2011-02-16 17:32:29

സെയ്ത്താന്‍ ജോസഫ്
നാടകാചാര്യന്‍ അന്തരിച്ചു


16 ഫെബ്രുവരി 2011 ആലപ്പുഴ
‘സെയ്ത്താന്‍റെ’ മരണത്തില്‍ സഭ അനുശോചിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ഒരു സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രുവരി 14-ാം തിയതി ചൊവ്വാഴ്ച അലപ്പുഴയിലെ വെള്ളാപ്പിള്ളിയില്‍ മരണമടഞ്ഞ നാടകാചാര്യനും ആലപ്പി തിയറ്റേഴ്സിന്‍റെ സ്ഥാപകനുമായ സെയ്ത്താന്‍ ജോസഫിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടയച്ച സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് താഴത്ത് ഇപ്രകാരം പ്രസ്താവിച്ചത്. 85-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ മരണമടഞ്ഞ, ആലപ്പുഴ സ്വദേശി കല്ലുപുരയ്ക്കല്‍ ആഡ്രൂസ് ജോസഫാണ്, ‘സെയ്ത്താന്‍’ എന്ന അപരനാമത്തില്‍ കേരളത്തിലെ കലാസാംസ്കാരിക വേദിയില്‍ നാലു പതിറ്റാണ്ടുകള്‍ തിളങ്ങി നിന്നത്. ഒരു നാടക കലാകാരന്‍ എന്നതിനെക്കാള്‍, സെയ്ത്താന്‍ ജോസഫിന്‍റെ ജീവിതം ഉറച്ച വിശ്വാസത്തിലും ക്രിസ്തീയ മൂല്യങ്ങളിലും അടിയുറച്ചതായിരുന്നുവെന്ന് തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ മാര്‍ ആഡ്രൂസ് താഴത്ത് സന്ദേശത്തില്‍ അറിയിച്ചു.
അന്‍പതിലേറെ നാടകങ്ങള്‍ രചിച്ച്, സംവിധാനംചെയ്ത് കേരളത്തിലുടനീളം അവതരിപ്പിച്ചതില്‍, അധികവും ബൈബിള്‍ വിഷയങ്ങളും സാമൂഹ്യമൂല്യങ്ങളും ഉള്‍ക്കൊള്ളുന്നവയായിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് സന്ദേശത്തില്‍ പ്രസ്താവിച്ചു. തന്‍റെ കലാചാതുരി ഉത്തരവാദിത്വപൂര്‍ണ്ണമായി സമൂഹത്തിനുവേണ്ടി ഉപയോഗിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു സെയ്ത്താന്‍ ജോസഫെന്ന് പരേതന്‍റെ ഭവനം സന്ദര്‍ശിച്ച ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴി മാധ്യമങ്ങളോടു പറഞ്ഞു. 30 വെള്ളിക്കാശ്, 10 കല്പനകള്‍, തോബിയാസ്, യാക്കോബിന്‍റെ സന്തതികള്‍, ഭാരതാപ്പസ്തോലന്‍, കയര്‍, കടലിന്‍റെ മക്കള്‍, ജലോത്സവം എന്നിവ സെയ്ത്താന്‍റെ പ്രശസ്ത നാടകങ്ങളില്‍ ചിലതാണ്. കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള, ‘എന്‍റെ നാടകാനുഭവങ്ങള്‍,’ കേളത്തിന്‍റെതന്നെ നാടകചരിത്രം വിവരിക്കുന്ന സെയ്ത്താന്‍റെ അപൂര്‍വ്വരചനയാണ്. നാടകവും കലയും കേരളത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടു തോളുരുമ്മി നിന്നകാലത്താണ് സെയ്ത്താന്‍ ജോസഫ് സാമൂഹ്യ തിന്മയ്ക്കെതിരെ പടപൊരുതാന്‍ 1955-ല്‍ ആലപ്പി തിയറ്റേഴ്സുമായി കേരളത്തിന്‍റെ സാംസ്കാരിക വേദിയിലേയ്ക്ക് കടന്നുവന്നു. അന്തരിച്ച നാടകാചാര്യന്‍റെ ഭൗതികാവശിഷ്ടങ്ങല്‍ അലപ്പുഴയിലെ വെള്ളാപ്പിള്ളി സെന്‍റ് ജോസഫ് ദേവാലയ സിമത്തേരിയില്‍ ഫെബ്രുവരി 15-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സംസ്കരിച്ചു.







All the contents on this site are copyrighted ©.