2011-02-15 15:19:32

ഈജിപ്തിന്‍റെ നന്മയ്ക്കായി ക്രൈസ്തവരുടെ സംഭാവനകള്‍


ഈജിപ്തിന്‍റെ പൊതു നന്മയ്ക്കായി ക്രൈസ്തവര്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ സാന്ത്രി

ഈജിപ്തിലെ പൊതുജനപ്രക്ഷോഭത്തിന്‍റെയും തുടര്‍ന്നുണ്ടായ ഭരണമാറ്റത്തിന്‍റ‍െയും പശ്ചാത്തലത്തില്‍ ഫെബ്രുവരി പതിനാലാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊനാര്‍ഡോ സാന്ദ്രി. ഈജിപ്തില്‍ നടക്കുന്ന സംഭവവവികാസങ്ങള്‍ അന്നാട്ടിലെ ക്രൈസ്തവരില്‍ ഭൂരിഭാഗം വരുന്ന കോപ്ടിക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളെയും കോപ്ടിക്ക് കത്തോലീക്കരെയും സംബന്ധിച്ച് അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ക്രൈസ്തവരെന്ന നിലയിലും കത്തോലിക്കരെന്ന നിലയിലും അവരുടെ നിലപാടുകളെ സംബന്ധിച്ച ശബ്ദമുയര്‍ത്തേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. മനുഷ്യാന്തസ്സിനുചേര്‍ന്ന വിധത്തിലുള്ള നീതിയുക്തവും പ്രശാന്തവും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതുമായ ഒരുസമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി അവര്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈജിപ്തിലെ ഇപ്പോഴത്തെ ഭരണമാറ്റം ക്രൈസ്തവര്‍ക്കെതിരേ പീഡനങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും ഉയര്‍ത്തുന്നുണ്ടെന്നംഗീകരിച്ച കര്‍ദ്ദിനാള്‍ സാന്ദ്രി മറ്റേതു പൗരന്‍മാരെയുംപോലെ ക്രൈസ്തവരുടെ പൗരത്വവും അവകാശങ്ങളും സംരക്ഷിക്കപെടേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഇറാക്കില്‍ സംഭവിച്ചതുപോലെയുള്ള അരക്ഷിതാവസ്ഥ ക്രൈസ്തവര്‍ക്ക് ഈജിപ്തില്‍ സംഭവിക്കാതിരിക്കട്ടെയെന്നാശംസിച്ച അദ്ദേഹം പൊതുജനപ്രക്ഷോഭത്തിന്‍റെ സമയത്ത് ഈജിപ്തിലെ ജനങ്ങള്‍ പ്രകടമാക്കിയ വിവേകവും ആത്മസംയമനവും ഭാവിയിലും പ്രകടമാകുമെന്നാണ് താന്‍ പ്രതിക്ഷിക്കുന്നതെന്നും വെളിപ്പെടുത്തി.







All the contents on this site are copyrighted ©.