2011-03-02 17:09:46

ഷബാസ് ഭട്ടിയുടെ കൊലപാതകം
ക്രൈസ്തവര്‍ക്കെതിരെയുള്ള ക്രൂരത


3 മാര്‍ച്ച് 2011, പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍റെ ന്യൂനപക്ഷകാര്യ മന്ത്രി, ഷബാദ് ഭട്ടിയുടെ കൊലപാതകം
ക്രൈസ്തവര്‍ക്കെതിരെയുള്ള നീചമായ ക്രൂരതയുടെ പ്രതീകമെന്ന്,
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, പരിശുദ്ധ സിംഹാസനത്തിന്‍റെ
പ്രസ്സ് ഓഫിസ് മേധാവി റോമില്‍ പ്രസ്താവിച്ചു. മാര്‍ച്ച് 2-ാം തിയതി ബുധനാഴ്ച രാവിലെ തന്‍റെ വസതിയില്‍നിന്നും ഇസ്ലാമാബാദിലെ ഓഫിസിലേയ്ക്ക് കാറില്‍ പുറപ്പെടവേയാണ് ഷബാദ് അജ്ഞാതരുടെ നിരന്തരമായ വെടിയേറ്റു വീണത്. ആക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നതായിട്ട് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഷബാദിന്‍റെ ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ തറച്ചിരുന്നതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിലപാടില്‍ മന്ത്രി സഭായോഗങ്ങളില്‍ ഷബാദ് ഭട്ടി ഉറച്ചുനിന്നിരുന്നു. മതനിന്ദ നിയമത്തെ എതിര്‍ത്ത പഞ്ചാബ് പ്രവിഷ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസ്വീറും ജനുവരി 4-ന് സ്വന്തം അംഗരക്ഷകന്‍റെ വെടിയേറ്റു മരിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വത്തിക്കാനില്‍വന്ന് ബനഡികട് 16-ാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഷബാദ് ഭട്ടി ന്യൂപക്ഷ കാര്യാലയത്തിന്‍റെ പ്രഥമ കത്തോലിക്കാ മന്ത്രിയായിരുന്നെന്നും, പാക്കിസ്ഥാനിലെ വിവിധ മതങ്ങളുടെ സമാധാനപരമായ നിലനില്പിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച വ്യക്തിയായിരുന്നെന്നും വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ലൊമ്പര്‍ഡി മാധ്യമങ്ങള്‍ക്കു നല്കിയ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി.
അധിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പതറാതെനിന്നുകൊണ്ട് പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍
ജീവന്‍ സമര്‍പ്പിച്ച ഷബാദ് ഭട്ടിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പയുടെ പേരില്‍ അഭ്യര്‍ത്ഥിച്ച ഫാദര്‍ ലൊമ്പാര്‍ഡി, മനുഷ്യാന്തസ്സിനു നിരക്കാത്തതും നിന്ദ്യവുമായ കൊലപാതകത്തെ അപലപിക്കുകയും ചെയ്തു.
ആരും കൊലപാതകക്കുറ്റം ഏറ്റെടുത്തിട്ടില്ലായെങ്കിലും, ‘മതനിന്ദാ നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇതായിരിക്കും വിധിയെന്ന്’ അറിയിക്കുന്ന പാക്കിസ്ഥാനി തലിബാന്‍റെ നോട്ടീസുകള്‍ സംഭവസ്ഥലത്ത് വിതറിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.