായ പ്രാര്‍ത്ഥനയില്‍ മുഴുകുമായിരുന്ന അദ്ദേഹത്തിന്‍റെ ആത്മീയതയും സഹനത്തില്‍ പോലും അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസ ദൃഢതയും തന്നെ വളരെയേറെ സ്പര്‍ശിച്ചിരുന്നുവെന്നു പറഞ്ഞ പാപ്പ അദ്ദേഹത്തിന്‍റെ എളിമയാണ് ശാരീരശക്തി ക്ഷയിച്ചസമയത്തുപോലും സഭയെ മുന്നോട്ടു നയിക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചതെന്നും പ്രസ്താവിച്ചു. പ്രിയപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പാ, വിശ്വസിച്ചതിനാല്‍ അങ്ങ് വാഴ്ത്തപ്പെട്ടവനായിരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് ദൈവജനത്തിന്‍റെ വിശ്വാസം ബലപ്പെടുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

വചനപ്രഘോഷണത്തെത്തുടര്‍ന്ന് വിശ്വാസപ്രമാണം ഏവരും ഏറ്റുചൊല്ലി. സ്പാനിഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍, ഇംഗ്ലീഷ് എന്നീ അഞ്ചുഭാഷകളിലായിരുന്നു വിശ്വാസികളുടെ പ്രാര്‍ത്ഥന. തുടര്‍ന്ന് കാഴ്ചവെയ്പ്പോടെ ദിവ്യകാരുണ്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം നല്‍കുന്നതിന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മാത്രം അഞ്ഞൂറോളം വൈദീകരുണ്ടായിരുന്നു, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം സമാപിച്ച് ഏതാനും നിമിഷത്തെ നിശബ്ദതയ്ക്കുശേഷം മാര്‍പാപ്പ ദിവ്യഭോജന പ്രാര്‍ത്ഥന ആരംഭിച്ചു. തുടര്‍ന്ന് സ്വര്‍ലോകറാണി എന്ന പരമ്പരാഗതഗാനം ഗായകസംഘം ആപലിച്ചതിനുശേഷം ചടങ്ങില്‍ സംബന്ധിക്കാനെത്തിയവരെ വിവിധഭാഷകളില്‍ അഭിവാദ്യം ചെയ്ത മാര്‍പാപ്പ സ്വസ്തീ സ്വര്‍ലോകറാണി എന്ന പ്രാര്‍ത്ഥന ആരംഭിച്ചു. പ്രാര്‍ത്ഥനയ്ക്കൊടുവില്‍ മാര്‍പാപ്പ അപ്പസ്തോലീകാശീര്‍വാദം നല്‍കി.

സമാപനഗാനമായി ആലപിക്കപ്പെട്ടത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയുര്‍ത്തുന്നതോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ ഗാനമാണ്.





RealAudioMP3 :







All the contents on this site are copyrighted ©.