2011-02-22 14:49:44

നോമ്പുകാലാനുഷ്ഠാനങ്ങളിലൂടെ സ്വാര്‍ത്ഥത കൈവെടിഞ്ഞ് അന്യരില്‍ ദൈവത്തെ ദര്‍ശിക്കുക - മാര്‍പാപ്പ


ഉപവാസം, ദാനദര്‍മ്മങ്ങള്‍ തുടങ്ങിയ നോമ്പുകാലാനുഷ്ഠാനങ്ങള്‍ ദൈവത്തോടുള്ള ഐക്യത്തില്‍ അന്യരില്‍ ദൈവത്തെ ദര്‍ശിച്ചുകൊണ്ടു ജീവിക്കുന്നതിനുവേണ്ടിയെന്ന്
ഇരുപത്തിരണ്ടാം തിയതി ചൊവ്വാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട നോമ്പുകാല സന്ദേശത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍വച്ച് കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറായാണ് സന്ദേശം പ്രകാശനം ചെയ്തത്.
മാമ്മോദീസ കടന്നുപോയ ഒരു കൂദാശയായി പരിഗണിക്കാതെ, ആ കൂദാശയിലൂടെ സ്വീകരിച്ച കൃപയില്‍ ക്രിസ്തുവിനോട് അനുരൂപപ്പെട്ടു ജീവിക്കണമെന്ന് സന്ദേശത്തിലൂടെ പാപ്പ ഉദ്ബോധിപ്പിക്കുന്നു. ഈ നോമ്പുകാലത്തില്‍ ദൈവവചനത്താല്‍ നമ്മുടെ ജീവിതങ്ങള്‍ നയിക്കപ്പെടണമെന്നാഹ്വാനം ചെയ്ത മാര്‍പാപ്പ നോമ്പുകാലത്തിലെ ഓരോ ഞായറാഴ്ചയിലെയും സുവിശേഷഭാഗങ്ങളെക്കുറിച്ച് ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രലോഭനങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ വിജയം നേടാന്‍ നമ്മുടെ ബലഹീനതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് പാപങ്ങളില്‍ നിന്നു നമ്മെ മോചിപ്പിച്ച് നമുക്ക് നവശക്തി നല്‍കുന്ന ക്രിസ്തുവിന്‍റ കൃപയില്‍ നാം പൂര്‍ണ്ണമായും ആശ്രയിക്കേണ്ടതാണെന്ന് രേഖപ്പെടുത്തിയ മാര്‍പാപ്പ നന്മയ്ക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹം ശമിപ്പിക്കാന്‍ അവിടുന്നു നല്‍കുന്ന ജീവജലത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും വിശദീകരിച്ചു. ഈ നോമ്പുകാലം ആഴമായ മാനസാന്തരത്തിലൂടെ പരിശുദ്ധാത്മാവിനാന്‍ രൂപാന്തരീകരിക്കപ്പെടാനുളള അവസരമായിരിക്കട്ടെയെന്നും പാപ്പ സന്ദേശത്തില്‍ ആശംസിച്ചു.







All the contents on this site are copyrighted ©.