2011-03-05 15:10:35

സുവിശേഷ പരിചിന്തനം – 6 മാര്‍ച്ച് 2011
സീറോ മലബാര്‍ റീത്ത്


മത്തായി 4, 1-11 പ്രലോഭനങ്ങളെ മറികടക്കുന്ന ക്രിസ്തു
തപസ്സുകാലം ഒന്നാം വാരം

ഉയിര്‍പ്പു തിരുനാളാഘോഷത്തിലേയ്ക്കു നമ്മെ നയിക്കുന്ന നോമ്പുകാലം ആഗതമായി. ക്രൈസ്തവമക്കള്‍ക്ക് ഏറ്റവും വിലപ്പെട്ടതും പ്രധാനപ്പെട്ടതുമായ ആരാധനക്രമ കാലഘട്ടമാണല്ലോ ഇത്. ശാശ്വതമായ ഉയിര്‍പ്പില്‍ നിത്യമണവാളനായ ക്രിസ്തുവിനെ സുനിശ്ചിതമായി കണ്ടുമുട്ടാന്‍ കാത്തിരിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നമുക്ക് നവീകൃതരാകാം. ആത്മാവിനെ വിശുദ്ധീകരിക്കുനുള്ള യാത്ര തീവ്രതരമാക്കാം. രക്ഷാകരരഹസ്യങ്ങളിലൂടെ ക്രിസ്തുവിലുള്ള ജീവിതത്തെ കൂടുതല്‍ സമൃദ്ധമാക്കുവാന്‍ ഈ തപസ്സുകാലത്തു നമുക്ക് സാധിക്കുണം.
മാമ്മോദീസയാണ് ക്രിസ്തുവിലുള്ള നവജീവിതം നമുക്കു പ്രദാനംചെയ്യുന്നത്. ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും നാം പങ്കുകാരായി. അതുവഴി ക്രിസ്തുവിന്‍റെ ശിഷ്യത്വത്തിലുള്ള സന്തോഷപ്രദമായതും അതേ സമയം സാഹസികവുമായ യത്നം നമ്മള്‍ ആരംഭിക്കുകയാണ്. ആരും സ്വന്തം പരിശ്രമത്തിലൂടെ നിത്യജീവന്‍ സമ്പാദിക്കുന്നില്ല. പാപത്തെ ഇല്ലായ്മ ചെയ്യുന്നതും അതേ സമയം നമ്മുടെ ജീവിതത്തില്‍, യേശുവിന്‍റെ മനസ്സ് (ഫിലി. 2, 5) അനുഭവിച്ചറിയാന്‍ അനുവദിക്കുന്നതുമായ ദൈവിതകകാരുണ്യം മനുഷ്യര്‍ക്ക് ദാനമായി നല്കപ്പെടുന്നു. ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലുമുള്ള ഭാഗഭാഗിത്വംവഴി സംഭവിക്കുന്ന രൂപാന്തരീകരണത്തിന്‍റെ അര്‍ത്ഥം പൗലോസ് അപ്പസ്തോലന്‍, ഫിലിപ്പിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്..
“ക്രിസ്തുവിനെയും അവിടുത്തെ ഉത്ഥാനത്തിന്‍റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും, അവിടുത്തെ സഹനത്തില്‍ പങ്കുചേരുന്നതിനും മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍നിന്നുമുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” (ഫിലി.3, 10-11). അതുകൊണ്ട് മാമ്മോദീസ കഴിഞ്ഞുപോയ ഒരനുഷ്ഠാമല്ല. പിന്നെയോ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്. അത് ദൈവിക ജീവന്‍ നല്കിക്കൊണ്ടും ആത്മാര്‍ത്ഥമായ മാനസാന്തരത്തിലേയ്ക്ക് നമ്മെ അനുദിനം വിളിച്ചുകൊണ്ടും വ്യക്തിയുടെ മുഴുവന്‍ അസ്തിത്വത്തെയും രൂപവത്ക്കിരക്കുന്ന കൂദാശയാണ്. കൃപാവരത്തില്‍ ആരംഭിക്കുകയും പിന്താങ്ങപ്പെടുകയും ചെയ്തുകൊണ്ട് മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തിക്ക് ക്രിസ്തുവിന്‍റെ പക്വതയിലെത്തിച്ചേരാന്‍ പരിശ്രമിച്ചാല്‍ സാധിക്കും.

മാമ്മോദീസായും നോമ്പുകാലവും തമ്മില്‍ പ്രത്യേകമായ ഒരു ബന്ധമുണ്ട്. കാരണം, മാമ്മോദീസായിലൂടെ ലഭിച്ചിട്ടുള്ള രക്ഷാകര കൃപ അനുഭവിച്ചറിയാന്‍ അനുകൂലമായ കാലമാണിത്. യഥാര്‍ത്ഥത്തില്‍ സഭയെന്നും ഈസ്റ്റര്‍ ജാഗരണത്തെ മാമ്മോദീസയുടെ ആഘോഷവുമായി ബന്ധിപ്പിച്ചിരുന്നു. ഈ കൂദാശ മഹത്തായ ഒരു രഹസ്യത്തെ സാക്ഷാത്ക്കരിക്കുന്നു. ആ രഹസ്യത്തില്‍ മനുഷ്യന്‍ പാപത്തിനു മരിക്കുകയും ഉത്ഥിതനായ ക്രിസ്തുവിന്‍റെ നവജീവനില്‍ പങ്കുചേരുകയും യേശുവിനെ മൃതരില്‍നിന്ന് ഉയിര്‍പ്പിച്ച അതേ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്യുന്നു. റോമാ. 8, 11. ഈ സൗജന്യദാനത്തെ നമ്മില്‍ ഓരോരുത്തരിലും എപ്പോഴും പുനരുജ്ജ്വലിപ്പിക്കണം. നോമ്പുകാലം ജ്ഞാനസ്നാത്തിന്‍റേതുപോലുള്ള ഒരു നവജീവന്‍റെവഴി നമുക്കു തുറന്നു തരുന്നു.
ഉയിര്‍പ്പു തിരുനാളിലേയ്ക്കുള്ള നമ്മുടെ യാത്ര കൂടുതല്‍ ഗൗരവത്തോടെ തുടങ്ങാനും മുഴുവന്‍ ആരാധനക്രമ വര്‍ഷത്തിലെയും ഏറ്റവും സന്തോഷകരവും ആഘോഷപൂര്‍വ്വകവുമായ കര്‍ത്താവിന്‍റെ ഉയിര്‍പ്പ് ആഘോഷിക്കാന്‍ തയ്യാറാകാനും ദൈവവചനത്താലും പ്രാര്‍ത്ഥനകളാലും ഉപവാസത്താലും പ്രായശ്ചിത്ത കര്‍മ്മങ്ങളാലും നിയക്കപ്പെടാന്‍ സ്വയം നാം അനുവദിക്കേണ്ടതാണ്. സ്നാനം സ്വീകരിച്ച ക്രൈസ്തവ മക്കള്‍ തപസ്സാചരണത്തിലൂടെ ക്രിസ്ത്വാനുകരണത്തില്‍ സ്വീകരിക്കേണ്ട നവീനവും സുനിശ്ചിതവുമായ നടപടികളുടെ വെളിച്ചത്തില്‍, ദൈവത്തിന് കൂടുതല്‍ പൂര്‍ണമായി നമ്മെത്തന്നെ സമര്‍പ്പിക്കാന്‍ പരിശ്രമിക്കാം.

നോമ്പുകാലത്തിലെ ഒന്നാമത്തെ ഞായറാഴ്ച ഭൂമിയിലെ നമ്മുടെ മാനുഷികാവസ്ഥ വ്യക്തമാക്കുന്ന ഒരു സുവിശേഷ ധ്യാനമാണ് ആരാധനക്രമത്തിലുള്ളത്.... പ്രലോഭനങ്ങളെ മറികടക്കുന്ന ക്രിസ്തു. നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. തനിക്കുണ്ടായ പ്രലോഭനങ്ങള്‍ക്കെതിരെ ക്രിസ്തു നടത്തിയ വിജയപ്രദമായ സമരമാണ് അവിടുത്തെ ദൗദ്യനിര്‍വ്വഹണത്തിനായുള്ള പരസ്യജീവിത്തിന് പ്രാരംഭമായി കാണുന്നത്. ഈ നോയിമ്പാചരണത്തിന് ആമുഖമായി നമ്മുടെ ചിന്തകള്‍ ക്രിസ്തു നാഥനോടൊപ്പം പ്രാര്‍ത്ഥനയുടെ ഏകാന്തയില്‍ ഉയര്‍ത്താം. നമ്മുടെ ദുര്‍ബലതയെക്കുറിച്ച് ബോധമുണ്ടാകാനുള്ള ക്ഷണമാണ് മരുഭൂമിയില്‍ ക്രിസ്തുവിനുണ്ടായ പ്രലോഭനത്തിന്‍റെ അനുസ്മരണം.. വ്യക്തി ജീവിതത്തില്‍ പാപത്തില്‍നിന്നും നമ്മെ സ്വതന്ത്രരാക്കി ക്രിസ്തുവിനോടു ചേര്‍ത്തുകൊണ്ട് ഒരു നവശക്തി പകരുന്ന കൃപാവരം സ്വീകരിക്കാനുള്ള അവസരമാണീ തപസ്സ്. ക്രിസ്തുവിന്‍റെ മാതൃക അനുകരിച്ചു അവിടത്തോടുകൂടി എന്നും നാം ഈ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ട ഒരാത്മീയ യുദ്ധമുണ്ട് എന്നുള്ള ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ് ഈ സുവിശേഷഭാഗം. ഈ ലോകത്തിലെ അന്ധകാര ശക്തികള്‍ക്കെതിരേയുള്ള (എഫേ. 6, 12( യുദ്ധമാണിത്. ദൈവത്തോട് കുടൂതല്‍ അടുക്കാന്‍ ആഗ്രഹിക്കുന്ന ആരെയും പ്രലോഭിപ്പിക്കുന്നതാണ് തിന്മയുടെ ശക്തി. അത് ഈ ലോകത്ത് എന്നും തുടര്‍ന്നു കൊണ്ടേയിരിക്കും. നമ്മുടെ ഹൃദയങ്ങളെ പ്രത്യാശയിലേയ്ക്കു ആനയിക്കാനും തിന്മയുടെ പ്രലോഭനങ്ങളെ കീഴടക്കുന്നതില്‍ നമ്മെ നയിക്കുന്നതിനും ക്രിസ്തു നമുക്കുമുന്നേ വിജയശ്രീലാളിതനായി ഉത്ഥാനംചെയ്തു.

ദൈവസാന്നിദ്ധ്യത്തില്‍ മുഴുകിക്കൊണ്ട് അനുദിന ജീവിതത്തിന്‍റെ ബഹളങ്ങളില്‍ നിന്നകന്നു നില്കുവാനുള്ള ക്ഷണവുമാണ് ഈ തപസ്സ്.
ക്രിസ്തുവിനെ അടുത്തു പിഞ്ചെല്ലുവാന്‍ നമ്മുടെ മനസ്സിനെ ഇന്നത്തെ സുവിശേഷ വചനത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ട്, നന്മയെ തിന്മയില്‍നിന്നു തിരിച്ചറിയുന്നതിനും, തിരിച്ചെടുക്കുന്നതിനും നമുക്കു പരിശ്രമിക്കാം.
നീണ്ട 40 ദിനരാത്രങ്ങളിലെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും അന്ത്യത്തില്‍ കുരിശിന്‍റെ പാതയില്‍നിന്നു പിന്തിരിയുവാനുള്ള പ്രലോഭനങ്ങളെ ജയിച്ച് സ്വജീവിതം പിതാവിന്‍റെ തിരുഹിതത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന ക്രിസ്തുവിനെയാണ് നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ച നാം കണ്ടുമുട്ടുന്നത്.
മരുഭൂമിയിലെ ഏകാന്തതയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും തന്‍റെ ആന്തരീക ശക്തി ബലപ്പെടുത്തിയ ക്രിസ്തുനാഥന്‍ നേരിടേണ്ടി വന്നത് ത്രിവിധ പ്രലോഭനങ്ങളാണെന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു. സമ്പത്തിന്‍റെയും പ്രശസ്തിയുടെയും അധികാരത്തിന്‍റെയും പ്രലോഭനങ്ങളാണ്.

ധാരാളിത്തത്തിന്‍റെയും ഭൗതിക സമ്പന്നതയുടെയും സ്വര്‍ഗ്ഗം സൃഷ്ടിക്കുക എന്നതായിരുന്ന ആദ്യത്തെ പ്രലോഭം. കല്ലുകളെല്ലാം അപ്പമാക്കി മാറ്റുക...
ഈ ലോകത്തു ജീവിക്കുന്നിടത്തോളം കാലം തിന്നും കുടിച്ചും സുഖലോലുപതയില്‍ ജീവിക്കണമെന്ന, ആര്‍ക്കും ഉണ്ടാകാവുന്ന ഒരു മനോഭാവമാണിത്. ഭൗതിക സുഖങ്ങളില്‍ ചാരിതാര്‍ത്ഥ്യം കണ്ടെത്തുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രലോഭനമായിരുന്നു ആദ്യത്തേത്.. നിയമാവര്‍ത്തന പുസ്തകത്തിലെ വരികളാണ് ഈ അവസരത്തില്‍ അനുസ്മരിക്കപ്പെടുന്നത്. “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്,” എന്ന്.

ഭൗതിക വസ്തുക്കളുടെ ക്ഷേമ സങ്കല്പങ്ങള്‍ നമ്മെയും പ്രലോഭിപ്പിക്കാം.
തിന്നു കുടിച്ചു സുഖമായി ജീവിക്കുന്ന മനോഭാവം നമ്മെ യഥാര്‍ത്ഥ സന്തോഷത്തിലേയ്ക്ക് ഒരിക്കലും നയിക്കുകയില്ല. മറിച്ച് അസ്വസ്തതയിലേയ്ക്കും, ആലസ്യങ്ങളിലേയ്ക്കും, അസന്തുഷ്ടിയിലേയ്ക്കും നിരാശയിലേയ്ക്കും ദുഃഖത്തിലേയ്ക്കും നയിക്കാം. നിത്യതയ്ക്കുവേണ്ടിയുള്ള ദാഹമാണ് നമ്മെ നയിക്കേണ്ടത്.

രണ്ടാമത്തെ പ്രലോഭനം അമാനുഷ പ്രവൃത്തിയിലൂടെ പേരും പെരുമയും നേടാനുള്ളതായിരുന്നു. ദേവാലയഗോപുരത്തില്‍നിന്നും താഴെ താഴ്വാരത്തേയ്ക്ക് ചാടുക. അതുവഴി ജനപ്രീതി നേടിയെടുക്കുക. പ്രശസ്തിക്കായുള്ള കുറുക്കുവഴികളാണ് നമ്മുടെ മുന്നില്‍ ഇങ്ങനെ അവതരിക്കപ്പെടുന്നത്. ഈ പരീക്ഷണത്തെയും ക്രിസ്തു പാടെ തള്ളിക്കളയുന്നു.
“നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്,” എന്ന ക്രിസ്തുവിന്‍റെ ശാസനമാണ് ഈ പ്രലോഭനത്തില്‍നിന്നുള്ള രക്ഷാ മാര്‍ഗ്ഗമായി നാം കാണുന്നത്.
ഇതുപോലുള്ള പൊള്ളയായ പ്രലോഭനങ്ങളില്‍നിന്നും അനുദിന ജീവിതത്തില്‍ രക്ഷപ്രാപിക്കാന്‍ കാര്‍ക്കശ്യത്തിന്‍റെ ശൈലിയും ശാസനവും ഉപയോഗിക്കേണ്ടി വരാം. അതിനുള്ള ആത്മധൈര്യവും ധാര്‍മ്മിക ശക്തിയും നാം വളര്‍ത്തിയെടുക്കണം.

മൂന്നാമത്തെ പ്രലോഭനം തിന്മയുടെ ശക്തിയെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങള്‍ കരഗതമാക്കുവാനുള്ള പരിശ്രമമാണ്. തിന്മയുടെ ശക്തിയെ വണങ്ങിയാല്‍, സേവിച്ചാല്‍ ഉന്നതവിജയും നേടിത്തരാമെന്ന പ്രലോഭനം. ദൈവത്തെ മറന്നും മാറ്റിവച്ചും നമ്മളും സൃഷ്ടവസ്തുക്കളിലേയ്ക്കും അവയുടെ ആര്‍ഭാടങ്ങളിലേയ്ക്കും തിരിയാറുണ്ട്. സമ്പത്തിനും അധികാരത്തിനുംവേണ്ടി തിന്മയെ കൂട്ടുപിടിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ക്രിസ്തു അനുസ്മരിപ്പിക്കുകയാണ്, തിന്മയുമായി യാതൊരു വിട്ടുവീഴ്ചയും, വേഴ്ചയും പാടില്ലായെന്ന്.

നമ്മുടെ ജീവിതത്തില്‍ ദൈവത്തിനുള്ള പ്രാഥമ്യത്തെ തകര്‍ക്കുന്ന സമ്പാദന പ്രലോഭനവും ദ്രവ്യാഗ്രഹവും മിക്കപ്പോഴും ജീവിതയാത്രയില്‍ നാം നേരിടുന്നതാണ്. സമ്പാദിച്ചു കൂട്ടാനുള്ള അത്യാഗ്രഹം അക്രമത്തിലേയ്ക്കും ചൂഷണത്തിലേയക്കും മരണത്തിലേയ്ക്കും നയിക്കുന്നു. അതുകൊണ്ട് സഭ, പ്രത്യേകിച്ച് നോമ്പുകാലത്ത്, ദാനധര്‍മ്മം അഭ്യസിക്കാന്‍ ഓര്‍പ്പിക്കുന്നത്. ഇത് പങ്കുവയ്ക്കാനുള്ള കഴിവാണ്. എന്നാല്‍ ഭൗമവസ്തുക്കളെ സേവിച്ചാല്‍ മനുഷ്യരില്‍നിന്ന് നാം അകന്നുപോകും, മാത്രമല്ല, അതു മനുഷ്യനെ കൊള്ളയടിക്കാനും, വഞ്ചിക്കാനും ഇടയാക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ചതിക്കും. എന്തെന്നാല്‍ ജീവന്‍റെ ഏക ഉറവിടമായ ദൈവത്തിന്‍റെ സ്ഥാനത്ത് ഭൗതിക വസ്തുക്കളെ അതു പ്രതിഷ്ഠിക്കുന്നു. നമ്മുടെ ഹൃദയംനിറയേ സ്വാര്‍ത്ഥതയും സ്വന്തം പദ്ധതികളും കരുതിവച്ചുകൊണ്ട്, നമ്മുടെ ഭാവി ഉറപ്പുള്ളതാണെന്നു കരുതി വഞ്ചിക്കപ്പെട്ടാല്‍, എങ്ങനെയാണ് ദൈവത്തിന്‍റെ പിതൃസഹജമായ നന്മ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. സുവിശേഷത്തിലെ ഉപമപോലെ, (ലൂക്കാ 12, 19.) “ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും.”

ദാനധര്‍മ്മത്തിന്‍റെ ആഭ്യസനം ദൈവത്തിന്‍റെ പ്രാഥമ്യത്തെക്കുറിച്ചുള്ള ഓര്‍മ്മിപ്പിക്കലാണ്. ഇത് നമ്മുടെ ശ്രദ്ധയെ മറ്റുള്ളവരിലേയ്ക്കു തിരിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ് എത്ര നല്ലവനാണെന്നു വീണ്ടും കണ്ടെത്താനും അവിടത്തെ കാരുണ്യം ലഭിക്കാനും അതു നമ്മെ സഹായിക്കും.

നോമ്പുകാലം മുഴുവനിലും സഭ നമുക്ക് പ്രത്യേകമായി ദൈവവചനത്തിന്‍റെ സമൃദ്ധിയാണ് നല്കുന്നത്. ഓരോ ദിവസവും വചനം ജീവിക്കുന്നതിനുവേണ്ടി അതിനെക്കുറിച്ചു ധ്യാനിക്കുകയും അത് ആന്തരികമാക്കുകയും വേണം. അങ്ങനെ വിലപ്പെട്ടതും പകരം വയ്ക്കാനാവാത്തതുമായ ഈ വചനാധിഷ്ഠിതമായ പ്രാര്‍ത്ഥനാരൂപം സ്വാംശീകരിക്കാം. നിരന്തരം നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുന്ന ദൈവത്തെ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ട്. മാമ്മോദീസായില്‍ തുടങ്ങിയ വിശ്വാസ തീര്‍ത്ഥാടനം പരിപോഷിപ്പിക്കാം. സമയത്തെക്കുറിച്ചുള്ള ഒരു പുതിയ സങ്കല്പം നേടാനും പ്രാര്‍ത്ഥന നമ്മെ അനുവദിക്കുന്നു. നിത്യതയെയും പരലോകജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്ലാതിരുന്നാല്‍ സമയം ഭാവിയില്ലാത്ത ഒരു ചക്രവാളത്തിലേയ്ക്ക് നമ്മുടെ കാലടികളെ നയിച്ചുകൊണ്ടേയിരിക്കും. നേരേമറിച്ച്, നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിനായി സമയം കണ്ടെത്തുന്നു. അവിടത്തെ വചനങ്ങള്‍ കടന്നു പോകുകയില്ലെന്ന്, (മാര്‍ക്ക് 13, 31). മനസ്സിലാക്കാന്‍ സമയം കണ്ടെത്തുന്നു. നമ്മില്‍നിന്ന് ആര്‍ക്കും എടുത്തുമാറ്റാന്‍ കഴിയാത്ത, (യോഹ.16.22) ദൈവവുമായുള്ള അവഗാഢമായ ബന്ധത്തിലേയ്ക്ക് പ്രവേശിക്കാന്‍ സമയം ലഭിക്കുന്നു. നിത്യജീവനെപ്പറ്റി നിരാശപ്പെടുത്താത്ത പ്രത്യാശയിലേയ്ക്ക് അതു മെല്ലെ പ്രവേശിപ്പിക്കുന്നു.

കുരിശിന്‍റെ രഹസ്യത്തെപ്പറ്റി ധ്യാനിക്കാന്‍ നാം ക്ഷണിക്കപ്പെടുന്ന നോമ്പുകാലയാത്രകൊണ്ട് ഉദ്ദേശിക്കുന്നത്, ക്രിസ്തുവിന്‍റെ മരണത്തിന്‍റെ മാതൃക നമ്മില്‍ പുനഃരാവിഷ്ക്കരിക്കാനാണ്. ജീവിതത്തില്‍ ആഴത്തിലുള്ള മാനസാന്തരം സൃഷ്ടിച്ചുകൊണ്ടാണ് അതു സാധിക്കേണ്ടത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനംവഴി നാം പരിവര്‍ത്തന വിധേയരാകേണ്ടതാണ്. നമ്മുടെ അസ്തിത്വത്തെ ദൈവേഷ്ടപ്രകാരം ദൃഢനിശ്ചയത്തോടെ നയിക്കാം. മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്താനുള്ള വാസനയെ കീഴടക്കിക്കൊണ്ടും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്ക് തുറന്നുകൊടുത്തുകൊണ്ടും ‘അഹം’ ഭാവത്തില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കാനും ഈ ദിനങ്ങളില്‍ സാധിക്കട്ടെ. ജീവിതത്തെ ആത്മാര്‍ത്ഥമായി പരിശോധിച്ച് ദുര്‍ബലതകളെ തിരച്ചറിഞ്ഞ്, അനുരഞ്ജനത്തിന്‍റെ കൂദാശയിലൂടെ നമ്മിലുള്ള ദൈവവരപ്രസാദം നവീകരിക്കാന്‍ ദൃഢനിശ്ചയത്തോടെ ക്രിസ്തുവിലേയ്ക്കു സഞ്ചരിക്കാന്‍ ഈ നോന്‍മ്പിലൂടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ദൈവം കാരുണ്യവാനും ദയാലുവുമാണ്......
End







All the contents on this site are copyrighted ©.