2011-02-03 17:48:46

ഐക്യത്തിലാണ് ശക്തിയെന്ന് -മാര്‍പാപ്പ


03 ഫെബ്രുവരി 2011
ഐക്യത്തിലാണ് ശക്തിയെന്ന് ഓസ്ട്രിയായുടെ വത്തിക്കാനിലേയ്ക്കുള്ള പുതിയ അമ്പാസിഡറുമായുള്ള കൂടിക്കാഴ്ചയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ഫെബ്രുവരി 3-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള ഓസ്ട്രിയായുടെ സ്ഥാനപതി, അല്‍ഫോന്‍സ് ക്ലോസ്സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം സമര്‍ത്ഥിച്ചത്. വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സങ്കരവേദിയായി ഓസ്ട്രിയ രാജഭരണകാലം മുതലേ ആഗോളതലത്തില്‍ ഉയര്‍ന്നു നിന്നത്, ഇന്നും വ്യക്തികളുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. The Land of Domes, ദേവാലയ താഴികക്കുടങ്ങളുടെ നാടെന്ന് ദേശീയ ഗാനത്തില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഓസ്ട്രിയായിലെ ജനങ്ങളുടെ മതാത്മക ജീവിതത്തെയും, എല്ലാവരോടുമുള്ള മനുഷ്യത്വപരമായ സമീപനത്തെയും മാര്‍പാപ്പ അഭിനന്ദിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങള്‍ പൊതുവെ വിചിത്രമായ സംഘര്‍ഷങ്ങളിലേയ്ക്കു നീങ്ങുന്ന ഇക്കാലയളവില്‍ ഓസ്ട്രിയായില്‍ ആബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നത് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയ്ക്കും സമാധാനപൂര്‍ണ്ണമായ നിലനില്പിനും സഹായകമാകുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. ദൈവത്തിലുള്ള വിശ്വാസവും, ദൈവം മനുഷ്യനു നീട്ടിത്തരുന്ന രക്ഷയിലുള്ള വിശ്വാസവും ജനങ്ങളുടെ വളരെ അടിസ്ഥാനപരമായ ആവശ്യവും പ്രത്യാശയുമാണെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു.
തന്‍റെ സ്ഥാനികപത്രികകള്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച വത്തിക്കാനിലേയ്ക്കുള്ള ഓസ്ട്രിയായുടെ പുതിയ സ്ഥാനപതി, അല്‍ഫോന്‍സ് ക്ലോസ്സ് ഓസ്ട്രിയായിലെ ഫെഡറല്‍ ഭരണകൂടത്തിന്‍റെപേരിലും ജനങ്ങളുടെപേരിലും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും 2007-ല്‍ വിയന്ന, മരിയാസെല്‍, ഹോളി ക്രോസ്സ് എന്നീ പട്ടണങ്ങളിലേയ്ക്കു മാര്‍പാപ്പ നടത്തിയ അപ്പസ്തോലിക തീര്‍ത്ഥാടനം സ്നേഹപൂര്‍വ്വം അനുസ്മരിക്കുകയും നന്ദിപറയുകയും ചെയ്തു.
 







All the contents on this site are copyrighted ©.