2011-02-09 15:21:38

80 വയസ്സെത്തുന്ന
വത്തിക്കാന്‍ റേഡിയോ


09 ഫെബ്രുവരി 2011
1931 ഫെബ്രുവരി 12-ാം തിയതി ഭാഗ്യസ്മരണാര്‍ഹനായ പതിനൊന്നാം പീയൂസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന അനുസരിച്ച് റേഡിയോ തരംഗങ്ങളുടെ ഉപജ്ഞാതാവായ വില്യം മാര്‍ക്കോണി വത്തിക്കാന്‍ തോട്ടത്തില്‍ ആരംഭിച്ച ലോകത്തിലെ പ്രഥമ റേഡിയോയ്ക്കാണ് 2011 ഫെബ്രുവരി 12-ന് 80 വയസ്സു തികയുന്നത്. പ്രായംകൂടിയെങ്കിലും നിത്യയൗവ്വനത്തിലെന്നപോലെ വത്തിക്കാന്‍ റേഡിയോ മാര്‍പാപ്പയുടെയും സഭയുടെയും ശബ്ദമായി മനുഷ്യകുലത്തിന് നന്മയുടെയും സമാധാനത്തിന്‍റെയും സന്ദേശവാഹിനിയായി ഇന്നും ആധുനിക സമ്പര്‍ക്ക മാധ്യമലോകത്ത് പ്രസരണഗോപുരത്തിന്‍റെ തലയുയര്‍ത്തി നല്‍ക്കുന്നു. ‘പാപ്പായുടെ ശബ്ദമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വത്തിക്കാന്‍ റേഡിയോ മാര്‍പാപ്പയുടെ പഠനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ആഗോള കത്തോലിക്കാ സഭാ ജീവിതം, മനുഷ്യന്‍റെ അനുദിന ജീവിതബന്ധിയായ ധാര്‍മ്മിക നിര്‍ദ്ദേശങ്ങള്‍ അതിന്‍റെ കാലോചിതമായ വീക്ഷണങ്ങള്‍ എന്നിവ പങ്കുവച്ചുകൊണ്ട് മനുഷ്യകുലത്തെ സഭാ ജീവിതത്തിന്‍റെ സിരാകേന്ദ്രവുമായി അനുദിനം ബന്ധിപ്പിക്കുന്നു. തുടങ്ങിയ നാള്‍ മുതല്‍ ഇന്നുവരെയ്ക്കും പിയൂസ് 11-ാമന്‍, പിയൂസ് 12-ാമന്‍, ജോണ്‍ 23-ാമന്‍, പോള്‍ 6-ാമന്‍, ജോണ്‍ പോള്‍ 1-ാമന്‍,
ജോണ്‍ പോള്‍ 2-ാമന്‍, ഇപ്പോള്‍ ബനഡിക്ട് 16-ാമന്‍ എന്നീ മാര്‍പാപ്പമാരുടെ കാലഘട്ടങ്ങളിലൂടെ ലോകത്തിലുള്ള 42 വിവിധ പ്രധാനപ്പെട്ട ഭാഷകളില്‍ ഒരു ദിനത്തിന്‍റെ സമയചക്രം മുഴുവനുമായി വത്തിക്കാന്‍ റേഡിയോ അതിന്‍റെ സംപ്രേക്ഷണവലയം വ്യാപിപ്പിച്ചുകൊണ്ട് ലോകത്തിന്‍റെ എല്ലാ മുക്കിനും മൂലയിലും മനുഷ്യകുലത്തിന് സ്നേഹത്തിന്‍റെ സുവിശേഷമെത്തിച്ചുകൊടുക്കുന്നു.

80-ാം പിറന്നാല്‍ ആഘോഷങ്ങളുടെ തുടക്കാമായി വത്തിക്കാന്‍ മൂസിയത്തില്‍ ഫെബ്രുവരി 10-ാം തിയതി ഒരു പ്രത്യേക പ്രദര്‍ശനം വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഡയറക്ടര്‍, അന്തോണിയോ പാവൊലൂച്ചി ഉദ്ഘാടനംചെയ്തു. മാര്‍പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍, കര്‍ദ്ദിനാള്‍ ജൊവാന്നി ലൊജ്ജോളോയും റേഡിയോയുടെ ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാധിതിയായിരിരുന്നു.
ഒരു വര്‍ഷക്കാലം നീണ്ടുനില്ക്കുന്ന പ്രദര്‍ശനത്തില്‍ മാര്‍ക്കോണിയുടെ ആദ്യകാല പ്രക്ഷേപണ സംവിധാനങ്ങള്‍, പ്രഥമ മൈക്രോഫോണ്‍, അക്കാലത്തെ സംഗീത ഉല്ലേഖന സംവിധാനങ്ങള്‍, ആദ്യ പ്രക്ഷേപണത്തിന്‍റെ ഫോട്ടോഗ്രാഫുകള്‍, ചലച്ചിത്രം, വിവിധ മാര്‍പാപ്പമാരുടെ കാലഘട്ടങ്ങളിലൂടെയുള്ള റേഡിയോയുടെ ചരിത്രം എന്നിവ അനുദിനമെത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്കായി മനോഹരമായി സംയോജനംചെയ്തിരിക്കുന്നു. വത്തിക്കാന്‍ റേഡിയോയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലും പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവിയുമായ ഫാദര്‍ ഫ്രദറിക്കോ ലൊമ്പോര്‍ഡി ആഘോഷങ്ങള്‍ക്ക് ആമുഖസന്ദേശം നല്കി. റേഡിയോയുടെ സ്ഥാപനദിനം ഫെബ്രുവരി പന്ത്രണ്ടാം തിയതിയാണെങ്കിലും റേഡിയോയുടെ മദ്ധ്യസ്ഥനായ ഗബ്രിയേല്‍ ദൂതന്‍റെ തിരുനാ‌ള്‍ ദിനമായ സെപ്തംബര്‍ 29-ാം തിയതിയാണ് റേഡിയോ നിലയത്തില്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി വത്തിക്കാന്‍ റേഡിയോയുടെ കഴിഞ്ഞ മുപ്പതുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരു ഗ്രന്ഥം പ്രകാശനംചെയ്യപ്പെടും.

ഇനിയും മാര്‍പാപ്പയുടെ ശബ്ദം ശ്രവിക്കാന്‍
ലോകത്തിലെ പ്രധാനപ്പെട്ട 42 ഭാഷകളിലുള്ള പ്രക്ഷേപണങ്ങള്‍ക്കൊപ്പം,
ഭാരതത്തിന്‍റെ ദേശീയഭാഷയായ ഹിന്ദിയിലും തമിഴ്, മലയാളം എന്നീ പ്രാദേശിക ഭാഷകളിലും എല്ലാ ദിവസവും 20 മിനിറ്റുവീതം 3 തവണയായി സഭാവര്‍ത്തകളും വിവിധ പരിപാടികളും ഷോര്‍ട്ട് വേവില്‍ (short wave , SW) പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. മലയാളത്തില്‍ എല്ലാ ദിവസവും രാത്രി 8.40-ന് sw41, sw25, sw22 എന്നീ മീറ്റര്‍ ബാന്‍ഡുകളിലും, രാവിലെ 6.30-നും sw49, 41-ലും വീണ്ടും രാവിലെ 8.10-നും sw19 മീറ്റര്‍ ബാന്‍ഡുകളില്‍ മലയാള പരിപാടികള്‍ വത്തിക്കാനില്‍നിന്നും നേരിട്ടു പ്രക്ഷേപണംചെയ്യുന്നത് ശ്രവിക്കാവുന്നതാണ്.

ഡിജിറ്റള്‍ ട്യൂണിങ്ങ് സൗകര്യം
Digital tuning സൗകര്യമുള്ളവര്‍ക്കായി sw41 = 7585 khz, sw25 = 11850 khz, sw22 = 13765 khz sw49= 5895 khz, 41 = 7335 khz sw19 = 15460 khz തരംഗങ്ങളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നു.

ആവശ്യാനുസരണം കേള്‍ക്കാവുന്ന റേഡിയോ
വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണത്തിന്‍റെ യഥാസമയങ്ങളില്‍ കേള്‍ക്കുവാന്‍ സാധിക്കാത്തവര്‍ക്ക് www.vaticanradio.org എന്ന web site-ല്‍ പ്രവേശിക്കുകയാണെങ്കില്‍ അതിന്‍റെ മലയാള വിഭാഗത്തില്‍ റേഡിയോ പരിപാടികള്‍ ആവശ്യാനുസരണം എന്ന സൂചികയില്‍ click ചെയ്താല്‍
mp3 അല്ലെങ്കില്‍ real audio രൂപത്തില്‍ ഓരോ ദിവസത്തേയും recorded വത്തിക്കാന്‍ റേഡിയോ പരിപാടികള്‍ ശ്രവിക്കാവുന്നതാണ്.







All the contents on this site are copyrighted ©.