2011-04-25 10:51:39

ലോകത്തിന്‍റെ നീതിക്കും സമാധാനത്തിനുംവേണ്ടി
ക്രിസ്തു ഉത്ഥാനംചെയ്തു
മാര്‍പാപ്പയുടെ Urbi et Orbi സന്ദേശം


24 ഏപ്രില്‍ 2011 വത്തിക്കാന്‍

പ്രിയ സഹോദരീ സഹോദരന്മാരേ,
ഏവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്‍റെ ആശംസകള്‍!
ക്രിസ്തു ഉത്ഥാനംചെയ്തു. കഴിഞ്ഞുപോയതെങ്കിലും നവമായ ചൈതന്യവും ഉന്മേഷവുമാണ് ഈസ്റ്റര്‍ നമുക്കു തരുന്നത്: രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ജെരൂസലേമില്‍ ഉയര്‍ന്ന ആ നവചൈതന്യം, യേശുവിന്‍റെ അമ്മായായ മറിയത്തിന്‍റെയും, മഗ്ദലന മറിയത്തിന്‍റെയും, ശൂന്യമായ കല്ലറ ദര്‍ശിച്ച മറ്റു സ്ത്രീകളുടെയും, പത്രോസ്ലീഹായുടെയും ഇതര അപ്പസ്തോലന്മാരുടെയും തെളിഞ്ഞുനിന്ന വിശ്വാസത്തില്‍നിന്നും ഉതിര്‍ക്കൊണ്ടതാണ്. ആ ചൈതന്യധാര, ഇന്നും സഭയില്‍ മാറ്റൊലിക്കൊള്ളുന്നു. ആധുനിക വിവരസാങ്കേതികത ഇത്രയേറെ വളര്‍ന്ന ഇക്കാലഘട്ടത്തിലും, ക്രൈസ്തവരുടെ വിശ്വാസം, അവിടുത്തെ ശൂന്യമായ കല്ലറ ആദ്യം ദര്‍ശിച്ച സ്ത്രീകളിലും, ‘ക്രൂശിതനായ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു’ എന്നാദ്യം പ്രഘോഷിക്കുകയുംചെയ്ത അഞ്ജേയരായ വ്യക്തികളിലും ഉത്ഥിതനെ ദര്‍ശിച്ച അപ്പസ്തോലന്മാരിലും അധിഷ്ഠിതമാണ്. കര്‍ത്താവും നാഥനുമായ ക്രിസ്തു സജീവവും യാഥാര്‍ത്ഥ്യവുമായ വിധത്തില്‍ ആദ്യം മഗ്ദലയിലെ മറിയത്തിനും, പിന്നീട് എമാവൂസിലേയ്ക്ക് ഒളിച്ചോടിപ്പോയ രണ്ടു ശിഷ്യന്മാര്‍ക്കും, അവസാനമായി ശിഹിയോന്‍ ഊട്ടുശാലയില്‍ കൂടിയിരുന്ന പതിനൊന്നു പേര്‍ക്കും പ്രത്യക്ഷപ്പെട്ടു (മാര്‍ക്കോസ് 16, 9-14). ക്രിസ്തുവിന്‍റെ ഉത്ഥാനം ഊഹാപോഹമോ, രഹസ്യാത്മകമായ ഒരനുഭവമോ അല്ല. ഒരു കാലസന്ധിയില്‍ സംഭവിച്ചതും, അതിന്‍റെ മായാത്ത മുദ്ര ചരിത്രത്തില്‍ പതിപ്പിക്കുകയുംചെയ്ത, കാലാതീതമായ സത്യമാണ്. കല്ലറയ്ക്ക് കാവലിരുന്ന കാവല്‍ക്കാരെ അമ്പരിപ്പിച്ച ഉത്ഥാനപ്രഭ സ്ഥലകാല സീമകളെ അതിലംഘിച്ചിരിക്കുന്നു. മരണത്തിന്‍റെ താഴ്വാരങ്ങളെ അതിജീവിച്ച് സത്യത്തിന്‍റെയും നന്മയുടെയും പുതുജീവന്‍ പൂങ്കതിരണിയിച്ച ദൈവികപ്രഭ ഇന്നും ലോകത്ത് പ്രസരിക്കുന്നു.

വസന്തകാല സൂര്യനില്‍ പ്രകൃതി തളിര്‍ത്ത് ഉണരുന്നതുപോലെ ക്രിസ്തുവിന്‍റെ പുനരുത്ഥാനപ്രഭ മനുഷ്യന്‍റെ ആശകള്‍ക്കും പ്രത്യാശക്കും ഉണര്‍വ്വും ഓജസ്സും പകരുന്നു. ഈ വസന്ത മാധുരിയില്‍ മനുഷ്യകുലം ലയിച്ച്, പ്രകൃതിയുടെ മൗനാലാപനത്തിന് നാദംപകര്‍ന്നുകൊണ്ട്, പ്രപഞ്ചം മുഴുവനും ക്രിസ്തുവിന്‍റെ പുനരുത്ഥാനം പ്രഘോഷിക്കുന്നു. ഈസ്റ്ററിന്‍റെ ഹാല്ലേലൂയാ പ്രഘോഷണത്തിലൂടെ തീര്‍ത്ഥാടക സഭ, ദൈവത്തിന്‍റെ അനന്തമായ നന്മയ്ക്കും, സത്യത്തിനും സൗന്ദര്യത്തിനും നന്ദിപറയുന്ന ഈ പ്രപഞ്ചത്തിന്‍റെയും ഓരോ മനുഷ്യന്‍റെയും കൃതഞ്ജതയുടെ മൗനഗീതം ഏറ്റുപാടുകയാണ്.

ക്രിസ്തുവേ, അങ്ങെ തിരുവുത്ഥാനത്തില്‍ സ്വര്‍ഗ്ഗവും ഭൂമിയും ആഹ്ലാദിക്കട്ടെ, എന്ന സഭയുടെ പ്രഘോഷണത്തോട്, ഭൂവാസികള്‍ക്കൊപ്പം സകല മാലാഖമാരും, വിശുദ്ധരും, വാഴ്ത്തപ്പെട്ടവരും ഒത്തുചേരുന്നു.
സ്വര്‍ഗ്ഗത്തില്‍ പരമമായ ശാന്തിയും സന്തോഷവുമാണെങ്കില്‍, ഭൂമിയില്‍ അത് അന്യമായിരിക്കുന്നു. പകരം വിശപ്പിന്‍റെയും വേദനയുടെയും, അനീതിയുടെയും അധിക്രമത്തിന്‍റെയും, യുദ്ധത്തിന്‍റെയും സാമൂഹ്യകലാപങ്ങളുടെയും വേദനാജനകമായ സാഹചര്യങ്ങളില്‍നിന്നുയരുന്ന രോദനമാണു നാം കേള്‍ക്കുന്നത്. ലോകത്തിന്‍റെ അധര്‍മ്മങ്ങള്‍ക്കു പരിഹാരമായിട്ടാണ് ക്രിസ്തു മരിച്ചത്. നമ്മുടെയും ലോകത്തിന്‍റെയും പാപങ്ങള്‍ക്കു പരിഹാരമായിട്ടും, രക്ഷയ്ക്കും വേണ്ടിയാണ് അവിടുന്ന് കുരിശില്‍ മരിച്ചതും ഉത്ഥാനംചെയ്തതും. അതിനാല്‍ ഈ വാക്കുകള്‍ ഒരു പ്രവാചക ശബ്ദംപോലെ ഏവര്‍ക്കുമുള്ളതാണ്. വിവിധ തരത്തിലുള്ള വേദനകളില്‍ അകപ്പെട്ട ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും, ഉത്ഥിതനായ ക്രിസ്തു യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും പാത തുറക്കട്ടെ എന്നാശംസിക്കുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയാല്‍ ആദ്യം പ്രകാശിതമായ നാട്ടില്‍, വിശുദ്ധനാട്ടില്‍, സന്തോഷമുണ്ടവട്ടെ. ക്രിസ്തു സാന്നിദ്ധ്യത്താല്‍ മദ്ധ്യപൂര്‍വ്വദേശത്തെ ഭിന്നിപ്പിന്‍റെയും പകയുടെയും ആധിക്രമത്തിന്‍റെയും
ഇരുള്‍ നീങ്ങി സമാധാനത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും വെളിച്ചം വീശട്ടെ.

ലിബിയായില്‍ അധിക്രമങ്ങളുടെയും ആയുധങ്ങളുടെയും സ്ഥാനത്ത് നയതന്ത്രപരമായ സംവാദത്തിലൂടെ വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ട സഹായവും സമാശ്വാസവും ലഭിക്കുമാറാവട്ടെ. വടക്കെ ആഫ്രിക്കയിലും മദ്ധ്യപൂര്‍വ്വദേശങ്ങളിലും എല്ലാ പൗരന്മാരും, വിശിഷ്യാ യുവാക്കള്‍, സമൂഹത്തിന്‍റെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കട്ടെ. അതുവഴി ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനംചെയ്യുപ്പെടുന്നതും,
അവരുടെ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നതുമായ വിധത്തിലുള്ള രാഷ്ട്രീയ തിരെഞ്ഞെടുപ്പുകള്‍ യാഥാര്‍ത്ഥ്യമാകുവാനും ഇടയാവട്ടെ. വിവിധ കാരണങ്ങളാല്‍ ആഫ്രിക്കന്‍ നാടുകളില്‍നിന്ന് പലായനംചെയ്യാനും, നാടുംവീടും വിട്ട് ഇറങ്ങിപ്പുറപ്പെടാനും ഇടയായ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. സന്മനസ്സുള്ളവര്‍ അവരെ വിശാലഹൃദയത്തോടെ സ്വീകരിക്കുന്നതുവഴി, സഹിഷ്ണുതയുടെ പാതയില്‍ അവരുടെ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിതമാവട്ടെ. ഈ മേഖലയില്‍ ഔദാര്യത്തോടും വിശാല ഹൃദയത്തോടുംകൂടെ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്യുന്നവരുടെ മാതൃകാപരമായ സാക്ഷൃത്തെ ആഭിനന്ദിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നു.

അടുത്ത കാലത്തുണ്ടായ രാഷ്ടീയാധിക്രമങ്ങളാല്‍ വേദനിക്കുന്ന ഐവറി കോസ്റ്റിലെ ജനങ്ങള്‍ക്ക് ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും അടിയന്തിരമായ മാര്‍ഗ്ഗങ്ങളിലൂടെ സമാധാനവും സൗഖ്യവും സംലബ്ധമാവട്ടെ.
ഭൂകമ്പത്തിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ജപ്പാനിലെ ജനങ്ങള്‍ക്കും, പ്രകൃതി ക്ഷോഭത്തിന്‍റെ കെടുതികളില്‍ പരീക്ഷിക്കപ്പെട്ട
ഇതര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും സമാശ്വാസവും പ്രത്യാശയും ലഭിക്കട്ടെ.
ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി നിന്ദനങ്ങളും പീഡനങ്ങളും അനുനുഭവിക്കുന്നവരുടെ ജീവിതസാക്ഷൃത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും ആനന്ദിക്കട്ടെ. ഉത്ഥാനത്തിന്‍റെ വിജയഭേരി അവരുടെ വിശ്വാസത്തെയും ധീരതയെയും ബലപ്പെടുത്തട്ടെ.
നാമെല്ലാവരും ഒരു കുടുംബത്തിലെ പിതാവിന്‍റെ മക്കളായി ഒരുനാള്‍ ഒന്നുചേരുന്ന, പുതിയ ആകാശത്തിലേയ്ക്കും പുതിയ ഭൂമിയിലേയ്ക്കും ഉത്ഥിതനായ ക്രിസ്തു നമുക്കുമുന്നേ യാത്രയായിട്ടുണ്ട് (വെളിപാട് 21, 1). യുഗാന്ത്യംവരെ അവിടുന്ന് നമ്മോടൊപ്പമുണ്ട്. ഈ മുറിപ്പെട്ട ലോകത്ത് ഉത്ഥാനഗീതി ആലപിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ ചുവടുപിടിച്ച് പതറാതെ നമുക്കു മുന്നോട്ടു ചരിക്കാം. മുഖത്തെ പുഞ്ചിരിയും കണ്ണീരുംപോലെ, മനുഷ്യഹൃദയങ്ങളില്‍ സുഖ-ദുഃഖങ്ങള്‍ സമ്മിശ്രിതമാണ്. ഈ ലോക ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യമാണിത്. ഉത്ഥിതനായ ക്രിസ്തു ഇന്നും ജീവിക്കുന്നെന്നും അവിടുന്ന് നമ്മോടൊത്തു നടക്കുന്നെന്നുമുള്ള ബോദ്ധ്യത്തില്‍, അനുദിന ജീവിത ക്ലേശങ്ങള്‍ പേറിക്കൊണ്ട്, ക്രിസ്തു-സ്നേഹത്തിന്‍റെ ഗീതികളാലപിച്ചുകൊണ്ട് സ്വര്‍ഗ്ഗോന്മുഖരായി നീങ്ങാം.
ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍.
+ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ







All the contents on this site are copyrighted ©.