2011-04-14 19:21:59

സഹജീവികളെ സ്നേഹിക്കുന്ന
സംസ്കാരം വളര്‍ത്തണം


14 ഏപ്രില്‍ 2011, ഫ്രാന്‍സ്
പുരോഗതിയുടെ പാതയില്‍ സഭയും സംസ്കാരവും സഹചാരികളെന്ന്,
കര്‍ദ്ദിനാള്‍ തൗറാന്‍, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച വടക്കു കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രോസ്ബര്‍ഗില്‍ മത-സംസ്കാരിക സംവാദത്തിനായുള്ള യൂറോപ്യന്‍ കൗണ്‍സിലില്‍ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ തവ്റാന്‍ ഇപ്രകാരം പരാമര്‍ശിച്ചത്.
മാംസംധരിച്ച ദൈവമായ ക്രിസ്തു മനുഷ്യസംസ്കാരത്തില്‍ പൂര്‍ണ്ണമായും അവതരിച്ചതുപോലെ, മനുഷ്യന്‍ കുടുംമ്പത്തിലും സമൂഹത്തിലും അവന്‍റെ കഴിവുകളും ആചാരാനുഷ്ഠാനങ്ങളും അവയുടെ സ്ഥാപനങ്ങളും വളര്‍ത്തി, കാലക്രമത്തില്‍ പക്വതയാര്‍ജ്ജിച്ച് അവയെ തന്‍റെ ആത്മീയ സമ്പത്തുക്കളോടും പ്രത്യാശകളോടുമൊപ്പം സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി സംവദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ താവ്റാന്‍ സമ്മേളനത്തോടാഹ്വാനം ചെയ്തു. എന്തറിയണം, എന്തുചെയ്യണം, എന്തു പ്രതീക്ഷിക്കണം, പ്രത്യാശിക്കണം...എന്ന താത്വികമായ അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള മറുപടി, മനുഷ്യന്‍റെ കഴിവിനെയും അറിവിനെയും ഉള്‍ക്കൊള്ളുകയും സമ്പന്നമാക്കുകയും ചെയ്യുന്ന, വിശ്വാസ ജീവിതത്തിന് നല്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂല്യച്യുതി ഏറെയുള്ള പുതുസഹസ്രാബ്ദത്തില്‍ നാം ജീവിക്കുമ്പോഴും, സാംസ്കാരിക വളര്‍ച്ച വിശ്വാസ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും മനുഷ്യന്‍റെ ഭാവിയും നിലനില്പും മൂല്യാധിഷ്ഠിതമായ സാംസ്കാരിക വളര്‍ച്ചയില്‍ ആശ്രയിച്ചിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ സമര്‍ത്ഥിച്ചു.
ഗര്‍ഭച്ഛിദ്രവും കാരുണ്യവധവും ലൈംഗികതയുടെ തരംതാഴ്ത്തലും ചൂഷണവും ജനസേവനത്തിന്‍റെ മറവില്‍ വളര്‍ത്തുന്ന അഴിമതി സര്‍ക്കാരുകള്‍ തലപൊക്കി നില്ക്കുന്ന ഇക്കാലത്ത്, സഹജീവികള്‍ സ്നേഹിക്കപ്പെടുകയും മൂല്യങ്ങള്‍ മാനിക്കപ്പെടുകയും ചെയ്യുന്ന മാനവകുലത്തിന്‍റ ഒരു സാംസ്കാരിക പൈതൃകം കാത്തുസംരക്ഷിക്കുവാന്‍ ഏവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ താവ്റാന്‍ സമ്മേളനത്തോട് ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.