2011-03-07 14:54:01

ഷബാസ്സ് ഭട്ടി രക്തസാക്ഷി


കഴിഞ്ഞ ബുധനാഴ്ച ഇസ്ലാമാദില്‍ വധിക്കപ്പെട്ട പാക്കിസ്ഥാന്‍ ന്യൂനപക്ഷകാര്യ മന്ത്രി ഷബാസ്സ് ഭട്ടിക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മാര്‍ച്ച് ആറാം തിയതി ഞായറാഴ്ച റോമില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ മുഖ്യകാര്‍മ്മീകത്വം വഹിച്ച കര്‍ദ്ദിനാള്‍ ജീന്‍ ലൂയി തൗറാന്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷബാസ്സ് ഭട്ടി ഒരു രക്തസാക്ഷിയാണെന്ന് അഭിപ്രായപ്പെട്ടത്. ജനപ്രീതിയും അധികാരവുമല്ല യേശുവിന്‍റെ കുരിശിന്‍റെ താഴെ നില്‍ക്കാന്‍ മാത്രമാണ് താനാഗ്രഹിക്കുന്നതെന്ന ഷബാസ്സ് ഭട്ടിയുടെ വാക്കുകള്‍ സഭാപിതാക്കന്‍മാരുടെ വാക്കുകളോടു കിടപിടിക്കുന്നതാണെന്നും മതാന്തര സംവാദങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ തൗറാന്‍ പറഞ്ഞു. താന്‍ വധിക്കപ്പെടുമെന്നറിഞ്ഞിട്ടും ധൈര്യപൂര്‍വ്വം ക്രിസ്തുവിനു സാക്ഷൃം നല്‍കികൊണ്ട് മതാന്തരസംവാദത്തിനായി പ്രവര്‍ത്തിച്ച ഷബാസ്സ് ഭട്ടി ഒരിക്കലും വിദ്വേഷത്തിന്‍റെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. സമര്‍പ്പിതനല്ലായിരുന്നെങ്കിലും ഒരു സമര്‍പ്പിതന്‍റേതുപോലെയുള്ള ജീവിതം നയിച്ചിരുന്ന ഭട്ടിയുടെ ജീവിതം ക്രൈസ്തവജീവിതത്തില്‍ തീക്ഷണത കുറഞ്ഞുവരുന്ന പശ്ചാത്യലോകത്തിന് വലിയൊരു മാതൃകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആറാം തിയതി ഞായറാഴ്ച തൃകാലപ്രാര്‍ത്ഥനയ്ക്കുശേഷം മാര്‍പാപ്പയും ഷബാസ്സ് ഭട്ടിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഷബാസ്സ് ഭട്ടിയുടെ ജീവാര്‍പ്പണം ജനമനസ്സാക്ഷി തൊട്ടുണര്‍ത്തട്ടെയെന്നാണ് പാപ്പ പ്രാര്‍ത്ഥിച്ചത്. ഷബാസ്സ് ഭട്ടിയുടെ കൊലപാതകത്തിനെതിരേയും മതനിന്ദാകുറ്റത്തിനെതിരേയും അന്താരാഷ്ട്ര തലത്തില്‍ ധാര്‍മ്മീകരോഷം തുടരുകയാണ്.
മാര്‍ച്ച് ആറാം തിയതി ഞായറാഴ്ച പാക്കിസ്ഥാനില്‍ ഷബാസ്സ് ഭട്ടിയെ അനുസ്മരിച്ചുകൊണ്ട്. പ്രാര്‍ത്ഥനാ ദിനമായി ആചരിക്കപ്പെട്ടു. അന്നാട്ടിലെ അഞ്ഞൂറോളം ദേവാലയങ്ങളില്‍ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കപ്പെട്ടു. അനേകര്‍ പാക്കിസ്ഥാന്‍ തെരുവുകളില്‍ പ്രതിഷേധപ്രകടന റാലികളും നടത്തി. മാര്‍ച്ച് നാലാം തിയതി വെള്ളിയാഴ്ച പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് അദ്ദേഹത്തിന്‍റെ അന്തിമോപചാര ചടങ്ങുകള്‍ നടന്നത്. മൃത സംസ്ക്കാര ചടങ്ങുകളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനിയും വിവിധ രാഷ്ട്രീയ നേതാക്കളും സഭാപ്രതിനിധികളുമടക്കം ഇരുപതിനായിരത്തോളം പേര്‍ പങ്കുകൊണ്ടു.








All the contents on this site are copyrighted ©.