2011-04-14 19:16:48

കുടുംബങ്ങളുടെ സാമൂഹ്യസ്ഥാനം
അംഗീകരിക്കണമെന്ന്
ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


14 ഏപ്രില്‍ 2011, ന്യൂയോര്‍ക്ക്
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രകൃയയില്‍ ദരിദ്രര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടരുതെന്ന് ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച, ഐക്യരാഷ്ട്ര സംഘടയുടെ ആസ്ഥാനത്ത് ജനസംഖ്യയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള യുഎന്‍ കമ്മിഷന്‍റെ യോഗത്തില്‍ ആര്‍‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി പ്രസ്താവിച്ചു.
അന്താരാഷ്ട്രതലത്തില്‍, വിശിഷ്യ ദരിദ്രരാജ്യങ്ങളില്‍, വന്ധീകരണവും
കൃത്രിമ ഗര്‍ഭനിരോധനോപാധികളുംവഴി ജനസംഖ്യ നിയന്ത്രിക്കുവാനുള്ള സര്‍ക്കാരുകളുടെ അമിത താല്പര്യത്തെ ആര്‍ച്ചുബിഷപ്പ് അപലപിച്ചു.
പാവങ്ങള്‍ സമൂഹത്തിന് പ്രശ്നമാണെന്നും, പുരോഗതിക്കു തടസ്സമാണെന്നുമുള്ള തെറ്റായ ധാരണയില്‍നിന്നും ഉയരുന്ന ആഗോള പ്രവണതയാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതുമൂലം പ്രായമായവരെ തുണയ്ക്കുവാനും സാമ്പത്തിക പുരോഗതി യാഥാര്‍ത്ഥ്യമാക്കുവാനുമുള്ള മാനവശേഷിയില്ലാതെ വിഷമിക്കുന്ന വികസിത രാജ്യങ്ങള്‍ ലോകത്ത് ഏറെയുണ്ടെന്നും ആര്‍ച്ചുബിഷ്പ്പ് ചുള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.
കെട്ടുറപ്പുള്ള വൈവാഹിക ജീവിതവും കുടുംബ വളര്‍ച്ചയും കുഞ്ഞുങ്ങളുടെ പരിപോഷണവും വലിയ കുടുബങ്ങള്‍ക്കുള്ള സാമൂഹ്യസ്ഥാനവും ഉറപ്പുവരുത്തുന്ന നയങ്ങളാണ് മാനവപുരോഗതിക്കായി രാഷ്ട്രങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് ആര്‍ച്ചുബിഷ്പ്പ് പ്രസ്താവിച്ചു.
1994-ല്‍ യുഎന്‍ സാമൂഹ്യ സാമ്പത്തിക കൗണ്‍സില്‍ ECOSOC ഒരുക്കിയ
ജനസംഖ്യയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള കമ്മിഷന്‍റെ Commission for Population and Development ഏപ്രില്‍ 15-ാം തിയതി സമാപിക്കുന്ന
44-ാമത് യോഗത്തില്‍ സംസാരിക്കവെയാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാട് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ശക്തമായി അവതരിപ്പിച്ചത്.







All the contents on this site are copyrighted ©.