2011-03-31 17:58:30

കുരിശിന്‍റെവഴി
മാര്‍പാപ്പയോടൊപ്പം


31 മാര്‍ച്ച് 2011, മാഡ്രിഡ്
ആഗോള യുവജന സമ്മേളനത്തില്‍ ജനകീയ ഭക്തകൃത്യങ്ങള്‍, ജപമാലയും കുരിശിന്‍റെവഴിയും നടത്തപ്പെടുമെന്ന് സംഘാടകര്‍ പ്രസ്താവിച്ചു.
2011 ആഗസ്റ്റ് 15 മുതല്‍ 21-വരെ സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറുന്ന ആഗോള യുവജന സമ്മേളനത്തിലാണ് യുവാക്കള്‍ക്കുവേണ്ടി ജനകീയ ഭക്തകൃത്യങ്ങള്‍ ആകര്‍ഷകമായി ഒരുക്കിയിരിക്കുന്നതെന്ന് മാര്‍ച്ച് 24-ാന് സംഘാടകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ആഗസ്റ്റ് 21–ാം തിയതി മാര്‍പാപ്പയുടെ വരവിനു മുന്‍പുള്ള
ശനിയാഴ്ചത്തെ ജാഗര പ്രാര്‍ത്ഥനയിലാണ് ആഗോള സ്പര്‍ശമുള്ള
ജപമാല സംവിധാനംചെയ്തിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നും മുന്‍കൂട്ടി ശേഖരിച്ചിട്ടുള്ള യുവജനങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ജപമാപ ഉരുവിടുന്ന ദൃശ്യ-ശ്രാവ്യ ബിംബങ്ങള്‍ ഡിജിറ്റലായി ശേഖരിച്ച്, സംയോജനംചെയ്ത് സമ്പൂര്‍ണ്ണ ജപമാലയാക്കി പ്രദര്‍ശിപ്പിക്കും. ലോകം ഒത്തൊരുമിച്ച് ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കുന്ന അനുഭവം സൃഷ്ടിക്കുകയാണിതുവഴി ലക്ഷൃമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നും ആഗോള ജപമാല Global Rosary-യുടെ ശകലങ്ങള്‍ എത്തിക്കഴിഞ്ഞുവെന്ന് സമ്മേളനത്തിന്‍റെ വക്താവ് വെളിപ്പെടുത്തി.

സമാപനദിനത്തില്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ മാഡ്രിഡില്‍ നടത്തപ്പെടുന്ന കുരിശിന്‍റെവഴിയാണ് യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന മറ്റൊരു ഭക്തകര്‍മ്മം. തിരുസ്വരൂപങ്ങള്‍ ഘോഷയാത്രയായി ഭക്തിയോടെ പ്രദര്‍ശിപ്പിക്കുന്ന സ്പെയ്നിലെ ജനങ്ങളുടെ ആത്മീയ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ച്, 12 പട്ടണങ്ങളില്‍നിന്നും ശേഖരിക്കുന്ന ക്രിസ്തുവിന്‍റെ പീഡാനുഭവ രംഗങ്ങള്‍ ചിത്രീകരിക്കുന്ന 15 വന്‍ശില്പങ്ങള്‍.... ഏകദേശം അര-മൈലോളം, ദൈര്‍ഘ്യംവരുന്ന, മാദ്രിഡിലെ സിബെലസ്-ചത്വരം മുതല്‍ കൊളോണ്‍- ചത്വരംവരെയുള്ള പാതയില്‍ പ്രദര്‍ശിപ്പിക്കും. സ്പെയിനിലെ പ്രശസ്ത കലാകാരന്മാരുടെ 16-ാം നൂറ്റാണ്ടുവരെ പഴക്കമുള്ള അപൂര്‍വ്വസൃഷ്ടികളാണ് മാര്‍പാപ്പ പങ്കെടുക്കുന്ന കുരിശിന്‍റെവഴിക്കായി മാദ്രിഡില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറുന്ന 4-ാമത് ആഗോള യുവജന സമ്മേളനത്തില്‍ 5–ലക്ഷത്തോളം യുവാക്കള്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക കണക്കുകൂട്ടല്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.