2011-04-27 19:01:29

മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം
നാണയവും സ്റ്റാമ്പും


27 ഏപ്രില്‍ 2011
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം ഇറ്റാലിയന്‍ ഗവണ്‍മെന്‍റും വത്തിക്കാനും സംയുക്തമായി സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കുന്നു. ഇറ്റലിയുടെ നാണയ–സ്റ്റാമ്പ് ശാസ്ത്ര വിഭാഗവും വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റും സംയുക്തമായിട്ടാണ് ഏപ്രില്‍ 29-ാം തിയതി വെള്ളിയാഴ്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരിലുള്ള സ്മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കുന്നതെന്ന് വത്തിക്കാനുവേണ്ടി, റോമാ രൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി മാധ്യമങ്ങളെ അറിയിച്ചു. സ്വര്‍ണ്ണം, വെള്ളി, പിത്തള എന്നീ ലോഹങ്ങളിലുള്ള നാണയങ്ങളുടെ ആദ്യ പുറത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവന്‍ എന്ന ഉല്ലേഖനവും പാപ്പായുടെ മുഖഛായയുമാണ് പതിച്ചിരിക്കുന്നത്. മറുപുറത്ത് സ്ഥാനികചിഹ്നവും ‘എല്ലാമങ്ങേയ്ക്ക്’ totus tuus എന്ന പാപ്പായുടെ പ്രശസ്തമായ മേരിയന്‍ സമര്‍പ്പണ വാക്യവുമാണ്. കരങ്ങുളയര്‍ത്തി ആശിര്‍വ്വദിക്കുന്ന മാര്‍പാപ്പയുടെ ബഹുവര്‍ണ്ണ ഛായാചിത്രവും, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍, മെയ് 1, 2011 എന്ന ലിഖിതവുമാണ് തപാല്‍ സ്റ്റാമ്പില്‍ മുദ്രണംചെയ്തിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വല്ലീനി മാധ്യമങ്ങളെ അറിയിച്ചു. ഇറ്റലിയിലെ എല്ലാ പോസ്റ്റോഫീസുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രകാശനദിനമായ മെയ് 29-മുതല്‍ സ്റ്റാമ്പുകളും നാണയങ്ങളും ലഭ്യമാക്കുമെന്നും വത്തിക്കാനുവേണ്ടി കര്‍ദ്ദിനാള്‍ വല്ലീനി അറിയിച്ചു. പാപ്പായ്ക്കു നല്കുന്ന ആദരവിനോടൊപ്പം, വാഴ്ത്തപ്പെട്ട പദപ്രഖ്യാപന സംഭവത്തിന്‍റെ മഹത്തായ ഓര്‍മ്മകൂടിയായിരിക്കും നാണയവും സ്റ്റാമ്പുമെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.