2011-04-01 15:35:56

കര്‍ദ്ദിനാള്‍ വിതയത്തില്‍
കാലംചെയ്തു
മാര്‍പാപ്പ അനുശോചിച്ചു


1 ഏപ്രില്‍ 2011, എറണാകുളം
സീറോ മലബാര്‍ സഭയുടെ പരമാധികാരി, മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84 വയസ്സ്) വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ ലിസി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആശുപത്രിയില്‍വച്ചാണ് മരണമടഞ്ഞത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാളിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ ആര്‍ക്കി എപ്പാര്‍ക്കിയേറ്റ് കൂരിയാ മെത്രാന്‍, മാര്‍ ബോസ്ക്കോ പുത്തൂരിനയച്ച സന്ദേശത്തില്‍, കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സീറോ മലബാര്‍ സഭയ്ക്കും സാര്‍വ്വത്രീക സഭയ്ക്കും നല്‍കിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ മാര്‍പാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചു. സീറോ മലബാര്‍സഭയിലെ എല്ലാ വൈദീകര്‍ക്കും സന്ന്യസ്തര്‍ക്കും അല്മായര്‍ക്കും അനുശോചനം അറിയിച്ച മാര്‍പാപ്പ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും വാഗ്ദാനംചെയ്തു. കാലംചെയ്ത മേജര്‍ ആര്‍ച്ചുബിഷപ്പ്, മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ കുടുംബാംഗങ്ങളോടും പാപ്പ സന്ദേശത്തിലൂടെ തന്‍റെ അനുശോചനം രേഖപ്പെടുത്തി.

ഇപ്പോള്‍ റോമില്‍ ‘ആദ് ലിമിന’ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന സീറോ മലബാര്‍സഭയിലെ എല്ലാ സഭാധ്യക്ഷന്‍മാരും കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിന്‍റെ വിയോഗത്തില്‍ അവരുടെ അതീവ ദുഃഖം അറിയിച്ചു.
സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സുധീരമായി സഭയെ നയിച്ച ആത്മീയ നായകനായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ വിയോഗം വലിയൊരു വിടവാണ് കേരളസഭയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാന്‍ സമിതിയുടെ അദ്ധ്യക്ഷനും തൃശ്ശൂര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. സഭൈക്യത്തിനും ക്രൈസ്തവ സാക്ഷൃത്തിനുംവേണ്ടി തീവ്രമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിസ്തുല സംഭാവനകളാണ് ഭാരതസഭയ്ക്ക് നല്‍കിയിട്ടുള്ളതെന്നും ആര്‍ച്ചുബിഷപ്പ് താഴത്ത് അനുസ്മരിച്ചു. സീറോ മലബാര്‍ സഭയുടെ ഭരണചുമതല സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍ അപ്പസ്തോലീക അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1927 മെയ് മാസം ഇരുപത്തിയൊന്‍പതാം തിയതി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ വിതയത്തില്‍ തറവാട്ടില്‍ ജനിച്ച കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി 1954 ജൂണ്‍മാസം പന്ത്രണ്ടാം തിയതിയാണ് വൈദീകപട്ടം സ്വീകരിച്ചത്, സീറോ മലബാര്‍ സഭയുടെ പരമാധികാരിയായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറ ദിവംഗതനായതിനെത്തുടര്‍ന്നാണ് 1997 ജനുവരി 18-ന് അങ്കമാലി- എറണാകുളം അതിരൂപതയുടെ അപ്പസ്തോലിക് അഡിമിന്സ്ട്രേറ്ററായി നിയമിതനായി. തുടര്‍ന്ന് 1999 ഡിസംബര്‍ 23-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായും അങ്കമാലി- എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായും നിയോഗിച്ചു.. 2001 ജനുവരി മാസം ഇരുപത്തിയൊന്നാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തിയത്. മരണംവരെ കര്‍മ്മധീരനായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ 2008 മുതല്‍ 2010-വരെയ്ക്കും ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിരുന്നു.







All the contents on this site are copyrighted ©.