2011-02-26 15:02:48

സുവിശേഷപരിചിന്തനം – 27 ഫെബ്രുവരി 2011 ഞായര്‍
മലങ്കര റീത്ത്


 മത്തായി 25, 31-46 ആനിദേ ഞായര്‍
മരിച്ചുപോയ സകല ആത്മാക്കളുടെയും ഓര്‍മ്മ മലങ്കരസഭ കൊണ്ടാടുന്ന ദിവസമാണ് ആനിദേ ഞായര്‍. പരേതരെക്കുറിച്ചുള്ള ഓര്‍മ്മ കരണീയമാണ്. നാം എല്ലാവരും ഈ ഭൂമിയില്‍നിന്നും ഒരുനാള്‍ കടന്നു പോകേണ്ടവരാണെന്നുള്ളത്, പ്രകൃതിയുടെ അലംഘനീയമായ നിയമമാണ്. നമുക്കു മുന്നേപോയവര്‍ നമ്മുടെ വഴികാട്ടികളാണ്. അവരുടെ ത്യാഗപൂര്‍ണ്ണവും വിശ്വാസപൂര്‍വ്വവുമായ ജീവിതം നമ്മെ നയിക്കുന്നു, നമുക്കു മാതൃകയായി നില്കുന്നു.
.
മഹാകവി മേരി ജോണ്‍ തോട്ടം, അല്ലെങ്കില്‍ സിസ്റ്റര്‍ മേരി ബെനീഞ്ഞാ ലോകമേ യാത്ര, എന്ന തന്‍റെ ഖണ്ഡകാവ്യത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു.

ഇഹത്തിലെ ധനം സുഖം യശസ്സുമാഭിജാത്യവും
വഹിച്ചുകൊണ്ടു പോകയില്ല മര്‍ത്യനന്ത്യ യാത്രയില്‍
അഹന്തകൊണ്ടഴുക്കുപറ്റിടാത്ത പുണ്യമൊന്നു താന്‍
മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും....... എന്ന്.

മഹാകവി പറയുന്ന അഹന്തകൊണ്ട് അഴുക്കു പറ്റിടാത്ത പുണ്യം, എളിമയുള്ള സഹോദര സ്നേഹമാണ്. അതോടൊപ്പം ഇഹലോകത്തിന്‍റെ ക്ഷണികതയും ഈ വരികളിലൂടെ കവയത്രി വിവരിക്കുന്നു.
നന്മചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും തിന്മചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയര്‍പ്പിനായും കടന്നുവരുന്ന അന്ത്യവിധി-നാളിനെക്കുറിച്ച് യേശുനാഥന്‍ നമ്മെ ഇന്നത്തെ ആരാധനക്രമത്തിലൂടെയും വചനഭാഗത്തിലൂടെയും അനുസ്മരിപ്പിക്കുന്നു. ഈ ലോകജീവിതം നന്മയുടെയും സ്നേഹത്തിന്‍റെയും പരോപകാരത്തിന്‍റെയും ജീവിതമാകുമ്പോള്‍, അതു നിത്യതയുടെ തീരംപുല്‍കുമെന്നതില്‍ സംശയമില്ല. ക്രിസ്തുനാഥന്‍ സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച പാഠമാണിത്. നമ്മെ ദ്വേഷിക്കുന്നവരെപ്പോലും സ്നേഹിക്കാനും അവര്‍ക്ക് നന്മചെയ്യാനും അവിടുന്നു പഠിപ്പിച്ചു. പിതാവേ ഇവരോടു ക്ഷമിക്കേണമേ, എന്നാണ് അവസാനമായി കുരിശ്ശില്‍കിടന്നുകൊണ്ട് ക്രിസ്തു പ്രാര്‍ത്ഥിച്ചത്. ശത്രുക്കളോടു ക്ഷമിക്കണമേ, എന്നാണ് പ്രാര്‍ത്ഥിച്ചത്.

നന്മചെയ്ത് ജീവിക്കുന്നവര്‍ക്ക് മരണം ഒരിക്കലും ഒരു പേടിസ്വപ്നമല്ല. അവരുടെ ഓരോ ദിവസത്തെയും ജീവിതം അജ്ഞാതമായ ആ ദിവസത്തിനുവേണ്ടിയുള്ള ഒരുക്കമാണ്. വിളക്കുപീഠത്തില്‍ ഉയര്‍ത്തിവച്ച, തെളിയുന്ന വിളക്കിനു സമാനമാണവരുടെ ജീവിതം. ഏവര്‍ക്കും നന്മയുടെ വെളിച്ചം പരത്തി ഉയര്‍ന്നു നില്ക്കുന്നു. സ്നേഹത്തിന്‍റെയും നന്മയുടെയും കൈത്തിരികളായി ക്രൈസ്തവ ജീവിതങ്ങള്‍ തെളിഞ്ഞു നില്കണം.

ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിത്യതയെക്കുറിച്ചു പറയുമ്പോള്‍ത്തന്നെ നാം അറിയണം ഒടുവില്‍ ഒരു വിധിയുണ്ടാകുമെന്ന്. ഒരേ വലയില്‍ ശേഖരിക്കപ്പെടുന്ന മത്സ്യങ്ങളില്‍നിന്ന് നിത്യനായ മുക്കുവന്‍ തരംതിരിക്കും. ഒരോ കളപ്പുരയില്‍ ശേഖരിക്കുന്ന കൊയ്ത്തില്‍നിന്ന് കാറ്റിനഭിമുഖമായി പാറ്റി നിത്യനായ കൃഷിക്കാരന്‍ കളയും
വിളയും വേര്‍തിരിക്കും. ഒരേ ആട്ടിന്‍ പറ്റത്തില്‍നിന്ന് ചെമ്മരിയാടുകളെയും കോലാടുകളെയും നിത്യനായ ഇടന‍ന്‍ വേര്‍തിരിക്കും... എന്നാണ് അന്ത്യവിധിയുടെ ഉപമവ്യക്തമാക്കുന്നത്.

മൈക്കളാഞ്ചലോ രചിച്ച അന്ത്യവിധിയുടെ വിശ്വത്തര കലാസൃഷ്ടി വത്തിക്കാനിലെ സിക്സ്റ്റൈന്‍ കപ്പേളയുടെ മേല്‍ത്തട്ടിയില്‍ ഇന്നും തെളിഞ്ഞു നില്കുന്നു. വിധിയാളന്‍റെ ഇടതും വലതും ഭാഗങ്ങള്‍ തിന്മയുടെയും നന്മയുടെയും വേര്‍തിരിവ് വ്യക്തമായി കാണിക്കുന്നു. വലതുഭാഗത്ത് നന്മയും ഇടതുഭാഗത്തു തിന്മയുമായിട്ടാണ് കലാകാരന്‍ ചാതുരിയോടെ ഭാവനയില്‍ പറുദീസായും നരകവും ചിത്രീകരിച്ചിരിക്കുന്നത്. ഇടതുവശത്ത് നില്‍ക്കുന്നവരുടെ കൂട്ടത്തിലാണ് മൈക്കിളാഞ്ചലോ തന്നെത്തന്നെ വരച്ചു ചേര്‍ത്തിരിക്കുന്നത്. തന്‍റെ ജീവിതത്തിന്‍റെ നിസ്സാരതയും ബലഹീനതകളും മൈക്കിളാഞ്ചലോ ഏറ്റുപറയുന്നതുപോലെ. എല്ലാ പ്രതിഭകളുടെയും നേട്ടങ്ങളും സമ്പത്തും പ്രശസ്തിയും വലുപ്പവുമെല്ലാം നിസ്സാരമാണെന്ന് ഓര്‍പ്പിക്കുകയാണ്.

പാപങ്ങളെല്ലാം നീ ഓര്‍ത്തിടുകില്‍ ആര്‍ക്കുള്ളു രക്ഷയീ പാരിടത്തില്‍‍‍‍‍‍,
എന്ന പരേതസ്മരണാഗീതം മനസ്സില്‍ അലയടിക്കുമ്പോള്‍ വിറയലിച്ചു പോകും.
...........................
നിത്യതയുടെ തീരത്ത് നാം എത്തുമ്പോള്‍ ജീവിതത്തിന്‍റെ മേന്മയുടെ അളവുകോല്‍ അല്ലെങ്കില്‍ മാനദണ്ഡം സ്നേഹമാണ്. നിന്‍റെ സഹോദരങ്ങള്‍ക്കായ് നീ എന്തുചെയതു എന്നതാണ് അടിസ്ഥാന അളവ്.
എന്തു സമ്പാദിച്ചെന്നോ, എത്ര പഠിച്ചെന്നോ, എന്തു ജോലിയായിരുന്നെന്നോ, പള്ളിയില്‍ കൃത്യാമായി പോകുമായിരുന്നോ, ഇതൊന്നുമല്ല പ്രശ്നം.
എളിയ സഹോദരങ്ങള്‍ക്കായ് ചെയ്തപ്പോള്‍, എല്ലാം ദൈവത്തിനായ് ചെയ്തുവെന്നും,
ഈ എളിവരെ നിഷേധിച്ചപ്പോള്‍ , ദൈവത്തെ നിഷേധിച്ചുവെന്നുമാണ് സാരം.
നിത്യത ഇവിടെ ഇപ്പോള്‍ നാം തന്നെയാണ് തീരുമാനിക്കുന്നത്, തീരുമാനിക്കേണ്ത്. മനുഷ്യര്‍ നിത്യതയ്ക്കുവേണ്ടി ഒരുങ്ങേണ്ടവരാണ്. സ്നേഹത്തിന്‍റെ ഭാഷയറിഞ്ഞവരേ സ്നേഹരാജ്യത്ത് എത്തിച്ചേരുകയുള്ളൂ.

അപ്പോള്‍ പ്രഭാതമായി. കിഴക്കുനിന്നു സൂര്യകിരണങ്ങള്‍ സ്വര്‍ണ്ണപ്രഭയില്‍ ഉയര്‍ന്ന്, തെളിഞ്ഞുനിന്നു. സൂര്യകിരണങ്ങളില്‍ തിളങ്ങുന്നൊരു തേര് എനിക്കു നേരെ വരുന്നുണ്ടായിരുന്നു. ഞാന്‍ എന്‍റെ ഭിക്ഷാപാത്രമെടുത്ത് ഒരുങ്ങുനിന്നു.
ഈ പ്രഭാതത്തില്‍ ആദ്യമായി ഒരാള്‍ എന്നെ സഹായിക്കുമല്ലോ, അതും തേരില്‍ വരുന്നൊരു ധനാഠ്യന്‍. ഞാന്‍ പ്രതീക്ഷയോടെ കാത്തുനിന്നു.
എന്‍റെ ഹൃദയമിടിച്ചു. എനിക്കാശ്ചര്യമായി, ഇതാ തേര് എന്‍റെ പക്കലേയ്ക്കുതന്നെ പാഞ്ഞുവരുന്നു. അത്ഭുതമെന്നു പറയേണ്ടു, എന്ത് രാജാവ് എന്‍റെ പക്കല്‍ വരികയോ. അതാ, തേര് എന്‍റെ പക്കല്‍ വന്നുനിന്നു. അത് രാജാവിന്‍റെ തേരായിരുന്നു. എന്‍റെ പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട്, ഇതാ രാജാവ് എന്‍റെ പക്കലേയ്ക്ക് ഇറങ്ങിവന്ന് കൈനീട്ടി. എന്ത്, രാജാവ് എന്നോട് ഭിക്ഷചോദിക്കുകയോ, ഇതു രാജഭിക്ഷുവോ..അത് ഒരു വിരോധാഭാസമാണല്ലോ. ഞാന്‍ എന്‍റെ സഞ്ചിതുറന്ന് അതില്‍നിന്നും ഒരു നുള്ള് ധാന്യമണികളെടുത്ത് രാജാവിന്‍റെ കരങ്ങളില്‍ നിക്ഷേപിച്ചു. അദ്ദേഹത്തിന്‍റെ വലിയ ഉള്ളംകൈയ്യില്‍ ആ ധാന്യമണകള്‍ തുലോം നിസ്സാരങ്ങളായിരുന്നു. രാജാധിരാജന്‍ എന്നെ നോക്കി മന്ദസ്മിതംതൂകി. ഉടനെ തേരിലേറി യാത്രയായി. പെട്ടന്ന് എല്ലാം എന്‍റെ മുന്നില്‍നിന്നും അപ്രത്യക്ഷമായി. ഞാന്‍ വീണ്ടും ദരിദ്രന്‍ തന്നെ,
എന്‍റെ ഭിക്ഷാപാത്രത്തിലേയ്ക്ക് നോക്കിയപ്പോള്‍ ഞാന്‍ കൊടുത്ത ഒരു നുള്ളു ധാന്യമണികളോളം സ്വര്‍ണ്ണമണികള്‍ എന്‍റെ പാത്രത്തില്‍ കാണാമായിരുന്നു.
Adapted from : Geethanjali, Rabindranaadh Tagore
ഓ ദൈവമേ, കൂടുതല്‍ കൊടുത്തെങ്കില്‍ കൂടുതല്‍ ലഭിക്കുമായിരുന്നു.
നല്കുമ്പോഴാണ് ലഭിക്കുന്നത്.
കൊടുത്തതൊക്കെ നേട്ടമാകും. കൊടുത്തതെല്ലാം ലാഭമാണ്.
യേശു അവസാനംവരെ കൊടുത്തു, കൊടുത്തതിന്‍റെ അനശ്വരതയാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം, നിത്യജീവന്‍.

വിശുദ്ധ ഗ്രന്ഥത്തിലെ ധനവാന്‍റെയും ലാസറിന്‍റെയും കഥ നമ്മെ പഠിപ്പിക്കുന്നത് വീണ്ടും പങ്കുവയ്ക്കലിന്‍റെയും നല്കലിന്‍റെയും കഥയാണ്.
ഈ ഭൂമിയില്‍ ദരിദ്രനായ ലാസറിനെ അവഗണിച്ചു എന്നതാണ് ധനികനായ മനുഷ്യന്‍റെ തിന്മ. ഇഹലോക ജീവിതത്തിന്‍ സ്വന്തം സഹോദരനെ അവഗണിച്ച ധനാഠ്യന്‍ പരലോകത്തില്‍ ശിക്ഷയ്ക്ക് വിധേയനാകുന്നു.
ധനികന്‍ ലാസറിനെ ഉപദ്രവിച്ചൊന്നുമില്ല. സമ്പത്തുണ്ടായിരിക്കെ സഹോദരനുനേരെ ഹൃദയമടച്ചതാണ് ശിക്ഷയ്ക്ക് ഇടയാക്കിയതെന്നുവേണം മനസ്സിലാക്കുവാന്‍. നിത്യതയുടെ മാനദണ്ഡം സഹോദരസ്നേഹവും ഉപവി പ്രവര്‍ത്തികളുമാണെന്ന് തെളിയിക്കുകയാണ് സുവിശേഷത്തിലെ ധനാവാന്‍റെയും ലാസറിന്‍റെയും ഉപമ. “സ്നേഹത്താലിന്നു നാം ചെയ്യുന്നതൊക്കെയും നിത്യസമ്മാനം പകര്‍ന്നു നല്കും, മര്‍ത്യര്‍ക്കു ചെയ്യുന്ന സേവനമോരോന്നും കൃത്യമായ് ദൈവം കുറിച്ചു വയ്ക്കും,” എന്നാണ് പൗലോസ് അപ്പോസ്തലന്‍ സ്നേഹത്തെക്കുറിച്ച് കൊറീന്തുകാര്‍ക്കെഴുതിയ ലേഖനത്തില്‍ വിവരിക്കുന്നതും.
സുവിശേഷത്തില്‍നിന്നും മദര്‍ തെരേസാ അടര്‍ത്തിയെടുത്ത് സ്വാംശീകരിച്ച തന്‍റെ ജീവിത സുക്തമായിരുന്നു, “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം എനിക്കായ് ചെയ്തിടുന്നു,” എന്ന വചനം. സഹോദരങ്ങളോടൊപ്പം, സഹോദരസ്നേഹത്തില്‍ ജീവിച്ചവരെയാണ് അന്ത്യവിധിയില്‍ പിതാവിന്‍റെ ഭവനത്തില്‍ ക്രിസ്തു സ്വീകരിക്കുന്നത്.

സഹോദരനെ സ്നേഹിക്കുന്നവനു മാത്രമേ ദൈവത്തെ സ്നേഹിക്കാനാവൂ. നിത്യരക്ഷയ്ക്ക് സഹോദര-സ്നേഹത്തിന്‍റെ അളവുകോലാണ് ദൈവം തിട്ടപ്പെടുത്തിയിരിക്കുന്നത്.
റിച്ചാര്‍ഡ് ആറ്റന്‍ബോറോയുടെ ഗാന്ധി സിനിമയില്‍ മനോഹരമായൊരു രംഗമുണ്ട്, ട്രെനില്‍ യാത്രചെയ്യുമ്പോള്‍ ആര്‍ദ്ധ നഗ്നയായി നദീതീരത്തുനിന്നു തുണിയലക്കുന്ന ഒരു പാവം സ്ത്രീ. അടുത്തു കൂടെ പാഞ്ഞുവരുന്ന ട്രെയിനിനെ ഭയന്ന് കരയ്ക്കു കയറുവാനോ, നദിയുടെ ആഴങ്ങളിലേയ്ക്കു നീങ്ങുവാനോ വിഷമിക്കുമ്പോള്‍, ഗാന്ധി തന്‍റെ മേല്‍വസ്ത്രം ട്രെയിനില്‍നിന്നുമെറിഞ്ഞ് വെള്ളത്തിനുമുകളിലൂടെ ഉഴുക്കി അവള്‍ക്കുകൊടുക്കുന്നു. സഹോദര സ്നേഹത്താല്‍ ആര്‍ദ്രമാകുന്ന മനുഷ്യഹൃദയം....

എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ചെയ് വതെല്ലാം എനിക്കായ് ചെയ്തിടുന്നു.... വരുവിന്‍ പിതാവിന്‍ ഭവനമതില്‍ അനുഭവഭാഗ്യമതില്‍….end.







All the contents on this site are copyrighted ©.