2011-03-16 16:50:38

ഇറ്റലിയുടെ പുനഃരേകീകരണ ജൂബിലിദിനത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സന്ദേശം


16 മാര്‍ച്ച് 2011, വത്തിക്കാന്‍
ഇറ്റാലിയന്‍ ദേശീയത കത്തോലിക്കാ പാരമ്പര്യത്തില്‍ രൂഢമൂലമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇറ്റാലിയുടെ പ്രസിഡന്‍റിനയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. ഇറ്റലിയുടെ പുനഃരേകീകരണത്തിന്‍റെ 150-ാം വാര്‍ഷകത്തോടനുബന്ധിച്ച് പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിറ്റാന്, മാര്‍ച്ച് 16-ാം തിയതി ബുധനാഴ്ച അയച്ച പ്രത്യേക സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പരാമര്‍ശിച്ചത്. പുരോഗതിയിലേയ്ക്കുള്ള ഒരു ദേശീയാവബോധത്തിന്‍റെ ഫലമായിരുന്നു പുനഃരേകീകരണമെങ്കിലും, ഇന്നും ലോകം അംഗീകരിക്കുന്ന ഇറ്റലിയുടെ അനന്യമായ ഏകതയ്ക്ക് കത്തോലിക്കാ സഭ നല്കിയിട്ടുള്ള സംഭാവനകള്‍ മറക്കാനാവില്ലെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.
പുനരൈക്യത്തിലൂടെയുണ്ടായ ഇറ്റലിയുടെ നവേത്ഥാനത്തിന്‍റെ സാമൂഹ്യവും സാംസ്കാരികവും മതാത്മകവും കാലപരവുമായ ഉന്നതിയില്‍ സഭാമക്കളുടെ സംഭാവനകള്‍ സമഗ്രമായിരുന്നുവെന്നും പാപ്പാ സമര്‍ത്ഥിച്ചു.
ദാന്തേയെപ്പോലുള്ള സാംസ്കാരിക നായകന്മാരെയും മൈക്കിളാഞ്ചലോയെപ്പോലുള്ള വിശ്വത്തര ചിത്രകാരന്മാരെയും, ബര്‍ണ്ണീനിയെപ്പോലുള്ള വാസ്തു ശില്പികളെയും, റോസ്മീനിയെപ്പോലുള്ള സമൂഹ്യ നായകരെയും, ഫ്രാന്‍സിസ്സ് അസ്സീസ്സിയെയും സീയെന്നായിലെ കാതറിനെയുംപോലുള്ള ആത്മീയനായകരെയും ദേശീയ നവോത്ഥാന കാലഘട്ടത്തില്‍ സഭയ്ക്കു നല്കാനായിട്ടുണ്ടെന്ന് മാര്‍പാപ്പ തന്‍റെ സന്ദേശത്തില്‍ എടുത്തുപറഞ്ഞു. ഇറ്റലിയുടെ തലസ്ഥാനമായ റോമാ പട്ടണത്തില്‍ ചരിത്രകാലമായി ക്രിസ്തുവിന്‍റെ സഭയുടെ സിരാകേന്ദ്രവും പത്രോസിന്‍റെ അധികാര സ്ഥാനവും സ്ഥാപിതമായത് ദൈവനിയോഗമാണെന്നും, ഇറ്റാലിയന്‍ ദേശീയതയുടെ മാറ്റു വര്‍ദ്ധിപ്പിക്കുന്ന വസ്തുതയാണതെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.

വിശ്വാസ ജീവിതത്തിന്‍റെ പ്രകാശത്തില്‍ പ്രത്യാശയോടെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലേയ്ക്കും നീതിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നാടിനെ നയിക്കാനുള്ള സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് മാര്‍പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചു.
19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഇറ്റാലിയന്‍ ഉപദ്വീപില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഒരു ജനാധിപത്യ രാഷ്ട്രം രൂപീകരിച്ചതിന്‍റെ ഓര്‍മ്മയാണ് പുനഃരേകീരണദിനമായി ആഘോഷിക്കപ്പെടുന്നത്. 1815-ല്‍ ആരംഭിച്ച പുനഃരൈക്യ പരിശ്രമങ്ങള്‍ 1861-ലാണ് പൂര്‍ത്തീകരിച്ചത്







All the contents on this site are copyrighted ©.