2011-03-07 14:50:43

വൈദീകര്‍ സുവിശേഷത്തിന്‍റെ സജീവ വക്താക്കളായിത്തീരണമെന്ന് കര്‍ദ്ദിനാള്‍ പിയാച്ചെന്‍സ


ഏഴാം തിയതി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വൈദീകര്‍ക്കുവേണ്ടിയുള്ള നോമ്പുകാല വിചിന്തനത്തിലാണ് വൈദീകര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മൗറോ പിയാച്ചെന്‍സാ വൈദീകര്‍ സുവിശേഷത്തിന്‍റെ സജീവ വക്താക്കളായിത്തീരണമെന്ന് ആഹ്വാനം ചെയ്തത്. വൈദീകര്‍ തങ്ങളര്‍പ്പിക്കുന്ന കൂദാശകളില്‍ പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബ്ബാനയില്‍ ഉള്‍ച്ചേരണമെന്നു പ്രബോധിപ്പിച്ച കര്‍ദ്ദിനാള്‍ ഒരു വൈദീകന്‍റെ തനിമ വെളിപ്പെടുന്നത് ദിവ്യകാരുണ്യത്തിലാണെന്നും വിശദീകരിച്ചു. അക്രൈസ്തവമായിത്തീരുന്ന ഒരു ലോകത്തില്‍ നവസുവിശേഷ വല്‍ക്കരണത്തിന്‍റെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നു പ്രസ്താവിച്ച കര്‍ദ്ദിനാള്‍ നവസുവിശേഷവല്‍ക്കരണത്തോടൊപ്പം വൈദീകരുടെ ആന്തരീകനവീകരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിച്ചു. അന്യരെ സേവിക്കാനായി സ്വയം സമര്‍പ്പിച്ചുകൊണ്ട് വൈദീകര്‍ കുരിശില്‍ ക്രിസ്തു അര്‍പ്പിച്ച ബലിയില്‍ പങ്കുകാരാകണമെന്നും കര്‍ദ്ദിനാള്‍ വൈദീകരെ അനുസ്മരിപ്പിച്ചു. സഭയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടത്ര വൈദീകരിലാത്തതു വലിയൊരു കുറവാണെങ്കിലും തുടര്‍ച്ചയായ ആന്തരീക പരിവര്‍ത്തനത്തിലൂടെ നിരന്തരമായി നവീകരിക്കപ്പെടുന്ന വൈദീകരിലൂടെ പരിശുദ്ധാത്മാവ് ഇനിയും പൗരോഹിത്യത്തിലേക്ക് വ്യക്തികളെ വിളിക്കുമെന്നും കര്‍ദ്ദിനാള്‍ പിയാച്ചെന്‍സ പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.