2011-03-16 17:03:05

ദുരന്തനാട്ടില്‍
യുഎന്‍ വിദഗ്ദ്ധരെത്തി


16 മാര്‍ച്ച് 2011 ജപ്പാന്‍
ജപ്പാനിലെ ജനങ്ങളെ തുണയ്ക്കുവാന്‍ യുഎന്നിന്‍റെ ന്യൂക്ലിയര്‍ ദുരന്ത വിദഗ്ദ്ധരെ അയച്ചുവെന്ന് ബാന്‍ കി മൂണ്‍ ന്യൂയോര്‍ക്കില്‍ അറിയിച്ചു.
ജപ്പാനിലുണ്ടായ ഭൂകമ്പ-സുനാമി ബാധിത പ്രദേശങ്ങളിലേയ്ക്ക് മാര്‍ച്ച്
15-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ദുരന്ത ക്രമീകരണ-വിലയിരുത്തല്‍ സംഘത്തെ UN Disaster Assessment & Coordination അയച്ചുകൊണ്ട് ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബാന്‍ കി മൂണ്‍.
മാര്‍ച്ച് 11-ന് വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന്, വടക്കു കിഴക്കന്‍ ജപ്പാനിലെ ഫുക്കൂഷിമായിലെ ആണവനിലയവും തകര്‍ന്ന് അണുപ്രസരമാരംഭിച്ച അവസ്ഥയിലാണ് അടിയന്തിരമായി യുഎന്‍ ആണവ-ദുരന്ത വിദഗ്ദ്ധര്‍ ജപ്പാനിലേയ്ക്കു പുറപ്പെട്ടത്. ഈ അടിയന്തിരാവസ്ഥയില്‍ ജപ്പാനിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും തക്കസമയത്തുവേണ്ട സുരക്ഷാനിര്‍ദ്ദേശങ്ങളും പ്രതിവിധികളും നല്കുവാന്‍ രാജ്യാന്തര തലത്തിലുള്ള യുഎന്നിന്‍റെ ദുരന്ത-വിദഗ്ദ്ധര്‍ക്ക് സാധിക്കുമെന്ന് മൂണ്‍ പ്രത്യാശപ്രകടിപ്പിച്ചു. ജപ്പാനിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ആഗോളതലത്തിലുള്ള ആണവനിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ക്രമീകരിക്കുകയും ചെയ്യുമെന്നും ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.
ഇനിയും മരണസംഖ്യ വെളിപ്പെടുത്താന്‍ കഴിയാത്ത ഈ മഹാദുരന്തത്തില്‍
ജപ്പാനിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസമെത്തിക്കാന്‍ ആഗോളതലത്തില്‍ ഐക്യരാഷ്ട്ര സംഘടന നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മൂണ്‍ തന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.







All the contents on this site are copyrighted ©.