2011-03-10 20:15:04

തപസ്സ് മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗമെന്ന്
- മാര്‍പാപ്പ


10 മാര്‍ച്ച് 2011 വത്തിക്കാന്‍
അര്‍ത്ഥസംമ്പൂര്‍ണ്ണമായ ആത്മീയാനുഭവത്തിന്‍റെ കാലമാണ് തപസ്സെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വിഭൂതിത്തിരുനാളില്‍ ഉദ്ബോധിപ്പിച്ചു.
മാര്‍ച്ച് 9-ാം തിയതി റോമിലെ വിശുദ്ധ സബീനയുടെ ബസിലിക്കായില്‍ വിഭൂതി തിരുനാളിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്.
തപസ്സുകാലം ദുഃഖാചരണത്തിന്‍റെ മന്ദിതമായ ഒരു കാലമാണെന്ന് പൊതുവെ ധാരണയുണ്ടെങ്കിലും, അത് കര്‍ത്താവിന്‍റെ പെസഹായിലേയ്ക്ക് ഉത്ഥാനത്തിലേയ്ക്കും ഏവരേയും ക്ഷണിക്കുന്ന ദൈവംതരുന്ന ആത്മീയ സന്തോഷത്തിന്‍റെയും വിശുദ്ധിയുടെ വഴിയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
തപസ്സുകാലത്തെ ധ്യാനാത്മകമായ വിശുദ്ധ ഗ്രന്ഥഭാഗങ്ങളും പ്രാര്‍ത്ഥനകളും മനോഹരവും സജീവവുമായ ആത്മീയാനുഭവത്തിലേയ്ക്ക് ഏവരെയും വളര്‍ത്തുന്ന മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗമാണെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
മാനസാന്തരത്തിലേയ്ക്ക് മനുഷ്യനെ വിളിക്കുന്നത് കാരുണ്യവാനും സ്നേഹസമ്പന്നനുമായ ദൈവമാണെന്നും, കലുഷിതമായ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തില്‍ യഥാര്‍ത്ഥമായ മാനസാന്തരത്തിലൂടെ മാത്രമേ പുരോഗതി പ്രാപിക്കാനാവൂ എന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.
ദൈവത്തിന്‍റെ കൃപാവരമാണ് മാനസാന്തരത്തിന് വഴിയൊരുക്കുന്നതെന്നും, വിളിക്കപ്പെട്ടവര്‍ക്കുപോലും വിശുദ്ധിയില്‍ ജീവിക്കാന്‍ നിരന്തരമായ പരിശ്രമം ആവശ്യമാണെന്നും മാര്‍പാപ്പ തന്‍റെ വിഭൂതിത്തിരുനാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. രഹസ്യത്തില്‍ ചെയ്യുന്നതുപോലും അറിയുന്ന ദൈവസന്നിധിയില്‍ തപസ്സിലെ 40 ദിവസങ്ങള്‍ ബോധ്യത്തോടെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദാനധര്‍മ്മങ്ങളിലും ചിലവഴിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.