2011-04-20 19:58:45

പാപ്പായുടെ സംവേദനം
തല്‍സമയ സംപ്രേക്ഷണം


20 ഏപ്രില്‍ 2011 വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വേദനിക്കുന്നവരുമായുള്ള അഭിമുഖം ദുഃഖവെള്ളിയാഴ്ച തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും.
ആഗോള പ്രസരണ ശ്രൃംഖലയുള്ള ഇറ്റലിയിലെ റായ് ടെലിവിഷനാണ് ആദ്യമായി മാര്‍പാപ്പയുടെ അഭിമുഖം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. റായ് ടെലിവിഷന്‍റെ പ്രശസ്തമായ ഒന്നാം ചാനലിന്‍റെ ‘പ്രതിഛായ’ എന്ന പരിപാടിയിലാണ് മാര്‍പാപ്പ തത്സമയ സംപ്രേക്ഷണത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഏപ്രില്‍ 20-ാം തിയതി ടെലിവിഷന്‍ കമ്പനി റോമില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദുഃഖവെള്ളിയാഴ്ച ഇറ്റലിയിലെ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.10 മുതല്‍ 3.30 വരെയുള്ള സംപ്രേക്ഷണത്തിലാണ് മാര്‍പാപ്പ വിവിധ തുറകളില്‍ വേദനിക്കുന്ന 6 വ്യക്തിക്കളുടെ ക്രിസ്തുവിനെക്കുറിച്ചുള്ള ചേദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നത്. ജപ്പാനിലെ ദുരന്തത്തില്‍പ്പെട്ട യെലാനാ എന്ന ഏഴു വയസ്സുകരിയും, രോഗഗ്രസ്ഥനായ തന്‍റെ രണ്ടു വയസ്സുകാരന്‍ മകനെ പരിചരിച്ചു കൊണ്ടിരിക്കുന്ന ഇറ്റലിക്കാരി അമ്മയും, ഐവറി കോസ്റ്റിലെ അഭ്യന്തരകലഹത്തിന്‍റെ ഭീതിയില്‍ കഴിയുന്ന മുസ്ലീം സ്ത്രീയും, ക്രൈസ്തവ പീഡനത്തിന്‍റെ നിഴലില്‍ കഴിയുന്ന ഒരു ഇറാക്കിയുമാണ് മാര്‍പാപ്പായോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ആദ്യത്തെ നാലു വ്യക്തികള്‍. ചാനലിന്‍റെ റോമിലുള്ള ഓഫിസില്‍ തപാല്‍വഴിയും ഇ-മെയില്‍വഴിയും ലഭിക്കുന്ന ചോദ്യങ്ങളില്‍നിന്നും നറുക്കിട്ടെടുക്കുന്ന രണ്ടു വ്യക്തികള്‍ക്കുകൂടി മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അവസരം നല്കുമെന്ന് റായുടെ ഒന്നാം ചാനലിനുവേണ്ടി, ഏക്സെക്യൂട്ടീവ് ഡയറക്ടര്‍, ലൗറാ മിസ്തി വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തി. വത്തിക്കാനിലെ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടാറുണ്ടെങ്കിലും ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പയുടെ അഭിമുഖം, അതും ദുഃഖവെള്ളിയാഴ്ചയുടെ തിരക്കേറിയ സമയത്ത്, തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നതെന്നും വാര്‍ത്താക്കുറിപ്പു പ്രസ്താവിച്ചു.







All the contents on this site are copyrighted ©.