2011-02-24 17:31:52

ലബനോന്‍ സഹവര്‍ത്തിത്വത്തിന്‍റെ
മാതൃകയെന്ന് -മാര്‍പാപ്പ


24 ഫെബ്രുവരി 2011
ലോകത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെയും ആദരപൂര്‍വ്വകമായ സഹവര്‍ത്തിത്വത്തിന്‍റെയും പ്രതീകമാണ് ലെബനോനെന്ന്,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ലെബനോന്‍ പ്രസിഡന്‍റ്, മിഷേല്‍ സ്ലൈമാനുമായി ഫെബ്രുവരി 24-ാം തിയതി, വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. വിവിധ ക്രൈസ്തവ, ഇസ്ലാമിക വിശ്വാസ സമൂഹങ്ങള്‍ ഒരുമിച്ചു പാര്‍ക്കുന്ന ലബനോന്‍റെ സാമൂഹ്യ സാഹചര്യത്തില്‍ സംവാദത്തിന്‍റെയും പരസ്പര സഹകരണത്തിന്‍റെയും ഒരു ജീവിതക്രമം വളര്‍ത്തിയെടുക്കാന്‍ എന്നും പരിശ്രമിക്കണമെന്ന് പാപ്പ ആഹ്വാനംചെയ്തു.
അഭ്യന്തരവും അന്താരാഷ്ട്രവുമായ പ്രതിസന്ധികള്‍ ലബനോന്‍ നേരിടുമ്പോഴും, രാഷ്ട്ര-മത നേതാക്കള്‍ ജനങ്ങളില്‍ അനുരഞ്ജനത്തിലൂടെ സമാധാനത്തിന്‍റെയും പ്രത്യാശയുടെയും മനസ്സാക്ഷി വളര്‍ത്തിക്കൊണ്ട് , സുസ്ഥിതിയുള്ള ഒരു രാഷ്ട്രീയാന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മമ്പേര്‍ത്തി എന്നിവരോടൊപ്പവും ലബനോന്‍ പ്രസിഡന്‍റ് സ്വകാര്യകൂടിക്കാഴ്ച നടത്തി ആശയങ്ങള്‍ പങ്കുവച്ചു.
മദ്ധ്യപൂര്‍വ്വദേശത്തു ഇപ്പോള്‍ അരങ്ങേറുന്ന പ്രതിസന്ധികള്‍ അടയന്തിരമായി പരിഹരിക്കേണ്ടതാണെന്ന പൊതുനിഗമനത്തിലാണ് കൂടിക്കാഴ്ച സമാപിച്ചത്.







All the contents on this site are copyrighted ©.