2011-02-24 17:38:24

ലെബനോനിലെ ദേവദാരു...


24 ഫെബ്രുവരി 2011
അനുരഞ്ജനത്തിന്‍റെയും സഭൈക്യത്തിന്‍റെയും പ്രതീകമാണ് താന്‍ ആശിര്‍വ്വദിച്ച വിശുദ്ധ മാരോണിന്‍റെ തിരുസ്വരൂപമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ വലുതു വശത്ത് പുറംഭാഗത്തെ പാര്‍ശ്വഭിത്തിയില്‍ വിശുദ്ധ മാരോണിന്‍റെ 18 അടിവലുപ്പമുള്ള മാര്‍ബിള്‍ തിരുസ്വരൂപം, ഫെബ്രുവരി 23-ാം തിയതി രാവിലെ ആശിര്‍വ്വദിച്ചശേഷമാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 4-ാം നൂററാണ്ടില്‍ നിലവിലുണ്ടായിരുന്ന സന്യാസാത്മീയതയില്‍ രൂപമെടുത്ത ഒരു ക്രൈസ്തവ സമൂഹത്തിന്‍റെ സ്ഥാപകനാണ് വിശുദ്ധ മാരോണ്‍. അദ്ദേഹം കിഴക്കന്‍ രാജ്യങ്ങളില്‍ സ്ഥാപിച്ച സഭയാണ് പിന്നീട് കത്തോലിക്കാ സഭയോടു ചേര്‍ന്ന ഇന്നത്തെ മാരനൈറ്റ് സഭ. മാരനൈറ്റ് സഭയില്‍ ഇന്ന് 30 ലക്ഷത്തോളം വിശ്വാസികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. അതില്‍ ഭൂരിഭാഗവും ലബനോനിലാണ്.
സ്ഥാപനത്തിന്‍റെ 1600-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ബുദ്ധനാഴ്ച വിശുദ്ധ മാരോണിന്‍റെ തിരുസ്വരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിച്ചതെന്ന് മാരനൈറ്റ് സഭാ വക്താവ്, ഫാദര്‍ ഡോമിനിക്ക് ഹാന്നാ വത്തിക്കാനില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഏറെ പ്രതിസന്ധികള്‍ നേരിട്ടാണെങ്കിലും മാരനൈറ്റ് സഭ ഐക്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രതീകമായി എന്നും ആഗോളസഭയോടു ചേര്‍ന്നു നില്കുമെന്ന്, പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണട് ഫാദര്‍ ഹാന്നാ പ്രസ്താവിച്ചു. മാരനൈറ്റ് സഭാ തലവന്‍ അന്തിയോക്യായിലെ പാത്രിയര്‍ക്കിസ്, കര്‍ദ്ദിനാള്‍ നസറള്ളാ പിയെര്‍, ലെബനോന്‍ പ്രസിഡന്‍റ്, ജനറല്‍ മിഷേല്‍ സ്ലൈയ്മാന്‍ എന്നിവരും ആശിര്‍വ്വാദസമയത്ത് മാര്‍പാപ്പയോടൊപ്പം വത്തിക്കാനില്‍ സന്നിഹിതരായിരുന്നു. വെളുത്ത കറാറാ മാര്‍ബിളില്‍ തീര്‍ത്ത 18 അടി വലുപ്പവും 20 ടണ്‍ ഭാരവുമുള്ള വിശുദ്ധ മാരോണിന്‍റെ അതിമനോഹരമായ തിരുസ്വരൂപത്തിന്‍റെ ശില്പി സ്പെയിന്‍കാരനായ മാര്‍ക്കോ ദൂവെനാസാണ്.
“ദൈവമേ, നീതിമാന്മാര്‍ പനപോലെ തഴയ്ക്കും,
അവര്‍ ലെബനോനിലെ ദേവദാരുപോലെ വളരും,” എന്ന
92-ാം സങ്കീര്‍ത്തനവചനവും തിരുസ്വരൂപത്തിന്‍റെ കാല്ക്കല്‍ ലത്തീന്‍ ഭാഷയില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്.







All the contents on this site are copyrighted ©.