2011-04-08 15:39:33

കുടുംബജീവിതത്തിന്‍റെ മനോഹാരിത തിരിച്ചറിയുക.


കൊളംബിയ: കുടുംബങ്ങള്‍ക്കു പിന്തുണ്ണ പ്രഖ്യാപിച്ചുകൊണ്ട് ലത്തീന്‍ അമേരിക്കയിലെയും കരിബിയന്‍ ദ്വീപുകളിലേയും കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷനുകള്‍. ലത്തീന്‍ അമേരിക്കയിലെയും കരിബിയന്‍ ദ്വീപുകളിലേയും രാജ്യങ്ങളിലെ മെത്രാന്‍മാരുടെ സമിതികളില്‍ കുടുംബങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മീഷനുകളുടെ പ്രതിനിധികള്‍ അന്നാടുകളിലെ മെത്രാന്‍ സമിതികളുടെ സംയുക്ത സംഘത്തിന്‍റെയും കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെയും ആഭിമുഖ്യത്തില്‍ നടത്തിയ പഠനശിബിരത്തിനൊടുവില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. മാര്‍ച്ച് മാസം ഇരുപത്തിയൊന്‍പതാം തിയതി മുതല്‍ മുപ്പത്തിയൊന്നാം തിയതിവരെ, കൊളംബിയായുടെ തലസ്ഥാനമായ ബൊഗോത്തായിലായിരുന്നു പഠന ശിബിരം.
ഇന്ന് കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടത്തിയ ഗഹനമായ പഠനങ്ങളുടെയും വിശകലനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ കുടുംബപ്രേഷിതത്വത്തിന്‍റെ ബഹുമുഖതലങ്ങളെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപം സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്. കുടുംബ പ്രഷിതത്വത്തിനുവേണ്ടി ഇടവക തലത്തിലും രൂപതാ തലത്തിലും അജപാലനശുശൂഷകള്‍ ആസൂത്രണം ചെയ്യുന്നതിനു പുറമേ ഈ ശുശ്രൂഷകള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിക്കും. കൂടാതെ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയും ലത്തീന്‍ അമേരിക്കയിലെയും കരിബിയന്‍ ദ്വീപുകളിലേയും രാജ്യങ്ങളിലെ മെത്രാന്‍മാരുടെ പൊതു സമിതിയും കുടുംബപ്രേഷിതത്വത്തിനുവേണ്ടി കൂടുതല്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികളും ആവിഷ്ക്കരിക്കുന്നുണെന്ന് സന്ദേശം വെളിപ്പെടുത്തി. പ്രതിസന്ധികളോ വേര്‍പാടോ അഭിമുഖീകരിക്കുന്ന കുടുംബങ്ങള്‍ക്കു അജപാലകര്‍ പ്രത്യേക ശ്രദ്ധനല്‍കണമെന്നും സന്ദേശത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യകാരുണ്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശകളിലൂടെ ദൈവവര പ്രസാദത്തില്‍ ജീവിച്ചുകൊണ്ട് കുടുംബങ്ങള്‍ തങ്ങളുടെ വിശുദ്ധീകരണത്തിന്‍റെ സാക്ഷൃം നല്‍കണമെന്നും വിവാഹമാകുന്ന വിളി സ്വീകരിക്കാന്‍ യുവജനങ്ങള്‍ ഭയപ്പ‍െടരുതെന്നും സന്ദേശം വ്യക്തമാക്കി.







All the contents on this site are copyrighted ©.