2011-03-30 11:34:32

ലിബിയ മാര്‍പാപ്പയ്ക്കു കൃതജ്ഞത രേഖപ്പെടുത്തുന്നു.


ട്രിപ്പോളി: ആഭ്യന്തര സംഘട്ടനവും സഖ്യസേനാമുന്നേറ്റവും രൂക്ഷമായ്ക്കൊണ്ടിരിക്കുന്ന ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ അപ്പസ്തോലീക വികാരിയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച മാര്‍പാപ്പ ലിബിയയ്ക്കുവേണ്ടി നടത്തിയ അഭ്യര്‍ത്ഥനയെപ്രതി നന്ദിപ്രകടിപ്പിച്ചുകൊണട് മാര്‍പാപ്പയ്ക്കു സന്ദേശമയച്ചത്. അനുരജ്ഞനത്തിനും സംവാദത്തിനും സമാധാനത്തിനും വേണ്ടി മാര്‍പാപ്പ നടത്തിയ അഭ്യര്‍ത്ഥനയുടെ അറബിപരിഭാഷ ലിബിയയിലെ വിദേശകാര്യാലയം പരസ്യപ്പെടുത്തിയെന്നും ട്രിപ്പോളിയിലെ അപ്പസ്തോലീക വികാരി ആര്‍ച്ച് ബിഷപ്പ് ജൊവ്വാന്നി ഇന്നൊച്ചെന്‍സോ മാര്‍ത്തിനെല്ലി ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ആയുധങ്ങളുടെ ഉപയോഗം നിറുത്തിവച്ച് സംവാദത്തിന്‍റെ മാര്‍ഗം സ്വീകരിക്കുന്നതാണ് അഭികാമ്യം എന്നു പറഞ്ഞ അദ്ദേഹം നിരപരാധികളായ വ്യക്തികളും സഖ്യസേന നടത്തുന്ന ആക്രമങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നും വെളിപ്പെടുത്തി.
ഇരുപത്തിയേഴാം തിയതി ഞായറാഴ്ച തൃകാല പ്രാര്‍ത്ഥനയ്ക്കു ശേഷം ലിബിയയില്‍നിന്നുള്ള വാര്‍ത്തകളെക്കുറിച്ച് തനിക്കുള്ള ആശങ്ക പ്രകടിപ്പിച്ച മാര്‍പാപ്പ അന്നാട്ടിലെ പൗരന്‍മാരുടെ സുരക്ഷിതത്വത്തിനുവേണ്ടി നയതന്ത്രപരമായ നടപടികളും സമാധാനപരവും സ്ഥായിയായതുമായ പരിഹാരങ്ങളും കണ്ടെത്താന്‍വേണ്ടി പരിശ്രമിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.







All the contents on this site are copyrighted ©.