2011-02-09 16:11:33

നീതിന്യായ വകുപ്പ് കൂട്ടായ്മ വളര്‍ത്താന്‍


സഭയുടെ കൂട്ടായ്മ വളര്‍ത്താന്‍ സഭയിലെ നീതിന്യായവകുപ്പ് പരിശ്രമിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഫെബ്രുവരി നാലാം തിയതി വെള്ളിയാഴ്ച പരിശുദ്ധസിംഹാസനത്തിന്‍റെ പരമോന്നത നീതിന്യായവകുപ്പ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് മാര്‍പാപ്പ ഇപ്രകാരം അഭിപ്രായപ്പെട്ടത്.അവര്‍ സഭയ്ക്കു നല്‍കുന്ന സേവനത്തിനു പ്രത്യേകം നന്ദി പറഞ്ഞ മാര്‍പാപ്പ സഭാപ്രവര്‍ത്തനങ്ങളില്‍ നീതി ഉറപ്പുവരുത്താന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും പരാമര്‍ശിച്ചു. സങ്കീര്‍ണ്ണമായതും സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഭരണപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ വകുപ്പിന്‍റെ സേവനം വളരെപ്രധാനപ്പെട്ടതാണെന്നും പാപ്പ വ്യക്തമാക്കി. നിയമസംഹിതകള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നതോടൊപ്പം മാനുഷീക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതാണെന്നും പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയുടെയും ഉപവിയുടെയും ക്ഷമയുടെയും പശ്ചാതാപത്തിന്‍റെയും ആത്മീയ ഉപകരണങ്ങള്‍ നീതിസ്ഥാപനത്തിനു സഹായിക്കുന്ന ഏറ്റവും ശക്തമായ ഘടകങ്ങളാണെന്നും വിശ്വാസികളും അവരുടെ സഭാധികാരികളും തമ്മിലുള്ള നീതിയുക്തവും ക്രമപരവുമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷൃമെന്നും മാര്‍പാപ്പ പരിശുദ്ധസിംഹാസനത്തിന്‍റെ പരമോന്നത നീതിന്യായവകുപ്പ് അംഗങ്ങളെ ഓര്‍മിപ്പിച്ചു. സഭയുടെ ദൗത്യപൂര്‍ത്തീകരണത്തിനായി എല്ലാ വിശ്വാസികളും സഭയോടുചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പ തദ്ദവസരത്തില്‍ പരാമര്‍ശിച്ചു.







All the contents on this site are copyrighted ©.