2011-03-28 15:04:26

മനുഷ്യനെതിരേ മനുഷ്യന്‍ നടത്തുന്ന ആക്രമണം ദൈവത്തിനെതിരായ ഗൗരവപൂര്‍ണ്ണമായ തിന്മ : മാര്‍പാപ്പ


റോം: മനുഷ്യനെതിരേ മനുഷ്യന്‍ നടത്തുന്ന ആക്രമണം ദൈവത്തിനെതിരായ ഗൗരവപൂര്‍ണ്ണമായ തിന്മയാണെന്ന് മാര്‍പാപ്പ. രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍ദ്ദോഷികളായ 335 റോമാക്കാരെ ഒരു പ്രതികാരനടപടിയുടെ പേരില്‍ നാസികള്‍ അതിക്രൂരമായി കുരുതികഴിച്ചതിന്‍റെ സ്മാരകസമാധി ഫോസെ അര്‍ദെയാത്തിനെ മാര്‍ച്ച് ഇരുപത്തിയേഴാം തിയതി ഞായറാഴ്ച സന്ദര്‍ശിച്ച മാര്‍പാപ്പ അവിടെ വച്ചു നല്‍കിയ പ്രഭാഷണത്തിലാണ് ഇപ്രകാരം പ്രബോധിപ്പിച്ചത്. 1944ല്‍ നടന്ന കൂട്ടക്കൊലയുടെ അറുപത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോസെ അര്‍ദെയാത്തിനെ സമാധി സന്ദര്‍ശിച്ച മാര്‍പാപ്പ പരേതര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച ശേഷം യുദ്ധത്തിന്‍റെയും അക്രമത്തിന്‍റെയും ഭീകരതയെക്കുറിച്ച് പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ദുരിതഫലങ്ങളെക്കുറിച്ച് ഒരു ഹ്രസ്വപ്രഭാഷണം നല്‍കുകയായിരുന്നു. അന്ധമായ ആക്രമണങ്ങള്‍മൂലം ദൈവമക്കള്‍ക്കടുത്ത അന്തസ്സും മറ്റു മനുഷ്യരോടുള്ള സാഹോദര്യവും മറന്നുപോകുന്ന മനുഷ്യര്‍ ഉണ്ടാക്കുന്ന ശൂന്യതയുടെ അഗാധ ഗര്‍ത്തം നികത്താന്‍ ദൈവത്തിന്‍റെ കാരുണ്യം അപേക്ഷിച്ചുകൊണ്ടാണ് ഈ സമാധി സന്ദര്‍ശിക്കുന്നതെന്ന് പാപ്പ പ്രഭാഷണത്തില്‍ പറഞ്ഞു. ലോകമെങ്ങുമുള്ള ജനങ്ങള്‍ ദൈവസ്നേഹത്താല്‍ പ്രേരിതരായി സമാധാനത്തില്‍ കൈകോര്‍ത്തു ജീവിക്കുവാന്‍വേണ്ടി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സമാധി-സ്മാരകത്തോട് വിടപറയുന്നതിനു മുന്‍പ് അവിടെ സന്ദര്‍ശകര്‍ക്കായുള്ള ഗ്രന്ഥത്തില്‍ “അവിടുന്ന് എന്നോടു കൂടെയുള്ളതിനാല്‍ ഒരന്ധകാര ശക്തിയേയും ഞാന്‍ ഭയപ്പെടുകയില്ല”എന്ന സങ്കീര്‍ത്തന വചനം ലത്തീന്‍ ഭാഷയില്‍ മാര്‍പാപ്പ രേഖപ്പെടുത്തി.ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു മുന്‍പ് 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമാന്‍ , 1965-ല്‍ പോള്‍ ആറാമന്‍ എന്നീ മാര്‍പാപ്പാമാരും രക്തസാക്ഷികളുടെ ഈ സമാധിസ്മാരകം സന്ദര്‍ശിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.