2011-02-22 14:50:50

മാമ്മോദീസാവഴി സ്വീകരിച്ച ദൈവകൃപ പരിപ്പോഷിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു


മാമ്മോദീസാവഴി സ്വീകരിച്ച ദൈവകൃപ പരിപോഷിപ്പിക്കുവാനുള്ള ആഹ്വാനമാണ് മാര്‍പാപ്പയുടെ 2011ലെ നോമ്പുകാല സന്ദേശത്തില്‍ ശ്രദ്ധേയമായി നില്‍ക്കുന്നതെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ അഭിപ്രായപ്പെട്ടു. ഇരുപത്തിരണ്ടാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ മാര്‍പാപ്പയുടെ ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശം പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ ഇപ്രകാരം അഭിപ്രായപ്പെട്ടത്. നോമ്പുകാലത്തിലെ സുവിശേഷഭാഗങ്ങളെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന മാര്‍പാപ്പ നാം ദൈവവചനത്തിലൂടെ ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയാണ് ക്രിസ്തുവുമായുള്ള നമ്മുടെ കൂടിക്കാഴ്ച പ്രകടമാകുന്നതെന്നും കര്‍ദ്ദിനാള്‍ സറാ വിശദീകരിച്ചു. മാമ്മോദീസയുടെ പൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗം അഥവാ യാത്രയായിട്ടാണ് നോമ്പുകാലത്തെ മാര്‍പാപ്പ സന്ദേശത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞുകൊണ്ട് ദൈവകൃപയാല്‍ പുതിയ മനുഷ്യരായിത്തീരാന്‍ ഉയിര്‍പ്പു തിരുന്നാളിനൊരുക്കമായുള്ള നോമ്പുകാലം മാറട്ടെയെന്നും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ ആശംസിച്ചു.







All the contents on this site are copyrighted ©.