2011-04-11 14:27:56

മാര്‍പാപ്പയുടെ തൃകാല പ്രാര്‍ത്ഥനാ സന്ദേശം


ഏപ്രില്‍ പത്താം തിയതി ഞായറാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ തൃകാല പ്രാര്‍ത്ഥനാ സന്ദേശം

പ്രിയ സഹോദരീ സഹോദരന്‍മാരെ,
ഉയിര്‍പ്പുതിരുന്നാളിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഈ ഞായറാഴ്ചയിലെ വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍ ഉത്ഥാനത്തെക്കുറിച്ചാണ് പറയുന്നത്. യേശുവിന്‍റെ പരമമായ ഉത്ഥാനത്തെപ്പറ്റിയല്ല അവ പരാമര്‍ശിക്കുന്നത്, മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നമുക്കു നല്‍കിയ, നാമെല്ലാവരും പ്രതീക്ഷിക്കുന്ന നമ്മുടെ ഉയിര്‍പ്പിനെക്കുറിച്ചാണ് വിശുദ്ധ ഗ്രന്ഥം പരാമര്‍ശിക്കുന്നത്. അനന്തമായ ദര്‍ശനം അസാധ്യമാക്കുന്ന ഭിത്തിയാണ് നമ്മെസംബന്ധിച്ച് മരണം. ഈ ഭിത്തി നമ്മില്‍ നിന്നും മറച്ചിരിക്കുന്ന കാര്യങ്ങള്‍ കാണാന്‍ നമുക്കു സാധിക്കുന്നില്ലെങ്കിലും ഈ ഭിത്തിക്കതീതമായി നമുടെ ഹൃദയങ്ങള്‍ വ്യാപിക്കുന്നു. നിത്യതകാംക്ഷിക്കുന്ന നമ്മള്‍ അടയാളങ്ങളിലൂടെ അതെക്കുറിച്ച് ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു.

ഇസ്രായേലില്‍ നിന്നകലെ പരദേശ വാസത്തിലായിരുന്ന ഹെബ്രായ ജനത്തോട് കര്‍ത്താവ് കല്ലറകള്‍ തുറന്ന് അവരെ ഉയര്‍ത്തുമെന്നും സമാധാനത്തില്‍ വസിക്കുന്നതിനുവേണ്ടി അവരുടെ സ്വന്തം ദേശത്തേക്ക് അവിടുന്നവരെ തിരികെ കൊണ്ടു വരുമെന്നും എസെക്കിയേല്‍ പ്രവാചകന്‍ പറയുന്നു. (എസെക്കിയേല്‍ 37 12- 14). പിതാക്കന്‍മാരോടൊത്ത് സംസ്ക്കരിക്കപ്പെടാനുള്ള മനുഷ്യന്‍റെ പൗരാണീകമായ ഈയാഗ്രഹം ഭൗതീക പ്രയത്നങ്ങള്‍ക്കൊടുവില്‍ മനുഷ്യനെ‍ വരവേല്‍ക്കുന്ന പിതൃരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബോധ്യം പക്ഷെ ശരീരങ്ങളുടെ ഉയിര്‍പ്പിനെക്കുറിച്ചുള്ളതായിരുന്നില്ല. പഴയ നിയമത്തിന്‍റെ അവസാനഭാഗത്ത് ശരീരങ്ങളുടെ ഉയിര്‍പ്പിനെക്കുറിച്ചു പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും യേശുവിന്‍റെ കാലത്തുപോലും എല്ലാ യഹൂദരും അത് ഉള്‍ക്കൊണ്ടിരുന്നില്ല. ക്രിസ്ത്യാനികളുടെ ഇടയില്‍പോലും പുനഃരുത്ഥാനത്തെയും നിത്യജീവനെയുക്കുറിച്ച് അനേകം സംശയങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ട്. യുക്തിക്കതീതമായി വിശ്വാസത്തിന്‍റെ തലത്തില്‍ നില്‍ക്കുന്ന വസ്തുതയാണവ എന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. സുവിശേഷത്തില്‍ ക്രിസ്തു ലാസ്സറിനെ ഉയിര്‍പ്പിക്കുന്ന ഭാഗത്ത് ലാസ്സറിന്‍റെ സഹോദരിയായ മാര്‍ത്ത വിശ്വാസം വാക്കുകളിലൂടെ പ്രകടമാക്കുന്നു. നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുനേല്‍ക്കുമെന്നു യേശു അവളോടു പറയുമ്പോള്‍ അന്ത്യദിനത്തിലെ പുനഃരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് തനിക്കറിയാമെന്ന് അവള്‍ മറുപടി പറയുന്നു. അപ്പോള്‍ യേശു അവളോടു പറയുന്നു ഞാനാണ് പുനരുത്ഥാനവും ജീവനും, എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. എന്ന്. ഇവിടെയാണ് എല്ലാ ഭിത്തികളെയും തകര്‍ക്കുകയും മറികടക്കുകയും ചെയ്യുന്ന യഥാര്‍ത്ഥമായ പുതുമ പ്രകടമാകുന്നത്. ക്രിസ്തു മരണത്തിന്‍റെ ഭിത്തി തകര്‍ക്കുകയാണ്, ജീവനും നിത്യജീവനുമായ ദൈവത്തിന്‍റെ സംമ്പൂര്‍ണ്ണ സാന്നിദ്ധ്യം ക്രിസ്തുവില്‍ കുടികൊള്ളുന്നു. അതിനാല്‍ മരണത്തിന് ക്രിസ്തുവിന്‍റെ മേല്‍ യാതൊരധികാരവുമില്ലാത്തത്. ദൈവതിരുസന്നിധിയില്‍ വെറുമൊരു ഉറക്കം മാത്രമായ ശാരീരിക മരണത്തിനുമേല്‍ അവിടുത്തേക്കുള്ള സമ്പൂര്‍ണ്ണാധികാരത്തിന്‍റെ അടയാളമാണ് ലാസ്സറിന്‍റെ ഉയിര്‍പ്പ്.

എന്നാല്‍ മറ്റൊരു മരണമുണ്ട്. ക്രിസ്തു കൂടുതല്‍ ശക്തമായി മല്ലിടേണ്ടി വന്ന, കുരിശു മരണം വിലയായി നല്‍കേണ്ടി വന്ന ആത്മീയ മരണമാണത്. ആത്മീയ മരണം അപായപ്പെടുത്തുന്നത് ഓരോ മനുഷ്യന്‍റെയും അസ്തിത്വത്തെയാണ്. ഈ മരണത്തിനുമേല്‍ വിജയം നേടുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിച്ചത്. അവിടുത്തെ പുനരുത്ഥാനം മുന്‍പുണ്ടായിരുന്ന ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കല്ല. നവമായ ജീവിതത്തിന്‍റെ പ്രാരംഭമാണത്. പുതിയ ഭൂമി സ്വര്‍ഗ്ഗവുമായി വീണ്ടും ഒന്നു ചേരുന്നു. അതിനാലാണ് “യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആതമാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യുമെന്ന്” വിശുദ്ധ പൗലോസപ്പസ്തോലന്‍ പറയുന്നത്. പ്രിയ സഹോദരരേ, “ ഉവ്വ്, കര്‍ത്താവേ, നീ ദൈവപുത്രനായ ക്രിസ്തുവാണ്” എന്ന് വിശ്വാസത്തോടെ പറയുന്നതിനും അവിടുന്നില്‍ നമ്മുടെ രക്ഷ സത്യമായും കണ്ടെത്തുന്നതിനും. അവിടുത്തെ ഉത്ഥാനത്തില്‍ പങ്കാളിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥം നമുക്കു തേടാം.







All the contents on this site are copyrighted ©.