2011-03-12 12:08:23

സുവിശേഷ പരിചിന്തനം –13 മാര്‍ച്ച് 2011
ലത്തീന്‍ റീത്ത്


മത്തായി 4, 1-11 പ്രലോഭനങ്ങളെ മറികടക്കുന്ന ക്രിസ്തു
ഉല്പത്തി2, 7-9, 16-18, 3, 1-7, റോമാക്കാര്‍ 5, 12-19.

തപസ്സുകാലം ഒന്നാം വാരം
“ഒരു മനുഷ്യന്‍റെ അനുസരണക്കേട് അനേകരെ പാപത്തിലാഴ്ത്തിയെങ്കില്‍, മറ്റൊരു മനുഷ്യന്‍റെ അനുസരണംവഴി അനേകര്‍ നീതിയിലേയ്ക്കും നന്മയിലേയ്ക്കും ആനയിക്കപ്പെട്ടു,” എന്ന പൗലോസ് അപ്പസ്തോലന്‍റെ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലെ വചനമാണ് ഉല്പത്തി പുസ്തകത്തില്‍നിന്നുമുള്ള ആദ്യവായനയും സുവിശേഷവുമായി നമ്മെ ബന്ധിക്കുന്നകണ്ണിയാകുന്നത്. ഉല്പത്തിപ്പുസ്തകത്തില്‍നിന്നുമുള്ള ആദ്യ വായന ആദി മനുഷ്യന്‍റെ അനുസരിണക്കേടിനെക്കുറിച്ചും ആദ്യപാപത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു. സുവിശേഷഭാഗം നമ്മെ അനുസ്മരിപ്പിക്കുന്നത്, പുതിയ ആദമായ ക്രിസ്തുവിന്‍റെ അനുസരണംവഴി മനുഷ്യകുലം നേടിയ നന്മയുടെ സ്വാതന്ത്ര്യമാണ്.

പാപത്തെക്കുറിച്ചോ, ജീവിതത്തിലെ കുറവുകളെക്കുറിച്ചോ സംസാരിക്കുവാന്‍ ആര്‍ക്കും വലിയ താല്പര്യമില്ലാത്ത ഒരു കാലഘട്ടമാണിത്. മനുഷ്യന്‍റെ നേട്ടങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും സംസാരിക്കുവാനാണ് എല്ലാവര്‍ക്കും താല്പര്യം. ഇങ്ങിനെയൊരു ചിന്താഗതി വളര്‍ന്നിട്ടുള്ളതുകൊണ്ട്, തിന്മയുടെ യാഥാര്‍ത്ഥ്യം അല്ലെങ്കില്‍ പാപം ഈ ലോകത്ത് നിലനില്ക്കുന്നില്ല, പാപം വേണമെങ്കില്‍ മറച്ചുവയ്ക്കാം എന്ന്. നാം എല്ലാവരും ബലഹീനരാണ്, പാപികളാണ്. പാപത്തില്‍ വീണുപോകാറുണ്ട്. ആദത്തിന്‍റെയും ഹൗവ്വായുടെയും കഥ നമ്മുടെയും കഥയാണ്. ആദം മനുഷ്യകുലത്തിന്‍റെ ഏകോപിച്ച പ്രതീകമാണ്. പാപത്തിന്‍റെ പ്രത്യാഘാതം എല്ലാവരും അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്‍റെ പാപം എന്‍റെ സഹോദരനെ വേദനിപ്പിക്കുന്നു, എന്‍റെ അയല്‍ക്കാരനെ വേദനിപ്പിക്കുന്നു. എന്‍റെ സഹോദരന്‍റെ തിന്മ എനിക്ക് വിഷമവും വേദനയുമുളവാക്കുന്നു. പാപത്തിന്‍റെ സാമൂഹ്യമാനമാണത്. തിന്മയുടെ ശക്തികള്‍ ഈ ലോകത്ത് പ്രബലപ്പെടുമ്പോള്‍ ഈ ലോകം മൊത്തമായും അതിന്‍റെ വേദനയും വിഷമവും അനുഭവിക്കുന്നു. ഇന്ന് കിഴക്കേ ആഫ്രിക്കയിലും മദ്ധ്യപൂര്‍്വ്വദേശങ്ങളിലും, എന്തിന് നമുക്കു ചുറ്റും നാം കാണുന്ന അസ്സമാധാനവും അസ്വസ്തകളുമെല്ലാം മനുഷ്യസമൂഹത്തില്‍ നിലനില്ക്കുന്ന പാപത്തിന്‍റെ, തിന്മയുടെ പ്രത്യാഘാതങ്ങളാണ്.

ഉല്പത്തിപ്പുസ്തകത്തിലെ ആദ്യപാപത്തിന്‍റെ വിവരണം, ഉത്ഭവപാപം എന്ന ആശയത്തെക്കാളുപരി, പാപം എന്ന മനുഷിക യാഥാര്‍ത്ഥ്യത്തിന്‍റെ വിവരണമായിട്ട് നാം മനസ്സിലാക്കേണ്ടതാണ്. പാപമെന്താണ് എന്നതിനുള്ള ഒരു വിവരണമാണ് നമുക്കവിടെ ലഭിക്കുന്നത്. പാപംചെയ്ത ആദിമനുഷ്യന്‍ ദൈവത്തില്‍നിന്നും ഓടി അകലുകയാണ്.., നമ്മില്‍നിന്നും, സഹോദരിനില്‍നിന്നുതന്നെയുമുള്ള ഒരു ഓടി അകലലാണ്. ഒരൊളിച്ചോട്ടമാണ് പാപം. ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഒരുപോലെ ഓടിയകലുവാന്‍ അത് ഇടയാക്കുന്നു.

വിഭൂതിത്തിരുനാളോടെ നാം വലിയനോന്‍പ് ആരംഭിച്ചുകഴിഞ്ഞു. ക്രിസ്തുനാഥന്‍റെ ഉത്ഥാനമഹത്വത്തിന്‍റെ സന്തോഷത്തിലേയ്ക്ക് അതു നമ്മെ മെല്ലെ നയിക്കും. ശാശ്വതമായ ഉയിര്‍പ്പില്‍ നിത്യമണവാളനായ ക്രിസ്തുവിനെ സുനിശ്ചിതമായി കണ്ടുമുട്ടാനും, നമ്മുടെ പാപ ജീവിതങ്ങളില്‍നിന്ന് നമ്മെ വിമുക്തരാക്കാനും, പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നമ്മെ നവീകൃതരാക്കുവാനുള്ള, ആത്മീയ നവീകരണത്തിന്‍റെ സുന്ദരദിനങ്ങളാണിത്. ആത്മാവിനെ വിശുദ്ധീകരിക്കുന്ന ഒരു ആത്മീയ യാത്രയാണിത്. രക്ഷാകരരഹസ്യങ്ങളിലൂടെ ക്രിസ്തുവിലുള്ള ജീവിതത്തെ കൂടുതല്‍ സമൃദ്ധമാക്കുവാന്‍ ഈ തപസ്സുകാലത്തു നമുക്ക് സാധിക്കണം. മാതൃക ക്രിസ്തുവാണ്.

പ്രലോഭനങ്ങളെ അതിജീവിക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. തന്‍റെ പരസ്യജീവിത്തിന് പ്രാരംഭമായി പ്രലോഭനങ്ങള്‍ക്കെതിരെ ക്രിസ്തു നടത്തിയ വിജയപ്രദമായ സമരമാണത്.
ഈ നോന്‍പാചരണത്തില്‍ നമ്മുടെ ചിന്തകള്‍ ക്രിസ്തു നാഥനോടൊപ്പം പ്രാര്‍ത്ഥനയുടെ ഏകാന്തയില്‍ ഉയര്‍ത്താം. മരുഭൂമിയില്‍ ക്രിസ്തുവിനുണ്ടായ പ്രലോഭനത്തിന്‍റെ അനുസ്മരണം നമ്മുടെയും ദുര്‍ബലതയെക്കുറിച്ച് ബോധമുണ്ടാകാനുള്ള ക്ഷണമാണ്. വ്യക്തി ജീവിതത്തില്‍ പാപത്തില്‍നിന്നും നമ്മെ സ്വതന്ത്രരാക്കി ക്രിസ്തുവിനോടു ചേര്‍ത്തുകൊണ്ട്, നവശക്തി പകരുന്ന കൃപാവരം സ്വീകരിക്കാനുള്ള അവസരമാണിത്. .
എന്നും ഈ ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ട ഒരാത്മീയ യുദ്ധമുണ്ട് എന്നുള്ള ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്, നാം ധ്യാനിക്കുന്ന ക്രിസ്തുവിന്‍റെ മരുഭൂമിയിലെ പ്രലോഭനങ്ങള്‍. ഈ ലോകത്തിലെ അന്ധകാര ശക്തികള്‍ക്കെതിരെയുള്ള യുദ്ധമാണിത്. ദൈവത്തോടും മനുഷ്യരോടും കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കുന്ന ആരെയും തിന്മയുടെ ശക്തികള്‍ പ്രലോഭിപ്പിക്കും. ഈ പ്രലോഭനം ലോകത്ത് എന്നും തുടര്‍ന്നു കൊണ്ടേയിരിക്കും. നമ്മുടെ ഹൃദയങ്ങളെ പ്രത്യാശയിലേയ്ക്ക് ആനയിക്കാനും തിന്മയുടെ പ്രലോഭനങ്ങളെ കീഴടക്കുന്നതില്‍ നമ്മെ നയിക്കുന്നതിനും ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കാം. അവിടുന്ന് നമ്മെ ഓരോരുത്തരെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും അനുഭവത്തിനായി ആത്മീയതയുടെ മരുഭൂമിലേയ്ക്കു ഈ തപസ്സിലൂടെ മാടിവിളിക്കുന്നു.
അനുദിന ജീവിതത്തിന്‍റെ ബഹളങ്ങളില്‍ നിന്നകന്ന് ദൈവസാന്നിദ്ധ്യത്തില്‍ മുഴുകുവാനുള്ള ക്ഷണംകൂടിയാണ് ഈ തപസ്സ്. ക്രിസ്തുവിനെ അടുത്തു പിഞ്ചെല്ലുവാന്‍ നമ്മുടെ മനസ്സിനെ ഇന്നത്തെ സുവിശേഷ വചനത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ട്, നന്മയെ തിന്മയില്‍നിന്നു തിരിച്ചറിയുന്നതിനും, തിന്മയില്‍ വീണുപോയെങ്കില്‍ നന്മയിലേയ്ക്ക് തിരികെ വരുന്നതിനും ക്രിസ്തുവിന്‍റെ ഈ ക്ഷണം സ്വീകരിക്കാം.
നീണ്ട 40 ദിനരാത്രങ്ങളിലെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും അവസാനം ക്രിസ്തു, പിതാവിന്‍റെ പദ്ധതിയില്‍നിന്നും പിന്തിരിയുവാനും, കുരിശിന്‍റെ പാതയില്‍നിന്നും പിന്മാറാനുള്ള പ്രലോഭനങ്ങളെ ജയിച്ച്, ആത്മീയതയുടെ നിറവില്‍ തന്നെത്തനെ ജീവിതദൗത്യത്തിലേയ്ക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന മുഹൂര്‍ത്തമാണ് നോമ്പിലെ ആദ്യ ഞായറാഴ്ച നാം ധ്യാനിക്കുന്നത്.
മരുഭൂമിയില്‍ ക്രിസ്തു നേരിടേണ്ടി വന്നത് ത്രിവിധ പ്രലോഭനങ്ങളാണെന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു. സമ്പത്തിന്‍റെയും പ്രശസ്തിയുടെയും അധികാരത്തിന്‍റെയും പ്രലോഭനങ്ങളായിരുന്നു അവ.

1. ധാരാളിത്തത്തിന്‍റെയും ഭൗതിക സമ്പന്നതയുടെയും സ്വര്‍ഗ്ഗം സൃഷ്ടിക്കുക എന്നതായിരുന്ന ആദ്യത്തെ പ്രലോഭനം. കല്ലുകളെല്ലാം അപ്പമാക്കി മാറ്റുക...
ഈ ലോകത്തു ജീവിക്കുന്നിടത്തോളം കാലം തിന്നും കുടിച്ചും സുഖലോലുപതയില്‍ ജീവിക്കണമെന്ന, ആര്‍ക്കും ഉണ്ടാകാവുന്ന ഒരു മനോഭാവവും പ്രലോഭനവുമാണിത്.. ഭൗതികസുഖങ്ങളില്‍ ചാരിതാര്‍ത്ഥ്യം കണ്ടെത്തുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രലോഭനമായിരുന്നു ആദ്യത്തേത്.. നിയമാവര്‍ത്തന പുസ്തകത്തിലെ വരികളാണ് ഈ അവസരത്തില്‍ അനുസ്മരിക്കപ്പെടുന്നത്. “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്,” എന്ന്.
ഭൗതിക വസ്തുക്കളുടെ ക്ഷേമ സങ്കല്പങ്ങള്‍ നമ്മെയും പ്രലോഭിപ്പിക്കാം.
തിന്നു കുടിച്ചു സുഖമായി ജീവിക്കുന്ന മനോഭാവം നമ്മെ യഥാര്‍ത്ഥ സന്തോഷത്തിലേയ്ക്ക് ഒരിക്കലും നയിക്കുകയില്ല. മറിച്ച് അത് അസ്വസ്തതയിലും, ആലസ്യങ്ങളിലും, അസന്തുഷ്ടിയിലും നിരാശയിലും ദുഃഖത്തിലും അതുനമ്മെ ആഴ്ത്തും. നിത്യതയ്ക്കുവേണ്ടിയുള്ള ദാഹമാണ് നമ്മെ നയിക്കേണ്ടത്.

2. അടുത്ത പ്രലോഭനം അമാനുഷ പ്രവൃത്തിയിലൂടെ പേരും പെരുമയും നേടാനുള്ളതായിരുന്നു. ദേവാലയഗോപുരത്തില്‍നിന്നും താഴെ താഴ്വാരത്തേയ്ക്ക് ചാടുക. അതുവഴി ജനപ്രീതി നേടിയെടുക്കുക. ഇതായിരുന്നു ക്രിസ്തുവിന്‍റെ രണ്ടാമത്തെ പ്രലോഭനം. പ്രശസ്തിക്കായുള്ള കുറുക്കുവഴികളാണ് നമ്മുടെ മുന്നില്‍ ഇങ്ങനെ അവതരിക്കപ്പെടുന്നത്. ഈ പരീക്ഷണത്തെയും ക്രിസ്തു തള്ളിക്കളയുന്നു.
“നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്,” എന്ന ക്രിസ്തുവിന്‍റെ ശാസനമാണ് ഈ പ്രലോഭനത്തില്‍നിന്നുള്ള രക്ഷാ മാര്‍ഗ്ഗമായി നാം കാണുന്നത്.
ഇതുപോലുള്ള പൊള്ളയായ പ്രലോഭനങ്ങളില്‍നിന്നും അനുദിന ജീവിതത്തില്‍ രക്ഷപ്രാപിക്കാന്‍ കാര്‍ക്കശ്യത്തിന്‍റെ ശൈലിയും ശാസനവും ഉപയോഗിക്കേണ്ടി വരാം. അതിനുള്ള ആത്മധൈര്യവും ധാര്‍മ്മിക ശക്തിയും നാം വളര്‍ത്തിയെടുക്കണം.

3. മൂന്നാമത്തെ പ്രലോഭനം തിന്മയുടെ ശക്തിയെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങള്‍ കരഗതമാക്കുവാനുള്ള പരിശ്രമമാണ്. തിന്മയെ സേവിച്ചാല്‍ ഉന്നതവിജയം നേടാമെന്ന പ്രലോഭനം.
സാഷ്ട്രംഗപ്രണാമംചെയ്ത് എന്നെ ആരാധിച്ചാല്‍, ഈ ഭൗമിക സമ്പത്തുകളൊക്കെ നിനക്കു തരാമെന്നതാണ്, പ്രലോഭനം.
ദൈവത്തെ മറന്നും മാറ്റിവച്ചും സൃഷ്ടവസ്തുക്കളിലേയ്ക്കും അവയുടെ ആര്‍ഭാടങ്ങളിലേയ്ക്കും തിരിയുക എന്നതാണ് ഈ പ്രലോഭനം. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മനുഷ്യരായ നമുക്കെപ്പോഴും ഉണ്ടാകാവുന്ന ഒരു പ്രലോഭനമാണിത്, സമ്പത്തിനും അധികാരത്തിനുംവേണ്ടി തിന്മയെ കൂട്ടുപിടിക്കുക. ഇന്നത്തെ ലോകത്തിന്‍റെ ഗതിവിഗതികള്‍ അധികവും സമ്പന്നതയുടെയും ഭൗതിക വസ്തുക്കളുടെയും പിറകെ പോകുന്ന ഒരു ശൈലിയാണ്.

നമ്മുടെ ജീവിതത്തില്‍ ദൈവത്തിനുള്ള പ്രാഥമ്യത്തെ തകര്‍ക്കുന്ന സമ്പാദനത്തിന്‍റെയും ദ്രവ്യാഗ്രഹത്തിന്‍റെയും പ്രലോഭനം മിക്കപ്പോഴും ജീവിതയാത്രയില്‍ നാം നേരിടുന്നതാണ്. സമ്പാദിച്ചു കൂട്ടാനുള്ള അത്യാഗ്രഹം അക്രമത്തിലേയ്ക്കും ചൂഷണത്തിലേയക്കും മരണത്തിലേയ്ക്കും നയിക്കുന്നു.
. ദൈവത്തെ മറന്ന് ഭൗമിക സമ്പത്തിനും പേരിനും പെരുമയ്ക്കും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള പരക്കംപാച്ചില്‍ അര്‍ത്ഥശൂന്യമാണെന്നാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു
നോമ്പുകാലത്ത്, ദാനധര്‍മ്മം അഭ്യസിക്കാന്‍ സഭ നമ്മെ ഓര്‍പ്പിക്കുന്നതും ഭൗതിക വസ്തുക്കളോടുള്ള വിരക്തിയുടെ ഭാഗമായിട്ടാണ്. ഇത് പങ്കുവയ്ക്കാനുള്ള കഴിവാണ്. ഭൗമവസ്തുക്കളോടുള്ള അമിതാസക്തിയിലുള്ള ജീവിതം നമ്മെ മനുഷ്യരില്‍നിന്ന്, സഹോദരങ്ങളില്‍നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. മനുഷ്യനെ കൊള്ളയടിക്കാനും, വഞ്ചിക്കാനും സ്വാര്‍ത്ഥതയില്‍ ഉപയോഗിക്കാനും, ആരെയും തട്ടിമാറ്റി മുന്നോട്ടു പോകണമെന്ന പ്രവണത ജീവിത്ത്തില്‍ വളരുന്നതും അമിതമായ ഭൗതികാസക്തിയില്‍നിന്നുമാണ്.
സുവിശേഷത്തിലെ ഉപമയിലേതുപോലെ, ദൈവം നമ്മോടും പറയുമെന്നോര്‍ക്കുക, “ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും.”
............................................................................................................................................................................
ദാനധര്‍മ്മത്തിന്‍റെ ആഭ്യസനം ജീവിതത്തില്‍, ദൈവത്തിന്‍റെ പ്രാഥമ്യത്തെക്കുറിച്ചുള്ള ഓര്‍മ്മിപ്പിക്കലാണ്. ഇത് നമ്മുടെ ശ്രദ്ധയെ മറ്റുള്ളവരിലേയ്ക്കു തിരിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവ് എത്ര നല്ലവനാണെന്നു വീണ്ടും കണ്ടെത്താനും അവിടത്തെ കാരുണ്യം ലഭിക്കാനും അതു നമ്മെ സഹായിക്കും. നോമ്പുകാലം മുഴുവനിലും സഭ നമുക്ക് പ്രത്യേകമായി ദൈവവചനത്തിന്‍റെ സമൃദ്ധിയാണ് നല്കുന്നത്. ഓരോ ദിവസവും വചനാധിഷ്ഠിതമായി ജീവിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും അത് ആന്തരികമാക്കുകയും വേണം. അങ്ങനെ വിലപ്പെട്ടതും പകരം വയ്ക്കാനാവാത്തതുമായ ഈ വചനാധിഷ്ഠിതമായ പ്രാര്‍ത്ഥനാരൂപം ഈ തപസ്സില്‍ സ്വാംശീകരിക്കാം. നിരന്തരം നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുന്ന ദൈവത്തെ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ട്.. മാമ്മോദീസായില്‍ തുടങ്ങിയ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കാം. സമയത്തെക്കുറിച്ചുള്ള ഒരു പുതിയ സങ്കല്പം നേടാനും പ്രാര്‍ത്ഥന നമ്മെ അനുവദിക്കുന്നു. നിത്യതയെയും പരലോക ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്ലാതിരുന്നാല്‍ സമയം ഭാവിയില്ലാത്ത ഒരു ചക്രവാളത്തിലേയ്ക്ക് നമ്മുടെ കാലടികളെ നയിച്ചുകൊണ്ടേയിരിക്കും. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിനായി സമയം കണ്ടെത്തുന്നു. അവിടത്തെ വചനങ്ങള്‍ കടന്നു പോകുകയില്ലെന്ന്, (മാര്‍ക്ക് 13, 31). മനസ്സിലാക്കാന്‍ സാധിക്കുന്നു. നമ്മില്‍നിന്ന് ആര്‍ക്കും എടുത്തുമാറ്റാന്‍ കഴിയാത്ത, ദൈവവുമായുള്ള ഗാഢമായ ബന്ധത്തില്‍ നാം വളരുന്നു. നിത്യജീവനെപ്പറ്റി നിരാശപ്പെടുത്താത്ത ഒരു പ്രത്യാശയിലേയ്ക്ക് അതു മെല്ലെ നമ്മെ നയിക്കുന്നു.

കുരിശിന്‍റെ രഹസ്യത്തെപ്പറ്റി ധ്യാനിക്കാന്‍ നാം ക്ഷണിക്കപ്പെടുന്ന നോമ്പുകാല യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്, ക്രിസ്തുവിന്‍റെ മരണത്തിന്‍റെ മാതൃക നമ്മില്‍ പുനഃരാവിഷ്ക്കരിക്കാനാണ്. വ്യക്തിജീവിതത്തില്‍ ആഴമായ മാനസാന്തരം സൃഷ്ടിച്ചുകൊണ്ടാണ് അതു സാധിക്കേണ്ടത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ നാം പരിവര്‍ത്തന വിധേയരാകേണ്ടതാണ്. നമ്മുടെ അസ്തിത്വത്തെ ദൈവേഷ്ടപ്രകാരം ദൃഢനിശ്ചയത്തോടെ നയിക്കാം. മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്താനുള്ള വാസനയെ കീഴടക്കിക്കൊണ്ടും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്ക് തുറന്നുകൊടുത്തുകൊണ്ടും ‘അഹം’ ഭാവത്തില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കാനും ഈ ദിനങ്ങളില്‍ സാധിക്കട്ടെ. ജീവിതത്തെ ആത്മാര്‍ത്ഥമായി പരിശോധിച്ച് ദുര്‍ബലതകളെ തിരച്ചറിഞ്ഞ്, അനുരഞ്ജനത്തിന്‍റെ കൂദാശയിലൂടെ നമ്മിലുള്ള ദൈവവരപ്രസാദം നവീകരിക്കാന്‍ ദൃഢനിശ്ചയത്തോടെ ക്രിസ്തുവിലേയ്ക്കു സഞ്ചരിക്കാന്‍ ഈ നോന്‍മ്പിലൂടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.
ദൈവം കാരുണ്യവാനും ദയാലുവുമാണ്.
............................................................................................................................................................................
തപസ്സനുഷ്ഠാനംവഴി നമ്മുടെ ആത്മീയയാത്ര കൂടുതല്‍ ഗൗരവത്തോടെ നയിക്കാനും, ഏറ്റവും സന്തോഷകരമായും ആഘോഷപൂര്‍വ്വകമായും കര്‍ത്താവിന്‍റെ ഉയിര്‍പ്പ് ആഘോഷിക്കാനും തയ്യാറാകാം. ദൈവവചനത്താലും പ്രാര്‍ത്ഥനയാലും ഉപവാസത്താലും പ്രായശ്ചിത്ത കര്‍മ്മങ്ങളാലും നിയിക്കപ്പെടാന്‍ ഈ ദിനങ്ങളില്‍ പ്രത്യേകമായി പരിശ്രമിക്കാം. തപസ്സാചരണത്തിലൂടെ ക്രിസ്ത്വാനുകരണത്തില്‍ സ്വീകരിക്കേണ്ട നവീനവും സുനിശ്ചിതവുമായ കര്‍മ്മപദ്ധതികളുടെ വെളിച്ചത്തില്‍, ദൈവത്തിന് കൂടുതല്‍ പൂര്‍ണ്ണമായി നമ്മെത്തന്നെ സമര്‍പ്പിക്കാനും അവിടുത്തേയ്ക്ക് പ്രീതികരമായി ജീവിക്കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. End







All the contents on this site are copyrighted ©.