2011-02-16 10:29:27

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അക്വിലെയിലേക്ക്


2011 മെയ് മാസം ഏഴ് എട്ട് തിയതികളില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇറ്റാലിയന്‍ പട്ടണങ്ങളായ അക്വിലെയ വെനീസ് എന്നിവിടങ്ങളിലേക്കു നടത്താന്‍പോകുന്ന അജപാലനസന്ദര്‍ശനത്തിന്‍റ‍െ വിശദപരിപാടികള്‍ വത്തിക്കാന്‍റെ ഔദ്യോഗീക വാര്‍ത്താലയം ഫെബ്രുവരി പതിനഞ്ചാം തിയതി പ്രസിദ്ധീകരിച്ചു. മെയ് ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം മൂന്ന് മുപ്പതിന് റോമിലെ ചാംപീനോ എയര്‍പോര്‍ട്ടില്‍ നിന്നു പുറപ്പെടുന്ന മാര്‍പാപ്പ അന്നുവൈകീട്ട് അക്വീലെയാപട്ടണചത്വരത്തില്‍ നടക്കുന്ന പൊതുജനസമ്മേളനത്തിലും അവിടുത്തെ ഭദ്രാസനദേവാലയത്തില്‍ അക്വീലെയിയാ പ്രവിശ്യയിലെ പതിനഞ്ച് രൂപതകള്‍ സംയുക്തമായി നടത്തുന്ന രണ്ടാമത് സഭാസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം തന്നെ പാപ്പ വെനീസിലേക്കു യാത്രയാകും. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴുമുപ്പതിന് വെനീസ്പട്ടണചത്വരത്തില്‍ നടക്കുന്ന പൊതുജനസമ്മേളനത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്യും തുടര്‍ന്ന് വെനീസിലെ വിശുദ്ധ മാര്‍ക്കോസിന്‍റെ നാമധേയത്തിലുള്ള ഭദ്രാസനദേവാലയം പാപ്പ സന്ദര്‍ശിക്കും.
എട്ടാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ പ്രധാന പരിപാടികള്‍ വെനീസിലെ സാന്‍ ജൂലിയാനോ ചത്വരത്തിലെ സമൂഹദിവ്യബലി, തൃകാല പ്രാര്‍ത്ഥന, മെത്രാന്‍മാരോടുത്തുള്ള ഉച്ചഭക്ഷണം, രൂപതയുടെ അജപാലന സന്ദര്‍ശനസമാപന സമ്മേളനം, സാംസ്ക്കാരീക- സാമ്പത്തീകമേഖലാ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച, ഭദ്രാസനദേവാലയത്തിലെ പുതിയ കപ്പേളയുടെ പ്രതിഷ്ഠ എന്നിവയാണ്. ഞായറാഴ്ച രാത്രിയോടെ പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തും.







All the contents on this site are copyrighted ©.