2011-02-10 17:46:52

ദൈവവിളികള്‍ പ്രാദേശിക സഭകളില്‍
ഊന്നിനില്ക്കണമെന്ന് -മാര്‍പാപ്പ


10 ഫെബ്രുവരി 2011 വത്തിക്കാന്‍
2011 മെയ് മാസം 15-ാം തിയതി ആഗോളസഭയില്‍ ആഘോഷിക്കുവാന്‍ പോകുന്ന ദൈവവിളി ദിനം ലക്ഷൃമാക്കി നല്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ‘പ്രാദേശികസഭകളില്‍ വളരേണ്ട ദൈവവിളി’ Proposing vocations in the local church എന്ന ശീര്‍ഷകത്തിലാണ് 48-ാമത് ലോക ദൈവവിളി പ്രാര്‍ത്ഥനാ സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദൈവവിളിയുടെ രൂപീകരണം വ്യക്തിയുടെ ജീവിതം മുഴുവനും ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കണം, എന്നതാണ് പ്രാദേശികം എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. കുടുംബം, ഇടവക, സംഘടന എന്നീ തലങ്ങളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശ്രദ്ധാപൂര്‍വ്വം രൂപീകരണം നല്കിക്കൊണ്ടാണ് പ്രാദേശികതലത്തില്‍ ദൈവവിളികള്‍ പരിപോഷിപ്പിക്കേണ്ടതെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്തു തന്‍റെ ശിഷ്യന്മാരെ രൂപീകരിച്ചതുപോലെ, ഇന്ന് മതബോധനം, ദൈവവചനം, ആരാധനക്രമം, പ്രാര്‍ത്ഥനാജീവിതം എന്നിവയിലൂടെ, കുട്ടികളുടെയും യുവാക്കളുടെയും രൂപീകരണം പ്രാദേശികതലത്തില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അവര്‍ക്ക് ക്രിസ്തുവിനെ അനുഗമിക്കാന്‍ വഴിയൊരുക്കണമെന്ന് പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.
ദൈവവിളിയുടെ പരിപോഷണം പ്രാദേശിക സഭയുടെ ഊര്‍ജ്ജസ്വലതയുടെയും വളര്‍ച്ചയുടെയും അടയാളമാണെന്ന് പരാമര്‍ശിച്ച മാര്‍പാപ്പ, എക്കാലത്തെയുംപോലെ ഇന്നും ക്രിസ്തുവിനെ അനുഗമിക്കുവാന്‍ വെല്ലുവിളികള്‍ നേരിടണമെന്നും സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു.







All the contents on this site are copyrighted ©.