2011-04-13 19:34:28

കര്‍ദ്ദിനാള്‍ സീരി
സഭാ കൂട്ടായ്മയുടെ വക്താവ്-
ഒരനുസ്മരണം


13 ഏപ്രില്‍ 2011
വിവാദങ്ങളുടെ മനുഷ്യന്‍ കര്‍ദ്ദിനാള്‍ സീരി, സഭാ കൂട്ടായ്മയുടെ സംരക്ഷകനായിരുന്നെന്ന്, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ,
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി റോമിലെ സമ്മേളത്തില്‍ വെളിപ്പെടുത്തി.
ഏപ്രില്‍ 12-ാം തിയതി ചൊവ്വാഴ്ച റോമില്‍ ആരംഭിച്ച
ജോസഫ് സീരി – സഭയും സംസ്കാരവും രാഷ്ട്രീയവും, എന്ന സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തവേയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പരാമര്‍ശിച്ചത്. 40 വര്‍ഷക്കാലം ഇറ്റലിയിലെ ജനോവയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സീരി, സഭയ്ക്കു മാത്രമല്ല സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയും ചെയ്തിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നുവെന്നും, ഇറ്റലിയുടെ പുനരൈക്യത്തിന്‍റെ‍
150-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നത് ഏറെ പ്രതീകാത്മകമാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. 12-ാം പിയൂസ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്കു നിയോഗിച്ച ആര്‍ച്ചുബിഷപ്പ് സീരി, ജോണ്‍ 23-ാമന്‍‍, പോള്‍ 6-ാമന്‍, ജോണ്‍ പോള്‍ ഓന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ മാര്‍പാപ്പമാരുടെ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും, രണ്ടാന്‍ വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആസൂത്രണ കമ്മിറ്റിയിലെ സജീവ പ്രവര്‍ത്തകനായിരുന്നെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വെളിപ്പെടുത്തി. ഇറ്റാലിയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രഥമ പ്രസിഡന്‍റായും കര്‍ദ്ദിനാള്‍ ജോസഫ് സീരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989-ല്‍ മരണമടഞ്ഞ കര്‍ദ്ദിനാള്‍ സീരി 1963-ല്‍ 12-ാം പിയൂസ് മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്നുള്ള കോണ്‍ക്ലേവില്‍ (ഗ്രിഗരി 17-ാമന്‍) മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും എന്നാല്‍ സഭാവിമതരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയനായി പുറന്തള്ളപ്പെട്ടുവെന്ന വിവാദവും ചരിത്രത്തില്‍ ബാക്കി നില്ക്കുന്നുണ്ട്. റോമിലെ സ്റ്റൂര്‍സ്സോയില്‍ ഏപ്രില്‍ 12-ന് ആരംഭിച്ച സമ്മേളനം 17-ാം തിയതി ഞായറാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.