2011-02-14 14:45:46

മാര്‍പാപ്പയുടെ തൃകാല പ്രാര്‍ത്ഥനാ സന്ദേശം13.02.2011


പ്രിയ സഹോദരീ സഹോദരന്‍മാരെ,
മലയിലെ പ്രഭാഷണം എന്നറിയപ്പെടുന്ന സുവിശേഷഭാഗത്തില്‍നിന്നുമാണ് നാം തുടര്‍ന്നും കേള്‍ക്കുന്നത്. മത്തായിയുടെ സുവിശേഷത്തിലെ അഞ്ച്, ആറ്, ഏഴ് അദ്ധ്യായങ്ങളില്‍ പരാമര്‍ശിക്കുന്നത് മലയിലെ പ്രസംഗത്തെക്കുറിച്ചാണ്. ജീവിതത്തിന്‍റെ കര്‍മ്മപരിപാടികളായ സുവിശേഷഭാഗ്യങ്ങളെക്കുറിച്ച് പറഞ്ഞശേഷം തന്‍റെ പുതിയ നിയമമാണ്, ഹെബ്രായ സഹോദരങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അവിടുത്തെ തോറായാണ് ക്രിസ്തു പ്രഖ്യാപിക്കുന്നത്. മിശിഹാവരുമ്പോള്‍ നിയമത്തിന്‍റെ പൂര്‍ണ്ണമായ വെളിപാട് നല്‍കേണ്ടിയിരുന്നു. അതുകൊണ്ടു തന്നെ നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കുവാനാണ് ഞാന്‍ വന്നതെന്ന് ക്രിസ്തു ആവര്‍ത്തിച്ചുപറയുന്നുണ്ട്. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നിലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയിലെന്ന് തന്‍റെ ശിഷ്യന്‍മാരോട് അവിടുന്ന് പറയുന്നു. എന്നാല്‍ നിയമത്തിന്‍റെ പൂര്‍ത്തീകരണം എന്തിലാണ് അടങ്ങിയിരിക്കുന്നത്. ക്രസ്തു പറയുന്ന ശ്രേഷ്ഠമായ നീതി എന്താണ്? പഴയനിയമങ്ങളുടെയും ക്രിസ്തു അവയ്ക്കു നല്‍കുന്ന പൂരകങ്ങളുടെയും ഒരു വിപരീത ശ്രേണിയിലൂടെയാണ് അവിടുന്നത് വിശദീകരിക്കുന്നത്. പൂര്‍വ്വീകരോട് ഇപ്രകാരം പറഞ്ഞിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ എന്നു പറഞ്ഞുകൊണ്ട് ഓരോ തവണയും സംസാരിക്കാനാരംഭിക്കുന്ന അവിടുന്ന് എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞുകൊണ്ടാണ് പുതിയ കല്‍പനകള്‍ സ്ഥിരീകരിക്കുന്നത്. ഉദ്ദാഹരണത്തിന് കൊല്ലരുത്, കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. അങ്ങനെ ആറുപ്രാവശ്യമാണ് അവിടുന്ന് ഇപ്രകാരം സംസാരിക്കുന്നത്. ഇപ്രകാരമുള്ള അവിടുത്തെ പ്രഭാഷണരീതി ജനങ്ങളെ വിസ്മയിപ്പിച്ചു അതവരെ ഭയപ്പെടുത്തുകയും ചെയ്തു. കാരണം ക്രിസ്തു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറയുന്നത് നിയമത്തിന്‍റെ അടിസ്ഥാനമായ ദൈവത്തിന്‍റെ സ്ഥാനത്ത് തന്നതെത്തന്നെ പ്രതിഷ്ഠിക്കുന്നതിനു തുല്യമായിരുന്നു. ക്രിസ്തു നല്‍കിയ പുതുമ തന്നില്‍ നിവസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അവിടുന്ന് ദൈവീക നിയമങ്ങള്‍ തന്‍റെ സ്നേഹത്താല്‍ നിറച്ചു എന്നതായിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസം വഴി നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിലേക്ക് തുറവുള്ളവരായിരിക്കാന്‍ നമുക്കു സാധിക്കും. ദൈവസ്നേഹം ജീവിക്കാന്‍ നമുക്കു കഴിവുനല്‍കുന്നത് പരിശുദ്ധാത്മാവാണ്. ഒരോ കല്‍പനയും സ്നേഹം ആവശ്യപ്പെടുന്നു, അങ്ങനെ എല്ലാ കല്‍പനകളും ഒരു കല്‍പനയില്‍ ഒന്നായിത്തീരുന്നു ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുക തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. സ്നേഹമാണ് നിയമത്തിന്‍റെ പൂര്‍ത്തീകരണമെന്ന് വിശുദ്ധ പൗലോസപ്പസ്തോലന്‍ രേഖപ്പെടുത്തി,

കഴിഞ്ഞയാഴ്ച റോമില്‍ താല്‍കാലിക കുടിലിന് തീ പിടിച്ച് നാലു നാടോടികുട്ടികള്‍ മരണമടഞ്ഞ സംഭവം അനുസ്മരിച്ച മാര്‍പാപ്പ സാഹോദര്യത്തിലും ഐക്യദാര്‍ഡ്യത്തിലും അധിഷ്ഠിതമായ സ്നേഹത്തിന്‍റേതായ ക്രൈസ്തവസമൂഹത്തില്‍ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തല്ലേയെന്ന ചോദ്യമുയര്‍ത്തി. നമ്മുടെ രാജ്യങ്ങളിലും പട്ടണങ്ങളിലും ദിനംപ്രതി ഇപ്രകാരമുള്ള സംഭവങ്ങള്‍ ചെറുതും വലുതുമായതോതില്‍ നടക്കുന്നുണ്ടെന്നും അപ്രകാരമുള്ള സാഹചര്യങ്ങളിലും ഇതേചോദ്യമാണ് ഉയരുന്നതെന്നും പാപ്പ പ്രസ്താവിച്ചു.

പ്രിയ സുഹൃത്തുക്കളെ,

ക്രിസ്തുവിന്‍റെ പ്രഥമ ദീര്‍ഘ പ്രഭാഷണം ഗിരിപ്രഭാഷണം എന്നറിയപ്പെടുന്നത് ആകസ്മീകമായിട്ടല്ല. സീനായ് മലമുകളില്‍ വച്ചാണ് മോശ ദൈവകല്‍പനകള്‍ സ്വീകരിച്ച് കല്‍ പലകകളിലെഴുതി ജനങ്ങള്‍ക്കായി കൊണ്ടുവന്നത്. ദൈവത്തിന്‍റെ തിരുസുതനാണ് സ്നേഹത്തിന്‍റെ പാതയിലൂടെ നമ്മെ സ്വര്‍ഗ്ഗത്തിലേക്ക് ദൈവസന്നിദ്ധിയിലേക്കുയര്‍ത്താന്‍വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നാഗതനായ യേശു. സ്നേഹത്തിന്‍റെ ആ പാത അവിടുന്നു തന്നെയാണ്. ദൈവഹിതപ്രകാരം ജീവിക്കാനും ദൈവരാജ്യത്തില്‍ പ്രവേശിക്കാനും നാം ചെയ്യേണ്ടത് ക്രിസ്തുവിനെ അനുഗമിക്കുക മാത്രമാണ്. ആ മലയുടെ ഉത്തുംഗശൃംഗത്തിലെത്തിച്ചേര്‍ന്ന ഒരേയൊരു സൃഷ്ടി പരിശുദ്ധ കന്യകാമറിയമാണ്. ക്രിസ്തുവുമായുള്ള ഐക്യത്തില്‍ അവളുടെ നീതി പരിപൂര്‍ണ്ണമായിത്തീര്‍ന്നു അതുകൊണ്ടാണ് മറിയം നീതിയുടെ ദര്‍പ്പണം എന്നറിയപ്പെടുന്നത്. ക്രിസ്തുവിന്‍റെ നീതിയോടുള്ള വിശ്വസ്തതയില്‍ നമ്മുടെ പാദങ്ങളെ നയിക്കാന്‍ പരിശുദ്ധമാതാവിന്‍റെ മാധ്യസ്ഥം നമുക്കുപേക്ഷിക്കാം







All the contents on this site are copyrighted ©.