2011-03-24 18:02:05

‘ഫാത്തിമായുടെ പാപ്പാ’


 24 മാര്‍ച്ച് 2011, ലിസ്ബണ്‍
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമായുടെ പാപ്പായെന്ന്, പോര്‍ച്ചുഗലിലെ മെത്രാന്മാര്‍ വിശേഷിപ്പിച്ചു. മാര്‍ച്ച് 23-ാം തിയതി വ്യാഴാഴ്ച പോര്‍ച്ചുഗീസ് മെത്രാന്മാര്‍ ലിസ്ബണില്‍ ഇറക്കിയ ഒരു പ്രസ്താവനയിലാണ്, മൂന്നു പ്രാവശ്യം ഫാത്തിമാ സന്ദര്‍ശിച്ചിട്ടുള്ള കാലംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ, ‘ഫാത്തിമായുടെ പാപ്പാ’യെന്ന് വിശേഷിപ്പിച്ചത്. മെയ് 1-ാം തിയതി വത്തിക്കാനില്‍ നടക്കുവാന്‍പോകുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തെ തുടര്‍ന്ന് മെയ് 13-ാം തിയതി ഫാത്തിമാ നാഥയുടെ തിരുനാള്‍ ദിനത്തില്‍, പോര്‍ച്ചുഗലില്‍ ആ ചടങ്ങിന്‍റെ അനുസ്മരണം ദേശീയതലത്തില്‍ കൊണ്ടാടുമെന്നും പോര്‍ച്ചുഗലിലെ മെത്രാന്‍ സമിതിയുടെ സംയുക്ത പ്രസ്താവന വെളിപ്പെടുത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനംവഴി, അദ്ദേഹത്തിന്‍റെ സവിശേഷമായ വിശുദ്ധി സഭ അംഗീകരിക്കുക മാത്രമല്ല, അനുരഞ്ജനത്തിന്‍റെ പാതയില്‍ ചരിക്കുന്നതിനും വിശ്വസ്തതയോടെ ഇക്കാലഘട്ടത്തില്‍ ജീവിക്കുന്നതിനും പാപ്പായുടെ ജീവിതം ഏവര്‍ക്കും മാതൃകയും പ്രചോദനവുമാകുമെന്നും, മെത്രാന്മാരുടെ സംയുക്ത പ്രസ്താവന വെളിപ്പെടുത്തി.
ദൈവദാസനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഗുണഗണങ്ങളെ പോര്‍ച്ചുഗലിലെ മെത്രാന്മാര്‍ വിശേഷിപ്പിച്ചതിങ്ങനെയാണ്:
തീവ്രമായ ആത്മീയത തന്‍റെ ജീവിതത്തിലൂടെ വെളിപ്പെടുത്തിയ പുണ്യപുരുഷന്‍,
നീതിയുടെയും സമാധാനത്തിന്‍റെയും ശക്തനായ പ്രവാചകന്‍,
ബലഹീനരോട് ആര്‍ദ്രമായ കാരുണ്യം കാണിച്ച സ്നേഹസമ്പന്നന്‍,
ജീവനെ മാനിച്ചുകൊണ്ട്, ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുപോലെ സന്തുഷ്ടനായിരുന്ന മനുഷ്യസ്നേഹി എന്നായിരുന്നു.
Totus tuus, O Maria… എല്ലാം അങ്ങയുടേത് ഓ മറിയമേ, എന്നുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്ഥാനിക ചിഹ്നത്തിലെ ആപ്തവാക്യംതന്നെ ദൈവദാസന്‍റെ മരിയഭക്തി വെളിപ്പെടുത്തുന്നുവെന്നും,
1981 മെയ് 13 മൂന്നാം തിയതി വത്തിക്കാനില്‍ നടന്ന വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടത് മറിയത്തിന്‍റെ അത്ഭുതകരമായ മാദ്ധ്യസ്ഥമാണെന്നു വിശ്വസിച്ച മാര്‍പാപ്പ, 1982 മെയ് 13-ാം തിയതി ഫാത്തിമാ സന്ദര്‍ശിച്ചത് നന്ദിസൂചകമായിട്ടാണെന്നും പ്രസ്താവന വിശദീകരിച്ചു.







All the contents on this site are copyrighted ©.