2011-02-28 13:55:06

മാര്‍പാപ്പയുടെ തൃകാല പ്രാര്‍ത്ഥനാ സന്ദേശം 27.02.2011


പ്രിയ സഹോദരീ സഹോദരന്‍മാരെ,

വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും സ്പര്‍ശനീയമായ | ഒരു വചനഭാഗമാണ് നാം വായിച്ചത്. ദുരിതങ്ങളാല്‍ വലയുന്ന ജറുസലേം നഗരത്തെ ആശ്വസിപ്പിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സ്വരം ഏശയ്യാ പ്രവാചകന്‍റെ വാക്കുകളിലൂടെ പ്രകടമാകുകയാണ്. മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ നിന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. പിതാവായ ദൈവത്തിന്‍റെ അച്ഞ്ചലമായ സ്നേഹത്തിലേക്കുള്ള ക്ഷണമാണ് മത്തായിയുടെ സുവിശേഷത്തിലും ആവര്‍ത്തിക്കപ്പെടുന്നത്. ആകാശത്തിലെ പറവകളെ തീറ്റിപോറ്റുകയും വയലിലെ ലില്ലികളെ മനോഹരമായി അലങ്കരിക്കുകയും നമ്മുടെ ആവശ്യങ്ങള്‍ അറിയുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ തിരുവുള്ളത്തില്‍ ആശ്രയമര്‍പ്പിക്കുവാന്‍ ക്രിസ്തു തന്‍റെ ശിഷ്യന്‍മാരോടാഹ്വാനം ചെയ്യുന്നു. ഗുരു അവരോട് ഇപ്രകാരമാണ് പറയുന്നത്. “അതിനാല്‍ എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്തു ധരിക്കും എന്നു വിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അറിയുന്നു.” കഷ്ടപാടില്‍ കഴിയുന്ന അനേകം മനുഷ്യരെ സംബന്ധിച്ച് ക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ യഥാര്‍ത്ഥ്യമല്ലെന്നോ യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നോ തോന്നിയേക്കാം. സത്യത്തില്‍ രണ്ടു യജമാനന്‍മാരെ ഒരുമിച്ചു സേവിക്കാന്‍ നമുക്കു സാധിക്കുകയിലെന്ന് മനസിലാക്കിത്തരാനാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. തന്‍റെ മക്കളെ നിസീമമായി സ്നേഹിക്കുന്ന ദൈവപിതാവില്‍ വിശ്വസിക്കുന്നവര്‍ എല്ലാറ്റിനുമുപരിയായി അവിടുത്തെ തിരുഹിതവും അവിടുത്തെ രാജ്യവും അന്വേഷിക്കും. ഇത് ജീവിതത്തിന്‍റെ ദുര്‍വിധിയെ പഴിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ദൈവഹിതത്തിലുളള വിശ്വാസം മനുഷ്യാന്തസ്സിനു ചേര്‍ന്ന ജീവിതത്തിനുവേണ്ടിയുള്ള മനുഷ്യയത്നങ്ങള്‍ ഇല്ലാതാക്കുന്നില്ല. എന്നാല്‍ അത് നാളെക്കുറിച്ചുള്ള ആശങ്കയില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നു. എല്ലാവരെയും സംബന്ധിച്ച് സത്യവും യഥാര്‍ത്ഥവുമായ ഈ ക്രിസ്തു സനന്ദേശം ഓരോരുത്തരുടെയും ജീവിതവിളിക്കനസരിക്കനുസരിച്ച് വ്യത്യസ്ഥമായ രീതികളിലാണ് പ്രാവര്‍ത്തീകമാകുന്നത്. ഒരു ഫ്രാന്‍സീസ്ക്കന്‍ സന്ന്യസ്തസഭാംഗത്തിന് ഈ വാക്കുകള്‍ അക്ഷരംപ്രതി പ്രാവര്‍ത്തിമാക്കാന്‍ സാധിക്കും എന്നാല്‍ ഭാര്യയും മക്കളുമുള്ള ഒരു കുടുംബനാഥനെ സംബന്ധിച്ച് തന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ട കടമയുണ്ട്. ഏതു സാഹചര്യത്തിലും ക്രിസ്തുവിനെപ്പോലെ പിതാവില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിക്കുന്ന ക്രൈസ്തവന്‍ വേറിട്ടു നില്‍ക്കും. പിതാവുമായുള്ള ബന്ധമാണ് ക്രിസ്തുവിന്‍റെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. പിതാവിനോടുള്ള ബന്ധത്തിലൂടെയാണ് ക്രിസ്തുവിന്‍റെ വാക്കുകള്‍ക്കും, രക്ഷാകരദൗത്യത്തിനും, പീഢാനുഭവത്തിനും മരണത്തിനും ഉത്ഥാനത്തിനും അര്‍ത്ഥപൂര്‍ണ്ണത ലഭിക്കുന്നത്. അന്യരുടെ അവസ്ഥകള്‍ മനസിലാക്കിക്കൊണ്ടു ഈ ഭൂമിയില്‍ പാദങ്ങള്‍ ഊന്നിക്കൊണ്ട് അതേസമയം നമ്മുടെ ഹൃദയങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവപിതാവിന്‍റെ കരുണയില്‍ അര്‍പ്പിച്ചുകൊണ്ട് ജീവിക്കുന്നതെങ്ങനെയാണെന്ന് യേശു നമുക്കു കാണിച്ചുതരുന്നു.

പ്രിയ സുഹൃത്തുകളെ,

ഈ ഞായറാഴ്ചയിലെ വിശുദ്ധ ഗ്രന്ഥഭാഗം നല്‍കുന്ന വെളിച്ചത്തില്‍ ദൈവഹിതത്തിന്‍റെ മാതാവ് എന്ന ശീര്‍ഷകത്തോടെ പരിശുദ്ധ മാതാവിന്‍റെ മധ്യസ്ഥം തേടാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നമ്മുടെ ജീവിതങ്ങളും സഭയുടെ യാത്രയും ചരിത്രത്തിന്‍റെ ഭാഗമാകുന്ന മാനുഷീക പ്രവര്‍ത്തനങ്ങളും ദിവ്യജനനിയുടെ കരങ്ങളില്‍ നമുക്കു സമര്‍പ്പിക്കാം. ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന സൃഷ്ട വസ്തുക്കളെ ആദരിച്ചുകൊണ്ട് ദൈനം ദിന ജീവിത പ്രവര്‍ത്തനങ്ങളില്‍ ദൈവത്തില്‍ ആശ്രയമര്‍പ്പിച്ചുകൊണ്ട് ലാളിത്യത്തോടെയും ഏളിമയോടെയും ജീവിക്കുവാന്‍ വേണ്ടി പരിശുദ്ധ മറിയത്തിന്‍റെ പ്രത്യേക മാധ്യസ്ഥം നമുക്കപേക്ഷിക്കാം.







All the contents on this site are copyrighted ©.