2011-04-06 19:02:44

വത്തിക്കാനിലെ
അപൂര്‍വ്വ ജലധാരകള്‍


6 ഏപ്രില്‍ 2011 വത്തിക്കാന്‍
ജലധാരകള്‍ ജീവന്‍റെയും നിത്യജീവന്‍റെയും പ്രതീകങ്ങളെന്ന്
കര്‍ദ്ദിനാള്‍ ജൊവാന്നി ലൊയോളോ, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് റോമില്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 6-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ മുദ്രണാലയം പുറത്തിറക്കിയ, ‘വത്തിക്കാനിലെ 100 ജലധാരകള്‍’ The 100 fountains of Vatican എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്തയിലാണ് കര്‍ദ്ദിനാല്‍ ലൊയോളോ ഇപ്രകാരം പ്രസ്താവിച്ചത്. ലോകത്തെ ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യമായ വത്തിക്കാന്‍റെ അതിര്‍ത്തിക്കുള്ളിലാണ് നൂറ്റാണ്ടുകളായി വിവിധ മാര്‍പാപ്പാമാര്‍ ഏവരുടെയും സന്തോഷത്തിനും ഉപയോഗത്തിനുമായി പരിപാലിച്ച അതിമനോഹരങ്ങളായ 100 ജലധാരകള്‍ സ്ഥിതിചെയ്യുന്നത്. വത്തിക്കാന്‍ കുന്നില്‍നിന്നും ഒഴുകിയെത്തുന്ന ജലസമൃദ്ധിയല്‍ പ്രവര്‍ത്തിക്കുന്ന ജലധാരകളെക്കുറിച്ചുള്ള സചിത്രഗ്രന്ഥങ്ങള്‍ മൂന്നു വാല്യങ്ങളായി പ്രകാശനം ചെയ്യപ്പെട്ടു. മൈക്കളാഞ്ചലോ, ബര്‍ണ്ണീനി പോലുള്ള വിശ്വത്തര കലാകാരന്മാരും വാസ്തുവിദഗ്ദ്ധരും രൂപകല്പനചെയ്ത ജലധാരകള്‍ മുതല്‍, 2010-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് തന്‍റെ നാമഹേതുകത്തിരുനാളില്‍ സമ്മാനിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ പേരിലുള്ള 100-ാമത്തെ ജലധാരവരെ ഇതില്‍ ഉള്‍പ്പെടുന്നു. സൗരയൂഥങ്ങളില്‍ ഭൂമിയെ മാത്രം ദൈവം ജീവന്‍റെ സ്രോതസ്സായ ജല-സമൃദ്ധികൊണ്ട് നിറച്ചിരിക്കുന്നുവെന്നും,…. സമുദ്രങ്ങളും നദികളും അരുവികളും തടാകങ്ങളും ഈ ഭൂമിയെ ഫലഭൂയിഷ്ഠവും മനോഹരവുമാക്കിയപ്പോള്‍, ലോകത്തെ വലിയ സംസ്കാരങ്ങള്‍ അവയുടെ തീരങ്ങളില്‍ വളര്‍ന്നുവെന്നും കര്‍ദ്ദിനാള്‍ ലയോളോ വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ വാര്‍ത്തയില്‍ പ്രസ്താവിച്ചു
ജോണ്‍ 4,13
അപ്പോള്‍ ക്രിസ്തു ഇങ്ങനെ പറഞ്ഞു, ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേയ്ക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും.
വെളിപാട് 21, 6
ദാഹിക്കുന്നവനു ജീവജലത്തിന്‍റെ ഉറവയില്‍നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
പ്രഭാഷകന്‍ 15, 3.
കല്പനകള്‍ അനുസരിക്കുന്നവന് ഞാന്‍ ജ്ഞാനജലം കുടിക്കാന്‍ കൊടുക്കും.








All the contents on this site are copyrighted ©.