2011-03-31 17:41:47

‘ഈശ്വരാന്വേഷണം’ ഗ്രന്ഥം
സഭാ വിരുദ്ധമെന്ന്


31 മാര്‍ച്ച് 2011, അമേരിക്ക
‘ഈശ്വരാന്വേഷണം’എന്ന പുതിയ ദൈവശാസ്ത്രഗ്രന്ഥം (The Quest for the Living God) സഭാപഠനങ്ങള്‍ക്ക് വിരുദ്ധമെന്ന് അമേരിക്കയിലെ മെത്രാന്മാര്‍ സ്ഥിരീകരിച്ചു. മാര്‍ച്ചു 30-ാം തിയതി ബുധനാഴ്ച അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള കമ്മിറ്റിയുടെ തലവന്‍, വാഷിങ്ടണിലെ ആര്‍ച്ചുബിഷപ്പ്, ഡോനള്‍ഡ് വേള്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയിലെ ഫോര്‍ഡാം യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗം പ്രഫസര്‍, സിസ്റ്റര്‍ എലിസബത്ത് ജോണ്‍സണ്‍ പ്രസിദ്ധീകരിച്ച The Quest for the Living God സജീവദൈവത്തിനായുള്ള അന്വേഷണം, എന്ന ഗ്രന്ഥമാണ് അമേരിക്കയിലെ മെത്രാന്‍ സമിതി ‘സഭാ വിരുദ്ധ’മെന്ന് വിലയിരുത്തിയത്. ഗ്രന്ഥകര്‍ത്താവ് സിസ്റ്റര്‍ എലിസബത്ത് അമേരിക്കയിലെ ബ്രന്‍റ്ഹൂഡിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ സമൂഹത്തിലെ സന്യാസിനിയാണ്.
ഒരു കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമെന്ന നിലയിലും കത്തോലിക്കാ ദൈവശാസ്ത്രം വിശദീകരിക്കുന്ന പ്രസിദ്ധീകരണമെന്ന നിലയിലും സിസ്റ്റര്‍ എലിസബത്ത് തന്‍റെ ചിന്തകള്‍
സഭ പഠിപ്പിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അടിസ്ഥാന ആദര്‍ശങ്ങളില്‍നിന്നും തുടങ്ങുന്നില്ല എന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
കത്തോലിക്കാ വിശ്വാസത്തിനു പുറത്തുള്ള ആശയങ്ങള്‍ എടുത്ത് മൗലികമായും തന്മയത്വത്തോടുംകൂടി ദൈവത്തെക്കുറിച്ചുള്ള സഭാപഠനങ്ങളെ വിമര്‍ശിക്കുകയാണ് ഗ്രന്ഥകര്‍ത്താവെന്ന് മെത്രാന്‍ സംഘത്തിന്‍റെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള കമ്മിറ്റി ആരോപിച്ചു. സിസ്റ്റര്‍ എലിസബത്തിന്‍റെ ചിന്തകള്‍ തിരുവെഴുത്തുകള്‍ വെളിപ്പെടുത്തുകയും സഭയുടെ പ്രബോധനാധികാരം പഠിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളില്‍നിന്നും വ്യതിരിക്തമാണെന്ന് മെത്രാന്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രഫസര്‍ എലിസബത്തിന്‍റെ വിഭാഗത്തിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ആത്മീയക്ഷേമത്തെക്കുറിച്ച് ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച മെത്രാന്‍ സമിതിയുടെ വക്താവ് ആര്‍ച്ചുബിഷപ്പ് ഡോനള്‍ഡ് വേള്‍, ഗ്രന്ഥകര്‍ത്താവുമായി തുറന്ന സംവാദത്തിന് സഭ തയ്യാറാണെന്നും പ്രസ്താവനയില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.