2011-02-12 14:29:22

സുവിശേഷപരിചിന്തനം - 13 ഫെബ്രുവരി 2011
സീറോ-മലബാര്‍ റീത്ത്


 യോഹന്നാന്‍ 3, 22-36
ഈ സുവിശേഷ ഭാഗത്തിന്‍റെ പ്രതിപാദ്യവിഷയം ക്രിസ്തുവിന്‍റെ അധികാരവും ക്രിസ്തുവിലൂടെ നമുക്കു ലഭിക്കുന്ന വെളിപാടിന്‍റെ ആധികാരികതയുമാണ്. ഉന്നതങ്ങളില്‍നിന്നുള്ളവന്‍ എല്ലാവര്‍ക്കും ഉപരിയാകയാല്‍, അവന്‍റെ അധികാരം നിസ്സീമമാണ്. അവന്‍റെ സാക്ഷൃം സ്വീകരിക്കുന്നവര്‍, ദൈവം മിശിഹായെ അയച്ചെന്നും അവിടുന്ന് സത്യം സംസാരിക്കുന്നെന്നും അംഗീകരിക്കുന്നു. അയയ്ക്കപ്പെടുന്നവന്‍ അയച്ചവന്‍റെ പ്രിതിനിധിയാകയാല്‍, അവന്‍റെ മാനത്തില്‍ സംസാരിക്കുന്നു, അയച്ചവന്‍റെ പ്രഭയില്‍ നില്കുന്നു, ജീവിക്കുന്നു.
പിതാവിനു പുത്രനോടുള്ള സ്നേഹാധിരേകത്താല്‍ അവിടുന്ന് എല്ലാം... വചനം, ആത്മാവ്, ജീവന്‍ വിധി .. എല്ലാം ക്രിസ്തുവിനെ ഏല്പിച്ചിരിക്കുന്നു. പുത്രനില്‍ വിശ്വസിക്കുന്നവര്‍ക്കു ജീവനും, വിശ്വസിക്കാത്തവര്‍ക്കു വിധിയും ഉണ്ടാകുമെന്ന യോഹന്നാന്‍റെ പ്രസ്താവനയോടെയാണ് ഈ വചനഭാഗം അവസാനിക്കുന്നത്. രക്ഷാകര ചരിത്രത്തിലുള്ള യോഹന്നാന്‍റെ അന്യൂനമായ സ്ഥാനം ഈ സുവിശേഷഭാഗത്തിലൂടെ വെളിപ്പെടുത്തപ്പെടുന്നതോടൊപ്പം യോഹന്നാന്‍ എപ്രകാരം ക്രിസ്തുവിന്‍റെ സാക്ഷൃമാകുന്നെന്നും പ്രകടമാകുന്നുണ്ട്.
.....................................................................................................................................................................
യഹൂദ പാരമ്പര്യത്തില്‍ വിവാഹാഹാഘോഷങ്ങളില്‍ മണവാളന്‍റെ സ്നേഹിതന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അയാളുടെ ഉറ്റമിത്രമാണ് വരന്‍റെ വിവാഹത്തിനുള്ള ഒരുക്കള്‍ ചെയ്യുത്തത്. സാധാരണഗതിയില്‍ രാത്രിയിലാണ് പലസ്തീനാ പ്രദേശങ്ങളില്‍ വിവാഹം നടത്തിയിരുന്നത്. രാത്രിയില്‍ മണവാളന്‍ മണവാട്ടിയുടെ വീട്ടില്‍നിന്ന് പുറപ്പെട്ടുവന്ന് കന്യകമാരുടെ അകമ്പടിയോടെ മണവറയില്‍ പ്രവേശിക്കും. ഇവിടെയും സ്നേഹിതന് പ്രത്യേക ജോലിയുണ്ട്, മണവാളന്‍ വരുന്നതുവരെ മണവാട്ടിയുടെ മുറിക്കു കാവലിരിക്കുന്നത് ഈ സ്നേഹിതനാണ്. ചിലപ്പോള്‍ അയാള്‍ രാത്രി മുഴുവനും മണവാളന്‍റെ വരവും കാത്ത് ഉറക്കമൊഴിഞ്ഞിരിക്കേണ്ടി വരും. മണവാളന്‍ വന്നു കഴിഞ്ഞാല്‍ മണവറ തുറന്ന് അയാളെ അകത്തേയ്ക്കു നയിച്ച് മണവാട്ടിയുമായി പരിചയപ്പെടുത്തിയതിനു ശേഷമാണ് സ്നേഹിതന്‍ മടങ്ങുന്നത്.

നൂറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനുശേഷം മണവറയിലേയ്ക്കു കയറിവരുന്ന മണവാളനെ മണവാട്ടിക്കു പരിചയപ്പെടുത്തിക്കൊടുക്കുന്ന മണവാളന്‍റെ സ്നേഹിതനെയാണ് നാം യോഹന്നാനില്‍ കാണുന്നത്. അതുവഴി രക്ഷാകര ചരിത്രത്തിലുള്ള തന്‍റെ സ്ഥാനം യോഹന്നാന്‍ വ്യക്തമാക്കുന്നു. നിത്യമണവാളനായ യേശുവിന്‍റെ വരവിനാവശ്യമായ പശ്ചാത്തലം തയ്യാറാക്കുക, ഇസ്രായേലായ മണവാട്ടിക്ക് യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കുക. ക്രിസ്തുവാകുന്ന നിത്യമണവാളന്‍റെ വരവിന് വഴിയൊരുക്കുക. ഇങ്ങനെ ക്രിസ്തുവിനെയും ഇസ്രായേലിനെയും യോജിപ്പിക്കുക... ഇതാണ് യോഹന്നാനു ചെയ്യുവാനുണ്ടായിരുന്നത്. അതോടുകൂടി അയച്ചവന്‍റെ ദൗത്യവും പൂര്‍ത്തീകരിക്കപ്പെട്ടു. ഉറക്കമൊഴിഞ്ഞു മണവാട്ടിക്കു കാവലിരിക്കുന്ന സ്നേഹിതനു മണവാളന്‍റെ ആഗമനത്തില്‍ ഖേദമല്ല, മോദമാണുണ്ടാവുക. മിശിഹായുടെ വരവില്‍ സന്തോഷിക്കുന്ന യോഹന്നാനെയാണ് സുവിശേഷകന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. തന്‍റെ സന്തോഷം പൂര്‍ണ്ണതയില്‍ എത്തിയ സംതൃപ്തിയില്‍ യോഹന്നാന്‍ വിളിച്ചു പറയുകയാണ്, “അവന്‍ വളരുകയും ഞാന്‍ കുറയുകും വേണം,” എന്ന്. ആത്മാര്‍ത്ഥതയുടെയും ആത്മനിര്‍വൃതിയുടെയും പ്രഖ്യാപനമാണിത്.

വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന്‍റെ വരവിനുവേണ്ടി ഇസ്രായേല്‍ ജനത്തെ ഒരുക്കിയ പ്രവാചകന്മാരുടെയെല്ലാം പ്രതിനിധിയും, അവരുടെ അവസാന കണ്ണിയുമാണ് യോഹന്നാന്‍. അചഞ്ചലമായ വിശ്വാസത്തോടും തികഞ്ഞ ആത്മസമര്‍പ്പണത്തോടും കൂടെയാണ് ആ താപസ്സവര്യന്‍ ക്രിസ്തു ദൗത്യവുമായി ഇറങ്ങിപ്പുറപ്പെടുന്നത്. ഭൗതിക ചിന്തയാല്‍ അലസജീവിതം നയിച്ചിരുന്ന, കപടഭക്തി കൈമുതലാക്കിയിരുന്ന ഒരു ജനസമൂഹത്തെ, ഉദ്ബുദ്ധരും ഉത്തേജിതരുമാക്കുവാന്‍, അവരെ പാപത്തിന്‍റെ ഇരുട്ടില്‍നിന്നും നന്മയുടെ പ്രകാശത്തിലെത്തിക്കാന്‍ അന്നത്തെ പരിതസ്ഥിതിയല്‍ അസാമാന്യമായ ധീരതയും ആത്മശക്തിയും ആവശ്യമായിരുന്നു. സുദീര്‍ഘമായ തപശ്ചര്യകളാലും, ആഴമായ ഒരുക്കങ്ങളാലും സമ്പന്നനായ സ്നാപകന്‍ നവീകരണത്തിന്‍റെയും പരിവര്‍ത്തനത്തിന്‍റെയും ഒരു കൊടുങ്കാറ്റായി സമൂഹത്തില്‍ ആഞ്ഞടിച്ചു.
യുഗാന്ത്യത്തിന്‍റെ മുന്നോടിയായി വരുവാനിരുന്ന ഏലിയായെ പലരും യോഹന്നാനില്‍ അന്നു കണ്ടു. “അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്നും ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയതാരാണ്. മാനസാന്തരത്തിതനുയോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞു. നല്ല ഫലം നല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും.” ഇപ്രകാരമുള്ള യോഹന്നാന്‍റെ കാര്‍ക്കശ്യശബ്ദം കുടില്‍തൊട്ടു കൊട്ടാരംവരം മുഴങ്ങിക്കേട്ടു. പണ്ഡിത-പാമര ഭേദമെന്യേ എല്ലാവരിലും അതു ചലനംസൃഷ്ടിച്ചു. ക്രിസ്തുവിനായി രാജകൊട്ടാരങ്ങള്‍ പണിയുവാനോ, സേവകരെ ഒരുക്കി നിറുത്തുവാനോ സ്നാപകന്‍‍‍‍‍‍‍‍ മുതിര്‍ന്നില്ല. മറിച്ച് ജനഹൃദയങ്ങള്‍ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ തക്കവിധം ഒരുക്കുകയായിരുന്നു യോഹന്നാന്‍. അങ്ങനെ ജനങ്ങളെ രക്ഷകന്‍റെ പാതയിലേയ്ക്കു കൊണ്ടുവരുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഇസ്രായേലില്‍ പരിവര്‍ത്തനത്തിന്‍റെ തീജ്ജ്വാലയായി, മാനസാന്തരത്തിന്‍റെ പ്രവാചകനായി പ്രശോഭിക്കുവാന്‍ യോഹന്നാനെ പ്രാപ്തനാക്കിയത് അദ്ദേഹത്തിനുണ്ടായിരുന്ന ദൗത്യാവബോധവും എളിമയും സര്‍വ്വോപരി തന്നിലുണ്ടായ പരിശുദ്ധാത്മ സാന്നിദ്ധ്യവുമായിരുന്നു. തന്‍റെ ശിഷ്യന്മാര്‍ ക്രിസ്തുവിനെതിരെ പരാതിയുമായി എത്തിയപ്പോള്‍, രക്ഷകനായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് അവിടത്തെ ഉയര്‍ച്ചയില്‍ അഭിമാനംകൊള്ളുന്ന യോഹന്നാനെയാണു നാം കാണുന്നത്. യോഹന്നാന്‍ തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് ക്രിസ്തുവിന്‍റെ സ്ഥാനത്തെയും അധികാരത്തെയും ഉയര്‍ത്തിക്കാട്ടുന്നു, ഉറപ്പിക്കുന്നു, അംഗീകരിക്കുന്നു.
ജനങ്ങള്‍ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് പോകരുതെന്നല്ല, എല്ലാവരും അവിടുത്തെ അറിയണമെന്നാണ് യോഹന്നാന്‍റെ ആഗ്രഹം. കാരണം, ജനങ്ങളെ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് അടുപ്പിക്കുക, ക്രിസ്തവിനെ അവര്‍ക്കു പിരിചയപ്പെടുത്തിക്കൊടുക്കുക, അതായിരുന്നു യോഹന്നാന്‍റെ ജീവിത ദൗത്യം. അതു മനസ്സിലാക്കിക്കൊണ്ടാണ്, “അവിടുത്തെ ചെരുപ്പിന്‍റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല” എന്നദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. യോഹന്നാന്‍റെ എളിമ, മറ്റുള്ളവരെ അംഗീകരിക്കുന്ന മനോഭാവം ഇവിടെ ശ്രദ്ധേയമാണ്. താന്‍ മിശിഹായാണെന്നു പറഞ്ഞിരുന്നെങ്കില്‍, കുറഞ്ഞപക്ഷം ഒരു പ്രവാചകനാണെന്നെങ്കിലും പറഞ്ഞിരുന്നെങ്കില്‍, കുറേപ്പേരെങ്കിലും യോഹന്നാനില്‍ വിശ്വസിക്കുമായിരുന്നു.
സ്വയം അംഗീകരിക്കുന്ന ഒരാള്‍ക്കാണ് അപരനെയും അംഗീകരിക്കുവാന്‍ സാധിക്കുന്നത്.

വളരെ എളുപ്പത്തില്‍ വലിയൊരു ശിഷ്യഗണത്തെ രൂപപ്പെടുത്തുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. പക്ഷേ അദ്ദേഹം അതിനു തയ്യാറായില്ല. കാരണം താനാരാണെന്നതിനെക്കുറിച്ചും, തന്‍റെ സ്ഥാനം എന്താണെന്നതിനെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. താനാരാണെന്നുള്ള യഹൂദരുടെ ചോദ്യത്തിന് ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യോഹന്നാന്‍ പറഞ്ഞു, ഞാന്‍ മരുഭൂമിയില്‍‍ വിളിച്ചുപറയുന്ന ഒരു ശബ്ദം മാത്രമാണ്. തന്മൂലം രക്ഷകന്‍റെ രക്ഷാകര ഗാനം പാടുന്ന വീണക്കമ്പിയായി മാത്രം പരിണമിക്കണമെന്ന് സ്നാപകന്‍ ആഗ്രഹിച്ചു.

വ്യക്തി ജീവിതത്തില്‍ ഞാന്‍ എന്‍റെ കഴിവും കുറവും നന്നായി അറിഞ്ഞിരിക്കണം. ഞാന്‍ ആരാണെന്ന അവബോധം, എന്‍റെ കഴിവുകളോടും കുറവുകളോടും കൂടെയുള്ള ഒരു ശരിയായ അവബോധം ഉണ്ടായിരിക്കണം. ഇല്ലാത്തത് ഉണ്ടെന്നു നടിക്കുകയും, അല്പം ഉള്ളത് ഊതി വീര്‍പ്പിച്ചു കാണിക്കുന്നതും അപകടകരമാണ്. എന്നാല്‍ ഉള്ളത്, ഇല്ല എന്നു പറയുന്ന വ്യാജമായ ഒരു വിനയവും നല്ല വ്യക്തിത്വത്തിനു ചേര്‍ന്നതല്ല.

സ്വയം അംഗീകരിക്കാന്‍ കഴിയുന്ന ഒരു വ്യക്തിക്കുമാത്രമേ അപരനെ അംഗീകരിക്കാന്‍ കഴിയൂ. ക്രിസ്തുനെ ലോകത്തിനു കാണുച്ചുകൊടുക്കുവാനും ക്രിസ്തുവിന്‍റെ രക്ഷാകര സുവിശേഷം ലോകത്തെ അറിയിക്കുവാനും ക്രൈസ്തവര്‍ക്കോരോരുത്തര്‍ക്കും കടമയുണ്ട്. ഇത് ക്രൈസ്തവന്‍റെ ജീവിതലക്ഷൃത്തിന്‍റെ ഭാഗംകൂടിയാണ്.
ആരുടെയും മുഖംനോക്കാതെ, ആദര്‍ശങ്ങള്‍ ബലികഴിക്കാതെ സത്യത്തിനു സാക്ഷൃംവഹിച്ച യോഹന്നാന്‍ യോര്‍ദ്ദാന്‍ നദീതീരത്തു നിന്നുകൊണ്ട് ഈശോയെ ലോകത്തിനു ചൂണ്ടിക്കാണിച്ചു. രക്ഷകനെ ലോകത്തിനു വെളിപ്പെടുത്തിയതോടെ, ജനഹൃദയങ്ങളില്‍ ക്രിസ്തുവാകുന്ന പ്രകാശത്തിനു സ്ഥാനം ലഭിച്ചതോടെ, യോഹന്നാന്‍ രംഗത്തുനിന്നും മെല്ലെ തിരോധാനംചെയ്യുന്നു. ചുരുക്കത്തില്‍ എല്ലാവരെയും ക്രിസ്തുവിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ യോഹന്നാന്‍ ഇന്നും ക്രിസ്തു-സാക്ഷൃത്തിനു മാതൃകയാണ്. യോഹന്നാന്‍റെ ദൗത്യമാണ് ഓരോ ക്രൈസ്തവനിലുമുള്ളത്. ഈ ലോകത്തില്‍ ക്രിസ്തുവിന്‍റെ സാക്ഷികളാകുക.
ദൈവസ്നേഹം എന്തെന്നറിഞ്ഞെങ്കിലേ അത് പ്രഘോഷിക്കാനാവൂ.
.................................................................
എന്തിനെക്കുറിച്ചെങ്കിലും അറവുനേടണമെങ്കില്‍ അതിന്‍റെ സ്രോതസ്സിലേയ്ക്ക് പോകേണ്ടത് ആവശ്യമാണ്. ഒരു കുടുമ്പത്തെക്കിറിച്ച് അറിവു നേടണമെങ്കില്‍ ആ കുടുംമ്പത്തിലെ ഒരംഗത്തെതന്നെ സമീപിക്കുന്നതാണല്ലോ ഏറ്റവും ഉചിതം. ഒരു പട്ടണത്തെക്കുറിച്ച് ശരിയായ അറവുനേടുവാന്‍ ആ പട്ടണത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയെ സമീപിക്കുകയാണ് ഉത്തമം.
അതുപോലെ ദൈവത്തിന്‍റെ പ്രതിച്ഛായ ക്രിസ്തുവില്‍ത്തന്നെയാണ് പൂര്‍ണ്ണമായി ദൈവത്തെ കാണാനാകുന്നത്. യേശുവില്‍ മാത്രമാണ് ദൈവത്തിന്‍റെ സമ്പൂര്‍ണ്ണത... ആകയാല്‍ യേശുവില്‍നിന്നു മാത്രമേ ദൈവസ്നേഹത്തിന്‍റെ ആഴം നമുക്കറിയാനാവുകയുള്ളൂ.

ദൈവാത്മാവിന്‍റെ പൂര്‍ണ്ണത സമ്പൂര്‍ണ്ണമായിക്കാണുന്നത് ക്രിസ്തുവിലാണ്, എന്ന് യോഹന്നാന്‍ പറയുന്നുണ്ട്. കര്‍ത്താവിന്‍റെ ആരൂപിയുടെ രണ്ട് പ്രവര്‍ത്തനങ്ങളാണ്. ഒന്നാമതായി അരൂപി ദൈവികസത്യങ്ങള്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിതരുന്നു. രണ്ടാമത്, സത്യം മനുഷ്യനിലേയ്ക്ക് എത്തുമ്പോള്‍ അത് സ്വീകരിക്കുവാനും, മനസ്സിലാക്കുവാനും അരൂപിയുടെ സഹായം നമുക്ക് ആവശ്യമാണ്. തന്നിലുള്ള ദൈവിക സത്യങ്ങള്‍ അരൂപിയുടെ നിറവില്‍ ക്രിസ്തു പൂര്‍ണ്ണമായി ഗ്രഹിച്ചു, ക്രിസ്തു അങ്ങിനെയാണ് വൈദിക വെളിപടിന്‍റെ പൂര്‍ണ്ണിമയാകുന്നത്. ക്രിസ്തുവിനെ ശ്രവിക്കുന്നവര്‍ ദൈവീക സ്വരം തന്നെയാണ്, ദൈവത്തെതന്നെയാണ് ശ്രവിക്കുന്നത്.

ജീവിതത്തിന്‍റെ നാല്ക്കവലകളിലാണ് മനുഷ്യന്‍റ‍െ തിരഞ്ഞെടുപ്പുകള്‍ സാന്ദ്രമാകുന്നത്. അവിടെ ദൈവിക സ്വരം കേള്‍ക്കുമ്പോള്‍ യോഹന്നാന്‍ നമ്മോടു പറയുന്നതനുസരിച്ച്, മനുഷ്യജീവിതങ്ങള്‍ സാന്ദ്രമാകുന്നത് ക്രിസ്തുവിനോട് അടുക്കുമ്പോഴാണ്.... ക്രിസ്തുവിന് വിപരീതമായി നില്കുന്നവര്‍, ക്രിസ്തു-മൂല്യങ്ങള്‍ അവഗണിക്കുന്നവര്‍ ആത്മനാശവും ആത്മീയ മരണവും വിളിച്ചുവരുത്തുന്നു, എന്ന് യോഹന്നാന്‍ പ്രസ്താവിക്കുന്നു. ക്രിസ്തുവിനോടുള്ള പ്രതികരണം സ്നേഹത്തിന്‍റെയും പ്രത്യാശയുടെയുമാണെങ്കില്‍ ഒരുവന്‍ ജീവന്‍റെയും, നിത്യജീവന്‍റെയും വഴികളില്‍ എത്തിച്ചേരുമെന്നും യോഹന്നാന്‍ ഉദ്ബോധിപ്പിക്കുന്നു.

യോഹന്നാനെപ്പോലെ, യേശുവിന്‍റെ സ്നേഹമെന്തെന്ന് അനുദിന ജീവിതത്തില്‍ കാണുവാന്‍ കണ്ണു നല്കണമേയെന്നും, സൗഖ്യമേകുന്ന അവിടുത്തെ വാക്കുകള്‍ അനുദിനം ശ്രവിക്കുവാന്‍ കരുത്തു നല്കണമേ എന്നും പ്രാര്‍ത്ഥിക്കാം..അവിടുന്ന് വരദാന വാരിധിയാണ്. End







All the contents on this site are copyrighted ©.