2011-04-21 18:56:17

ക്രൈസ്തവരെന്ന് വിളിക്കപ്പെടുന്നവര്‍
ക്രൈസ്തവരായി ജീവിക്കണം
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


21 ഏപ്രില്‍ 2011 വത്തിക്കാന്‍
പെസഹാ വ്യാഴാഴ്ചയിലെ തൈലാഭിഷേകപൂജയുടെ കേന്ദ്രഭാഗത്ത് വിശുദ്ധ തൈലങ്ങളുടെ ആശിര്‍വ്വാദമാണ് മുഖ്യമായും നടത്തപ്പെടുന്നത്. മൂന്നു തരത്തിലുള്ള തൈലങ്ങളാണ് ആശിര്‍വ്വദിക്കപ്പെടുന്നത്. ജ്ഞാനസ്നാനതൈലം, രോഗീലേപനതൈലം, പൗരോഹിത്യ-മെത്രാഭിഷേകങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഭിഷേചനതൈലം എന്നിവയാണ് അവ. ദൈവ-മനുഷ്യ ഐക്യമാണ് കൂദാശാകര്‍മ്മളിലെ പ്രകൃതിവസ്തുക്കളുടെ സാന്നിദ്ധ്യം പ്രകടമാകുന്നത്. മനുഷന്‍റെ ആത്മ-ശരീരങ്ങളെ പൂര്‍ണ്ണമായി ആശ്ലേഷിക്കുന്ന വിശ്വാസത്തിന്‍റെ മൂര്‍ത്തഭാവമാണ് ക്രൈസ്തവ കൂദാശകള്‍. വിശുദ്ധ കുര്‍ബ്ബാനയിലെ അപ്പവും വീഞ്ഞും ഭൂമിയുടെയും മനുഷ്യപ്രയത്നത്തിന്‍റെയും പ്രതീകമാണ്. കര്‍ത്താവ് അവയെ തന്‍റെ നിത്യസാന്നിദ്ധ്യത്തിന്‍റെ അച്ചാരമായി തിരഞ്ഞെടുത്തിരിക്കുന്നു.
തൈലം പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണ്, ഒപ്പം ക്രിസ്തുവിന്‍റെയും. കാരണം ക്രിസ്തു അല്ലെങ്കില്‍ മിശിഹാ (Messiah) എന്ന ഹെബ്രായ വാക്കിനര്‍ത്ഥം അഭിഷിക്തന്‍ എന്നാണ്. ക്രിസ്തുവിന്‍റെ അഭിഷിക്തമായ മനുഷ്യത്വം, പിതാവും പുത്രനുമായി ഐക്യപ്പെട്ട് പരിശുദ്ധാത്മാവിലുള്ള കൂട്ടായ്മയില്‍ അന്യൂനമായ വിധത്തില്‍ ഒന്നായിരിക്കുന്നു. പഴയനിയമത്തിലെ രാജാക്കന്മാരും പുരോഹിതന്മാരുമെല്ലാം തൈലാഭിഷിക്തരായിട്ടാണ് ശുശ്രൂഷകളില്‍ പ്രവേശിക്കുന്നത്. ക്രിസ്തുവാകട്ടെ ഇതിന്‍റെയെല്ലാം പൂര്‍ണ്ണിമയില്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതനായി രാജാവും പുരോഹിതനുമായി അഭിഷിക്തനാക്കപ്പെട്ടു. മനുഷ്യന്‍ എത്രത്തോളം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നുവോ, അത്രത്തോളം അവിടുത്തെ അരൂപിയാല്‍, പരിശുദ്ധാത്മാവിനാല്‍ പൂരിതരായിത്തീരുന്നു. ക്രൈസ്തവരെന്നു വിളിക്കപ്പെടുമ്പോള്‍ നാം ക്രിസ്തുവിനോട് ചേര്‍ന്നിരിക്കുകയും അവിടുത്തെ അ‍ഭിഷേകത്തില്‍ പങ്കുചേരുകയും, പരിശുദ്ധാത്മാവിനാല്‍ സ്പര്‍ശിക്കപ്പെടുകയും ചെയ്യുന്നു.

ഇന്നത്തെ ആരാധനക്രമത്തില്‍ മൂന്നു തൈലങ്ങളാണ് പരികര്‍മ്മചെയ്യപ്പെടുന്നത്. ഈ ത്രയം ക്രൈസ്തീയാസ്തിത്വത്തിന്‍റെ ത്രിവിധ മാനങ്ങള്‍ വെളിപ്പെടുത്തുന്നു.

1. ക്രിസ്തുവിനാലും പരിശുദ്ധാത്മാവിനാലും ഒരു വ്യക്തിയെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കുന്ന ആന്തരിക സ്പര്‍ശത്തിന്‍റെ ആദ്യ അടയാളമാണ് ജ്ഞാനസ്നാനതൈലം. എല്ലാ മനുഷ്യരും ദൈവത്തെ അന്വേഷിക്കുന്നു, അതുപോലെ ദൈവം എല്ലാവരെയും സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു. മനുഷ്യന്‍റെ താഴ്മയിലേയ്ക്ക് ഇറങ്ങിവന്ന ക്രിസ്തുവും വെളിപ്പെടുത്തുന്നത് ദൈവം മനുഷ്യരെ സ്നേഹിക്കുന്നു എന്ന സത്യമാണ്.
അഗാധത്തില്‍നിന്നും വിളിച്ചപേക്ഷിക്കുന്ന മനുഷ്യന്‍റെ രോദനം ദൈവം ശ്രവിക്കുന്നു. സങ്കീര്‍ത്തകന്‍ ആലപിക്കുന്നതിങ്ങനെയാണ്,

“ദൈവമേ, നിന്‍ മുഖം കാണുവാനായ്,
നിന്‍ മൊഴി ഞാനൊന്നു കേള്‍ക്കുവാനായ്
മോഹിച്ചു ദാഹിച്ചു ഞാന്‍ കാത്തിരിപ്പൂ...” - സങ്കീ.105, 4.
മനുഷ്യന്‍റെ സകല ജ്ഞാനത്തെയും അവന്‍റെ മുഴുവന്‍ അസ്തിത്വത്തെയും അതിജീവിക്കുന്ന ദൈവിക പ്രാഭവത്തെ ധ്യാനിച്ച് വിശുദ്ധ അഗസ്റ്റിന്‍ പ്രസ്താവിച്ചതിങ്ങനെയാണ്, “അങ്ങയില്‍ വിലയംപ്രാപിക്കും വരെയ്ക്കും ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്തമാണു ദൈവമേ,” എന്ന്. ദൈവത്തെ പ്രാപിക്കാനുള്ള മനുഷ്യന്‍റെ തീക്ഷ്ണതയില്‍നിന്നു മാത്രമേ അവന് ദൈവത്തെക്കുറിച്ചുള്ള പുതുവെളിച്ചവും സ്നേഹവും ലഭിക്കുകയുള്ളൂ.

2. ക്രിസ്തു തന്‍റെ ശിഷ്യന്മാരെയും സഭയെയും ഭരമേല്പിച്ച സൗഖ്യദാന ശുശ്രൂഷയാണ്, രോഗീലേപനതൈലം സൂചിപ്പിക്കുന്നത്. “ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്തുവാനുമായി അവിടുന്ന് അവരെ പറഞ്ഞയച്ചു,” എന്നാണ് ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കുന്നത്
(ലൂക്കാ 9, 2). ലോകത്ത് വിവിധ തരം യാദനകളനുഭവിക്കുന്നവരുടെ വലിയൊരു നിരയാണ് നമ്മുടെ മുന്നിലുള്ളത് : ദാരിദ്ര്യമനുഭവിക്കുന്നവര്‍, പ്രകൃതി ദുരന്തങ്ങള്‍ക്ക് വിധേയരായവര്‍, വിവിധ ഭൂഖണ്ഡങ്ങളില്‍ അധിക്രമങ്ങള്‍ക്ക് അടിമപ്പെട്ടവര്‍, രോഗങ്ങളാല്‍ വലയുകയും നിരാശയും ഏകാന്തയും അനുഭവിക്കുന്നവര്‍, പീഡനങ്ങളും നിന്ദനങ്ങളും ഏല്ക്കുന്നവര്‍, ജീവിത വ്യഥകളാല്‍ ഹൃദയംതകര്‍ന്നവര്‍ എന്നിങ്ങനെ. വേദനയുടെ ലോകത്ത് ദൈവരാജ്യം പ്രഘോഷിക്കുകയെന്നാല്‍, ഏശയ്യാ പ്രവാചകന്‍ പറയുന്നതുപോലെ, പീഡിതര്‍ക്ക് മോചനംനല്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.. ഏശയ്യ 61, 1. മുറിപ്പെട്ട ഹൃദയങ്ങള്‍ സൗഖ്യപ്പെടുത്തുന്ന സ്നേഹ-സാന്ത്വനത്തിന്‍റെ ശുശ്രൂഷയാണ് ക്രൈസ്തവജീവിതം. സഭയുടെയും ഓരോ ക്രൈസ്തവന്‍റെയും ഈ ഭൂമിയിലെ സാന്ത്വന സാന്നിദ്ധ്യത്തിന്‍റെ പ്രതീകമാണ് രോഗീലേപനതൈലം. വേദനിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കും സാന്ത്വന-സ്പര്‍ശമായി ജീവിച്ച വിന്‍സെന്‍റ് ഡി പോളിനെയും മദര്‍ തെരേസായേയുംപോലുള്ള എത്രയോ വിശുദ്ധാത്മാക്കളാണ് ക്രിസ്തുവിന്‍റെ സ്നേഹം ലോകത്തിന് കലവറയില്ലാതെ പകര്‍ന്നു നല്കിയത്.

3. അഭിഷേചനത്തിന്‍റെ പഴയനിയമ ചരിത്രവുമായി ബന്ധിപ്പിക്കുകയാണ് അഭിഷേകതൈലം. ഒലിവെണ്ണയും സസ്യ-എണ്ണകളും ചേര്‍ത്താണ് അതുണ്ടാക്കുന്നത്. സ്ഥൈര്യലേപനത്തിനും തിരുപട്ടകര്‍മ്മത്തിനും ഉപയോഗിക്കുന്ന തൈലമാണിത്. ഏശയ്യാ പ്രവാചകന്‍ പറയുന്നതുപോലെ, നിങ്ങള്‍ കര്‍ത്താവിന്‍റെ പുരോഹിതരെന്നു വിളിക്കപ്പെടും, ദൈവത്തിന്‍റെ ശുശ്രൂഷകരെന്ന് അറിയപ്പെടും.. (61, 6). നിങ്ങള്‍ എനിക്ക് പുരോഹിത രാജ്യവും, വിശുദ്ധ ജനവുമാണെന്ന്, പുറപ്പാടു ഗ്രന്ഥത്തിലും വായിക്കുന്നു
(19, 6). ദൈവത്തെ അറിയാതിരുന്നൊരു ലോകത്ത് ഇസ്രായേല്‍ അവിടുത്തെ ആലയവും പുരോഹിത ഗണവുമായിരുന്നു. ഈ സവിശേഷ ധര്‍മ്മവും ഉത്തരവാദിത്തവുമാണ് പത്രോശ്ലീഹാ ആദിമസഭയെ ഭരമേല്പിക്കുന്നത്. “നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതുയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്,”
1 പത്രോസ് 2, 9. ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും വിശ്വാസികളെ ദൈവജനത്തിന്‍റെ ഈ പൗരോഹിത്യ ശുശ്രൂഷയിലേയ്ക്കുയര്‍ത്തുന്നു. ജീവിക്കുന്ന ദൈവത്തിന്‍റെ ഈ ലോകത്തെ പൗരോഹിത്യ സാക്ഷികളാകേണ്ടവരാണ് ക്രൈസ്തവര്‍. ലോകത്ത് ജീവിത സാക്ഷൃത്തിലൂടെ കര്‍ത്താവിന്‍റെ ആലയമാകേണ്ടവരാണവര്‍. മറഞ്ഞിരിക്കാതെ, ദൈവത്തോടു ചേര്‍ന്നിരുന്നുകൊണ്ട് മനുഷ്യര്‍ക്കു സാക്ഷമാവുകയാണ് ക്രൈസ്തവ ധര്‍മ്മം.

പ്രഭമങ്ങുന്ന പൗരാണികമായ വിശ്വാസ സമൂഹങ്ങള്‍ ലോകത്തു ധാരാളമുണ്ട്. വിശ്വാസത്തിന്‍റെ ഈറ്റില്ലങ്ങള്‍ക്ക് ജീര്‍ണ്ണതയേല്‍ക്കുന്നുണ്ട്. അങ്ങെ ജനത്തെ തള്ളിക്കളയരുതേ, എന്ന് വിളിച്ചപേക്ഷിക്കാം. അങ്ങയുടെ സ്നേഹത്താല്‍ അഭിഷിക്തരായ ഞങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം നല്കി ഉദ്ദീപിപ്പിക്കണമേ. അങ്ങനെ അങ്ങയുടെ സദ്വാര്‍ത്തയുടെ സന്തേഷത്തിന് ഞങ്ങളീലോകത്ത് സാക്ഷികളാവട്ടെ. പ്രഭമങ്ങിയ നമ്മുടെ ലോകത്ത് അരൂപിയാല്‍ അഭിഷിക്തനായി ക്രിസ്തുസ്നേഹത്തിന്‍റെ സന്ദേശവാഹകനായ വിശുദ്ധാത്മാവാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. മെയ് 1-ാം തിയതി വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുകയാണ്. ദൈവത്തിന്‍റെ നിത്യമായ വാഗ്ദാനങ്ങള്‍ക്ക് ഇന്നും ഈ ലോകത്ത് ഉറപ്പും പ്രത്യാശയും പകരുന്ന പുണ്യപ്രഭയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ. പുതിയ നിയമത്തിലെ പൗരോഹിത്യവും വിശുദ്ധ കുര്‍ബ്ബാനയും നമുക്കുള്ള അവിടുത്തെ നിത്യസ്മാരകമായി ക്രിസ്തു സ്ഥാപിച്ചതിന്‍റെ ഓര്‍മ്മകൊണ്ടാടുന്ന ഈ പുണ്യദിനത്തില്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ദൈവമേ, സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ. യോഹന്നാന്‍ 17, 17.

Extract of the homily preached by the Holy Father, Bendict XVI at the Chrism Holy Mass in St. Peter’s, Vatican, 21 April 2011.







All the contents on this site are copyrighted ©.