2011-03-17 17:34:16

വിശ്വാസക്ഷയം വരുത്തുന്ന
ക്രമക്കേടുകള്‍


17 മാര്‍ച്ച് 2011, റോം
ആരാധനക്രമത്തിലെ ക്രമകേടുകള്‍ വിശ്വാസക്ഷയത്തിന് കാരണമെന്ന്, കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കേ വത്തിക്കാന്‍റെ നീതിന്യായപീഠത്തിന്‍റെ മേധാവി റോമില്‍ പ്രസ്താവിച്ചു. ദിവ്യബലിയില്‍ ശരിയായി പങ്കെടുക്കേണ്ട വിധം വിവരിക്കുന്ന ഫാദര്‍ നിക്കോളെ ബൂക്സിന്‍റെ ഇംഗ്ലിഷ് പുസ്തകത്തിന്‍റെ പ്രകാശനം മാര്‍ച്ച് 9-ാം തിയതി റോമില്‍നടത്തപ്പെട്ട വേദിയിലാണ് വത്തിക്കാന്‍റെ പരമോന്നത കോടതിയുടെ മേധാവി, കര്‍ദ്ദിനാള്‍ ബൂര്‍ക്കേ ഇപ്രകാരം പ്രസ്താവിച്ചത്. ഗ്രന്ഥകാരന്‍ ഫാദര്‍ നിക്കോളെ ബൂക്സ് ആരാധനക്രമ പണ്ഡിതനും വത്തിക്കാന്‍ വിശ്വാസ സംഘത്തിന്‍റെ ഉപദേഷ്ഠാവുമാണ്. ആരാധനക്രമ നിയമങ്ങളുടെ ലംഘനം, പ്രത്യേകിച്ച് ദിവ്യബലിയുമായി ബന്ധപ്പെട്ടവ ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ സഭയില്‍ വരുത്തുന്നുണ്ടെന്ന്, ആരാധനക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആന്തോണിയോ കനിസ്സാരെസ്സും ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കാര്‍മ്മികനാണ് ആരാധനക്രമത്തിന്‍റെ കേന്ദ്രമെന്ന ഭാവത്തില്‍ പ്രകടനപരതയോടെയുള്ള
അധിക പ്രസംഗം, അതിശയോക്തി കലര്‍ന്നതും അനുചിതവുമായ ഗാനാലാപനം, സ്വതന്ത്രവും സ്വയംപ്രേരിതവുമായ പ്രാര്‍ത്ഥനകള്‍, തുടങ്ങിയ ക്രമകേടുകള്‍ ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വത്തിക്കാന്‍റെ ആരാധനക്രമ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാല്‍ കനിസ്സാരെസ് അറിയിച്ചു. ആരാധനക്രമ നിയമങ്ങള്‍ തെറ്റിക്കുന്നത് ലാഘവത്തോടെ കാണുന്ന വൈദികരുടെയും മെത്രാന്മാരുടെയും മനോഭാവമാണ് വര്‍ദ്ധിച്ചു വരുന്ന ക്രമകേടുകള്‍ക്കു കാരണമാകുന്നതെന്നും വത്തിക്കാന്‍റെ ആരാധനക്രമ സംഘത്തിന്‍റെ മേധാവി പ്രസ്താവിച്ചു. ആരാധനക്രമത്തില്‍ വരുത്തിക്കൂട്ടുന്ന ക്രമകേടുകള്‍ സാധാരണ ജനങ്ങളുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുന്നു എന്നത് വത്തിക്കാന്‍റെ നിരീക്ഷണമാണെന്നും കര്‍ദ്ദിനാള്‍ കനിസ്സാരെസ് പ്രസ്താവിച്ചു.
സഭാ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ളതും ആനാദരപൂര്‍ണ്ണവുമായ ആരാധനക്രമത്തിലെ തല്‍ക്ഷണ പ്രാര്‍ത്ഥനകളും ഗാനാലാപനവും മറ്റു സ്വതന്ത്രമായ പ്രകടനങ്ങളും നിര്‍ത്തലാക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.