2011-03-30 17:47:24

കൊളോസിയത്തിലെ
കുരിശിന്‍റെവഴി


30 മാര്‍ച്ച് 2011
കൊളോസിയത്തിലെ കുരിശിന്‍റെവഴി മാര്‍പാപ്പയോടൊപ്പം
മദര്‍ മരീയ പീച്ചിയോനെ നയിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
2011-ലെ ദുഃഖവെള്ളിയാഴ്ച റോമില്‍ നടത്തപ്പെടുന്ന വിഖ്യാതമായ കൊളോസിയത്തിലെ കുരിശിന്‍റെവഴി അഗസ്തീനിയന്‍ സഭാംഗമായ മദര്‍ മരീയ പീച്ചിയോനെ നടത്തുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മാര്‍ച്ച് 29 ചൊവ്വാഴ്ചത്തെ വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
ദുഃഖവെള്ളിയാഴ്ച വൈകുന്നേരം, മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ചരിത്രപുരാതനമായ കൊളോസിയത്തില്‍ നടത്തപ്പെടുന്ന കുരിശിന്‍റെവഴിയുടെ ധ്യാനചിന്തകള്‍ മദര്‍ മരീയ പീച്ചിയോനെ രചിക്കുകയും അന്നേദിവസം വായിക്കുകയും ചെയ്യും. റോമിലുള്ള അഗസ്തീനിയന്‍ സന്യാസിനീ സഭയുടെ ജനറലേറ്റിലെ അംഗമാണ് മദര്‍ മരീയ. ഏറെ ജനപങ്കാളിത്തമുള്ളതും ലോകമാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നതുമായ റോമിലെ ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്‍റെവഴിക്ക് ധ്യാനചിന്തകള്‍ രചിച്ചിട്ടുള്ള എട്ടു സ്ത്രീകളില്‍, മൂന്നാമത്തെ സന്യാസിനിയാണ് മദര്‍ മരീയ.
മദര്‍ മരീയയുടെ പ്രാര്‍ത്ഥനകളോടൊപ്പം കലാകാരി സിസ്റ്റ‍ര്‍ എലേനാ മാഞ്ഞനേല്ലി രചിച്ചിട്ടുള്ള പീഡാനുഭവ ചിത്രങ്ങളും ചേര്‍ത്ത ഗ്രന്ഥം വരും വാരത്തില്‍ പ്രകാശനം ചെയ്യപ്പെടുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 22- ദുഃഖവെള്ളിയാഴ്ച നടത്തപ്പെടുന്ന പീഡാനുഭവ യാത്രയില്‍ പ്രതീകാത്മകമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയും കുരിശുവഹിച്ചുകൊണ്ട് ഒരു പദം വിശ്വാസ സമൂഹത്തോടു ചേര്‍ന്നു നടക്കുമെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.







All the contents on this site are copyrighted ©.