വത്തിക്കാന്‍: ഏപ്രില്‍ അഞ്ചാം തിയതി ചൊവ്വാഴ്ചയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്‍റെ വിശദ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തിറക്കിയത്. ഏപ്രില്‍
മുപ്പതാം തിയതി ശനിയാഴ്ചയിലെ ജാഗരപ്രാര്‍ത്ഥനാസമ്മേളനത്തിന്‍റെ ആദ്യ ഭാഗത്തില്‍ ദൈവദാസന്‍
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരുടെ അനുഭവങ്ങളും മാര്‍പാപ്പയുടെ
മാധ്യസ്ഥം വഴി അത്ഭുത രോഗശാന്തി ലഭിച്ച സി. മാരി സിമോണ്‍ പിയറിന്‍റെ സാക്ഷൃവും, മാര്‍പാപ്പയുടെ
ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
അതേതുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആരംഭിച്ച പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍
ക്രക്കോവിയ, ടാന്‍സാനിയ, ലെബനോന്‍, മെക്സിക്കോ, ഫാത്തിമാ എന്നീ അഞ്ചു മരിയന്‍ തീര്‍ത്ഥാടന
കേന്ദ്രങ്ങളില്‍ നിന്നുള്ള തത്സമയപ്രക്ഷേപണത്തോടെ നടക്കും. സമാപനപ്രാര്‍ത്ഥനയില്‍ അപ്പസ്തോലീക
അരമനയില്‍ നിന്നും വീഡിയോ പ്രക്ഷേപണത്തിലൂടെ പങ്കെടുക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക് തന്‍റെ അപ്പസ്തോലീകാശീര്‍വ്വാദവും നല്‍കും.
മെയ് മാസം ഒന്നാം തിയതി ഞായറാഴ്ച ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി
പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി ഒരു മണിക്കൂര്‍ നേരം വിശുദ്ധ ഫൗസ്റ്റീന തുടക്കം
കുറിച്ച ദൈവീക കാരുണ്യത്തിന്‍റെ പ്രാര്‍ത്ഥനയും തുടര്‍ന്ന് കര്‍ത്താവെ ഞാനങ്ങില്‍ ശരണം
വയ്ക്കുന്നു എന്ന ഗാനത്തോടെ ലോകത്തിനുമേല്‍ ദൈവകാരുണ്യത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും
നടത്തും. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ
വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തുന്ന ദിവ്യബലി ഉയിര്‍പ്പുതിരുനാളിന്‍െറ എട്ടാമിടത്തിലെ
കുര്‍ബ്ബാനയായിരിക്കും. മെയ് മാസം രണ്ടാം തിയതി തിങ്കളാഴ്ച വാഴ്ത്തപ്പെട്ട ജോണ്‍പോള്‍
രണ്ടാമന്‍ മാര്‍പാപ്പയോടുള്ള ആദരസൂചകമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍
തര്‍ച്ചീസ്യോ ബര്‍ത്തോണെയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍
സാഘോഷ ദിവ്യബലി അര്‍പ്പിക്കപ്പെടും.
ചടങ്ങിനെ സംബന്ധിച്ച വാര്‍ത്തകള്‍ ഡിജിറ്റല്‍
ലോകത്തിന്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സാമൂഹ്യ സംമ്പര്‍ക്ക മാധ്യമങ്ങള്‍ക്കു വേണ്ടിയുള്ള
പൊന്തിഫിക്കല്‍ കമ്മീഷന്‍റെ പോപ്പ് റ്റു യു എന്ന വെബ്സൈറ്റില്‍ പുതിയ താള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ വത്തിക്കാന്‍ റേഡിയോയുടെയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റെയും സംയുക്ത പ്രയത്നത്തിന്‍റെ
ഫലമായി യൂറ്റൂബിലും ഫേസ്ബുക്കിലും ആരംഭിച്ചിരിക്കുന്ന താളുകളും അധുനാധുനീകരിക്കുന്നുണ്ട്.
Facebook: www.facebook.com/vatican.johnpaul2 YouTube: www.youtube.com/giovannipaoloii