2011-04-27 18:53:29

ജോണ്‍ പോള്‍ രണ്ടാമന്‍റെ
തിരുശേഷിപ്പ് പൊതുവണക്കത്തിന്


27 ഏപ്രില്‍ 2011, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനച്ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പൊതുവണക്കത്തിന് ലഭ്യമാക്കും. മെയ് 1-ാം തിയതി വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന ചടങ്ങില്‍ പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തമാണ് പൊതുവണക്കത്തിനുള്ള തിരുശേഷിപ്പായി പരിശുദ്ധ സിംഹാസനത്തിന്‍റെ ആരാധനക്രമത്തിനായുള്ള ഓഫീസ് സജ്ജമാക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിച്ച് വെളിപ്പെടുത്തി. ജോണ്‍ പോള്‍ രണ്ടാമന്‍റെ ജീവിതാന്ത്യത്തില്‍ ആരോഗ്യനില മെച്ചപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ട രക്തസംക്രമണത്തിനുള്ള blood transfusion ഒരുക്കമായി നാലു ചെറുകുപ്പികളില്‍ മാതൃകയായി ശേഖരിക്കപ്പെട്ട രക്തമാണ് തിരുശേഷിപ്പായി വത്തിക്കാന്‍ അംഗീകരിച്ചത്. മാര്‍പാപ്പയെ പരിചരിച്ചിരുന്ന റോമിലെ ജേസൂ ബംബീനോ Gesu Bambino ആശുപത്രിയിലെ ഡോക്ടര്‍ ഐസക്കാണ് രക്തസംക്രമണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതും പാപ്പായുടെ ശരീരത്തില്‍നിന്നും രക്തത്തിന്‍റെ സാമ്പിള്‍ നാലു ചെറികുപ്പികളില്‍ ശേഖരിച്ചതുമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
രക്തസംക്രമണം നടത്തുന്നതിനു മുമ്പേ മാര്‍പാപ്പ മരണമടഞ്ഞു. പാപ്പായുടെ മരണശേഷം Gesu Bambino ആശുപത്രിയിലെ അധികൃതരുടെ സംരക്ഷണയിലായിരുന്നു ഇന്ന് തിരുശേഷിപ്പായി മാറുന്ന രക്തശേഖരം. വൈദ്യപരിശോധനയ്ക്ക് ഉപയുക്തമാകാന്‍ ശാസ്ത്രീയമായ രീതിയില്‍ കട്ടയാകാതെ ശേഖരിച്ച രക്തം ഇന്നും സജീവവും ദ്രാവകരൂപത്തിലുമാണെന്ന് ആശുപത്രിയില്‍ ഇന്നും ജോലിചെയ്യുന്ന ഡോക്ടര്‍ ഐസക്ക് സാക്ഷൃപ്പെടുത്തി. മെയ് ഒന്നാം തിയതി വത്തിക്കാനില്‍ ആഘോഷിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങിലെ ദിവ്യബലിയുടെ സ്തോത്രയാഗകര്‍മ്മത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പൂജ്യമായ രക്തശേഖരം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് ജേസൂ ബംബീനോ ആശുപത്രിയിലെ അധികൃതര്‍ സമര്‍പ്പിക്കുമെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.