2011-02-16 17:20:27

കുട്ടികളെ കുറയ്ക്കുകയല്ല
തുണയ്ക്കുകയാണു വേണ്ടത്


16 ഫെബ്രുവരി 2011 ന്യൂയോര്‍ക്ക്
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് കുട്ടികളുടെ എണ്ണം കുറയ്ക്കുകയല്ല,
കുട്ടികളെ തുണയ്ക്കുകയാണു വേണ്ടതെന്ന്, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട്, യുഎന്നിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 11-ാം തിയതി വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ യൂഎന്‍ ആസ്ഥാനത്തുചേര്‍ന്ന സമൂഹ്യ-സാമ്പത്തിക കമ്മിഷന്‍റെ 49-ാമത് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഏറ്റവും ഫലവത്തായ മാര്‍ഗ്ഗം കുട്ടികളുടെ ആരോഗ്യത്തിനും പുരോഗതിക്കുമായി പദ്ധതികളൊരുക്കുകയാണ് വേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ്സ് സമ്മേളനത്തോടാഹ്വാനം ചെയ്തു. അവരുടെ കുഞ്ഞിക്കൈകളെയും മനസ്സുകളെയും ഇന്നു ബലപ്പെടുത്തുകയാണെങ്കില്‍ അവര്‍ രാഷ്ടത്തിന്‍റെയും സാമൂഹത്തിന്‍റെയും ഭാവി നന്മയ്ക്കുതകുന്ന നല്ല പൗരന്മാരായിത്തീരുമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് അഭിപ്രായപ്പെട്ടു.
ജനസംഖ്യാ വര്‍ദ്ധനവ് വികസനത്തിന് വിഖാതമാണെന്നു ചിന്തിക്കുന്ന വികസ്വര രാജ്യങ്ങള്‍ അവസാനം യുവതലമുറയെ മറികടക്കുന്ന ഒരു വന്‍ വയോധിക സമൂഹത്തെ പേറുന്ന സാമൂഹ്യസാഹചര്യത്തില്‍ എത്തിച്ചേരുമെന്നും, സമൂഹത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാവാത്ത ചുറ്റുപാടില്‍ ധാരാളം രാജ്യങ്ങള്‍ ഇന്ന് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ആര്‍ച്ചുബിഷ്പ്പ് ചുള്ളിക്കാട്ട് നിരീക്ഷിച്ചു.
പുരോഗതിയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യാന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന സഭയുടെ അടിസ്ഥാന വീക്ഷണം ആര്‍‍ച്ചുബിഷപ്പ് അസീസ്സി ചൂള്ളിക്കാട്ട് യുഎന്‍ സമ്മേളനത്തില്‍ പുനഃപ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.