2011-01-29 15:43:38

സുവിശേഷപരിചിന്തനം – 30 ജനുവരി 2011 ഞായര്‍
ആണ്ടുവട്ടത്തിലെ നാലാം ഞായര്‍ - ലത്തീന്‍ റീത്ത്


അഷ്ടഭാഗ്യങ്ങള്‍ മത്തായി 5, 1-12
പുറപ്പാടിന്‍റെ പുസ്തകം 19, 20 അദ്ധ്യായങ്ങളില്‍ ഒരു മലയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്, സീനായ് മല. ഈ മലയില്‍വച്ചാണ് ഇസ്രായേല്‍‍ ജനത്തെ ആകമാനം ബാധിക്കുന്നതും അവരുടെ ജീവിതത്തിന് അടിസ്ഥാനവുമായ വലിയ സംഭവം നടന്നത്. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് വിമോചിതരാക്കപ്പെട്ടിട്ട് മൂന്നാം അമാവാസി നാളില്‍ ഇസ്രായേല്‍ജനം മോശ പ്രാര്‍ത്ഥിക്കുവാന്‍ പോയ സീനായ് മലയുടെ മുകളിലേയ്ക്ക് ഉറ്റുനോക്കിനില്ക്കവേ, അവിടെ ജ്വലിക്കുന്ന അഗ്നിപ്രഭയുടെ നടുവില്‍നിന്ന് ആ ജനത്തിന് അടിസ്ഥാന നിയമങ്ങളായി ദൈവം പത്തു കല്പനകള്‍ നല്കി. ദൈവജനത്തിന്‍റെ എക്കാലത്തേയ്ക്കുമുള്ള ജീവിത നിയമങ്ങളായിരുന്നു അവ.

കാലത്തിന്‍റെ തികവില്‍, പുതിയ ഉടമ്പടിയുടെ കാഹളം മുഴക്കിക്കൊണ്ട് ക്രിസ്തു ഈ ഭൂമിയിലവതീര്‍ണ്ണനായി. അവിടുന്നു പുതിയ ഉടമ്പടിയുടെ അടിസ്ഥാന ശിലകളാകുവാന്‍ പന്ത്രണ്ടപ്പോസ്തോലന്മാരെ തിരഞ്ഞെടുത്ത് ഒരു നവസമൂഹത്തിന്, നവ ഇസ്രായേലിന് രൂപംനല്കി. സീനായ് മലയില്‍നിന്ന് ഇസ്രായേല്‍ ജനത്തിന് ദൈവം അടിസ്ഥാന നിയമങ്ങള്‍ നല്കിയതുപോലെ, ഒരു മലയില്‍ കയറിയിരുന്ന് പുതിയ ദൈവജനത്തിന്‍റെ ജീവിതത്തിന് ഉപയുക്തമായ ഒരു നിയമസംഹിത ക്രിസ്തു പ്രദാനംചെയ്തു. ആ നിയമസംഹിതയാണ് അഷ്ടഭാഗ്യങ്ങള്‍. ദൈവരാജ്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ –മാഞ്ഞാക്കാര്‍ത്ത-യെന്നും ക്രൈസ്തവ ജീവിത സിദ്ധാന്തങ്ങളുടെ സാരസംഗ്രഹമെന്നും ക്രിസ്തുവിന്‍റെ നയപ്രഖ്യാപനമെന്നുമെല്ലാം അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യകുലത്തിനാകമാനം ആദര്‍ശവും ജീവിതമൂല്യങ്ങളും നല്കുന്ന അഷ്ടഭാഗ്യങ്ങളടങ്ങുന്ന സുവിശേഷഭാഗമാണ് (മത്തായി 5, 1-12) ഇന്ന് നാം ചിന്താവിഷയമാക്കുന്നത്.

അഷ്ടഭാഗ്യങ്ങള്‍ എട്ടു സ്വതന്ത്രനിയമങ്ങളല്ല, ഓരേയൊരു ജീവിതശൈലിയുടെ എട്ടു മുഖങ്ങളാണവ. പ്രഖ്യാപിതമായിരിക്കുന്ന ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവശ്യംവേണ്ട എട്ടു ഗുണങ്ങള്‍ അഥവാ ദര്‍ശന സിദ്ധികളാണവ. അതുകൊണ്ടുതന്നെ ഇവയോരോന്നും പ്രത്യേകം പ്രത്യേകം ചിന്തിക്കേണ്ടവയല്ല, പ്രത്യുത ഒരുമിച്ച് ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടവയാണ്. ഗരിപ്രഭാഷണത്തിന്‍റെ പൊരുള്‍ ഉള്‍ക്കൊണ്ട രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറയുന്നു, “ഏതു വഴിക്ക് തിരിയണമെന്നറിയാതെ ക്ലേശിച്ച പല സന്ദര്‍ഭങ്ങളുമുണ്ട്. അപ്പോള്‍ ഞാന്‍ ബൈബിളിനെ ആശ്രയിച്ചു. അതിലെ ക്രിസ്തുദേവന്‍റെ സാരോപദേശങ്ങളില്‍നിന്ന് ഞാന്‍ ശക്തിപ്രാപിച്ചുവെന്ന് ”. ലോക ജീവിതത്തിലെ പ്രശ്നസങ്കീര്‍ണ്ണതയുടെ മദ്ധ്യത്തില്‍ ശക്തിയും പ്രചോദനവും നല്കുന്ന, ശാന്തിയും സമാധാനവും പ്രദാനംചെയ്യുന്ന സാരോപദേശങ്ങളാണ് അഷ്ടഭാഗ്യങ്ങള്‍.
....................................
ആത്മാവില്‍ ദരിദ്രര്‍ അനുഗ്രഹീതര്‍ ....... സുശേഷകന്‍ ഇങ്ങനെ ക്രിസ്തുവിനെ ഉദ്ധരിക്കുമ്പോള്‍, തങ്ങള്‍ ദൈവതിരുമ്പില്‍ ദരിദ്രരാണെന്ന അവബോധമുള്ളവരാണ് എന്ന്, എന്നേറ്റു പറയുകയാണ്. അവര്‍ എല്ലാ ആവശ്യങ്ങളിലും ദൈവത്തില്‍ ആശ്രയിക്കുന്നു. സ്വര്‍ഗ്ഗരാജ്യം സ്വന്തശക്തിയാല്‍ നേടാന്‍ കഴിവില്ലെന്നു മനസ്സിലാക്കി, ഒരു ദാനമെന്ന നിലയില്‍ സ്വീകരിക്കാന്‍ കൈനീട്ടി നില്ക്കുന്ന ഒരു യാചകനെപ്പോലെ, ദൈവതിരുമുമ്പില്‍ നിലകൊള്ളുന്നവനാണ് ആത്മാവില്‍ ദരിദ്രന്‍. ഈ അത്മീയ ദാരിദ്ര്യം പഴനിയമത്തില്‍ വേരൂന്നിയിട്ടുള്ളതാണ്, കര്‍ത്താവിന്‍റെ ദരിദ്രര്‍, anawim yahweh സങ്കീര്‍ത്തനം 34,37. ഈശോ ദരിദ്രരോടാണ് സുവിശേഷം പ്രഘോഷിക്കുന്നത്. ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കാന്‍ എന്നെ അയച്ചിരിക്കുന്നു, എന്നാണ് തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍, ഏശയ്യായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, തന്‍റെ ദൈവരാജ്യ പ്രഘോഷണം അവിടുന്ന് ആരംഭിക്കുന്നത്.

ദുഃഖിതര്‍ അശ്വസിപ്പിക്കപ്പെടും, എന്ന കര്‍മ്മിണി പ്രയോഗത്തിന്‍റെ പിന്നില്‍ ദൈവത്തെയാണു കര്‍ത്താവായി കാണേണ്ടത്. ദൈവം അവരെ ആശ്വസിപ്പിക്കും എന്നാണ് പൂര്‍ണ്ണമായ പ്രയോഗം. ദൈവം തന്‍റെ ജനത്തിന്‍റെ ദുഃഖത്തെ ആഹ്ലാദമാക്കി മാറ്റും എന്ന സങ്കല്‍പം വീണ്ടും പഴയ നിയമത്തില്‍ വേരൂന്നിയിരിക്കുന്നു. ഏശ. 40,1.

ശാന്തശീലര്‍ തീവ്രവാദികളല്ല, അക്രമത്തെ സമചിത്തതയോടെ സഹിക്കുന്നവരാണവര്‍. മിശിഹായെപ്പോലെ, മര്‍ദ്ദനങ്ങള‍ സഹിക്കുന്നവരും സമാധാന പ്രിയരുമാണവര്‍. ഭാരം വഹിക്കുന്നവരേ, ക്ലേശങ്ങള്‍ സഹിക്കുന്നവരേ, നിങ്ങളെ ഞാന്‍ ആശ്വസിപ്പിക്കാം, എന്ന അനശ്വരമായ ക്രിസ്തുവിന്‍റെ സാന്ത്വന വചസ്സുകള്‍ മനുഷ്യകുലത്തിന് ഇന്നും ധൈര്യംപകരുന്നു.

മരുഭൂമിയിലൂടെ യാത്രചെയ്ത ഇസ്രോയേല്‍ക്കാരുടെ അന്ത്യലക്ഷൃമായിരുന്നു നാടു കൈവശമാക്കുക എന്നത് (നിയമ. 1, 8). നാടു കൈവശമാക്കുക എന്നത് അന്ത്യകാലത്തേക്കുള്ള വാഗ്ദാനമാണ്. ഏശയാ പ്രവചിക്കുന്നു, “എന്നില്‍ ആശ്രയിക്കുന്നവന്‍ ഭൂമി കൈവശമാക്കും, അവന് എന്‍റെ വിശുദ്ധഗിരി അവകാശമായി ലഭിക്കും” (ഏശ. 60,21). ഭൂമികൊണ്ട് അര‍ത്ഥമാക്കുന്നത് ദൈവരാജ്യമാണ്. ദൈവരാജ്യം കൈവശമാക്കുന്നതില്‍ മനുഷ്യര്‍ സൗഭാഗ്യം കണ്ടെത്തുന്നു.
നീതിക്കുവേണ്ടി വിശക്കുന്നവരെന്നും ദാഹിക്കുന്നവരെന്നും പറയുമ്പോള്‍, നീതിനിഷ്ഠയ്ക്കുവേണ്ടി പരിശ്രമിക്കുന്നവരെന്നാണ് അര്‍ത്ഥമാക്കേണ്ടത്. മാനുഷിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവം നല്‍കുന്ന രക്ഷയാണു നീതി. അതിനായി മനുഷ്യര്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

കരുണയുള്ളവര്‍ക്കു കരുണ ലഭിക്കുമെന്ന്. ദൈവം കാരുണ്യവാനാണെന്ന് പ്രഘോഷിക്കുന്ന വചനമാണിത്. എന്‍റെ മേല്‍ കരുണയുണ്ടാകണമേ, എന്ന് അപേക്ഷിച്ചവരോട് ക്രിസ്തു കരുണ കാണിക്കുന്ന സംഭവങ്ങള്‍ സുവിശേഷത്തില്‍ ധാരാളമുണ്ട്.. അലഞ്ഞുവന്നതും വിശക്കുന്നതുമായ ജനക്കൂട്ടത്തോട് യേശുവിന് അനുകമ്പതോന്നി, മത്തായി 9, 36.
മനുഷ്യര്‍ കരുണയില്ലാതെ പ്രവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍, ബലിയല്ല, കരുണയാണു ഞാന്‍ ആഗ്രഹിക്കുന്നത്, ഏശ. 6, 6, എന്ന വചനം ഉദ്ധരിച്ചുകൊണ്ടു ഈശോ തന്‍റെ നിലപാടു വ്യക്തമാക്കി. നിയമാനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതിനെതിരെയുള്ള നിലപാടാണിത്.
.............................................
ബാഹ്യവും ഉപരിപ്ലവുമായ ജീവിത സൗഭാഗ്യമല്ല ഈ സുവിശേഷ സന്ദേശത്തിലൂടെ ക്രിസ്തുനാഥന്‍ വാഗ്ദാനം ചെയ്യുന്നത്. പ്രത്യുത, ആന്തരികവും ഗാഢവും നിത്യവുമായ സനാതന സൗഭാഗ്യങ്ങളാണ്.
ആധുനീക ലോകത്തിന്‍റെ മനോഭാവത്തിനും ജീവിത ദര്‍ശനത്തിനും കടകവിരുദ്ധമാണവ. ദാരിദ്ര്യത്തെ വെറുക്കുകയും ഏത് ഹീനമാര്‍ഗ്ഗത്തിലൂടെയും ധനം സമ്പാദിക്കുകയും, എന്തുവന്നാലും എനിക്കാസ്വദിക്കണം, എന്നു വാദിക്കുകയും ചെയ്യുന്നവര്‍ക്ക് യേശുവിന്‍റെ വചനങ്ങള്‍ ഇടര്‍ച്ചയ്ക്കു കാരണമാകാം. സൗമ്യത ലോകദൃഷ്ടിയില്‍ ബലഹീനതയാണ്, കരുണയും നൈര്‍മ്മല്യവും ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ കൊള്ളുന്നവയല്ല, സമാധാനം വിപ്ലവത്തിലൂടെ മാത്രമേ സാദ്ധ്യമാവൂ, പീഡനങ്ങളെ ചെറുത്തു തോല്പിക്കുന്നതാണ് പൗരുഷം... എന്നിങ്ങനെയുള്ള ആശയങ്ങളും മനോഭാവങ്ങളുമാണ് ഇന്നു നമ്മുടെ ലോകത്തെ നയിക്കുന്നത്. എന്നാല്‍ അഷ്ടഭാഗ്യങ്ങളിലൂടെ ആന്തരിക പരിവര്‍ത്തനത്തിനായി ക്ഷണിക്കുകയാണ് ക്രിസ്തുനാഥന്‍. മനുഷ്യന്‍ ഭൗതികനല്ല, അവന്‍ ദൈവപുത്രനാണ്. അഭൗമികമായ, നിത്യമായ ഒരു ജീവിതം ഉള്ളവനാണ്.
ആ ജീവിതത്തെ സമ്പുഷ്ടമാക്കുവാന്‍ സദാ ജാഗരൂകത പുലര്‍ത്തേണ്ടവനുമാണവന്‍. ദരിദ്രനായി ബതലഹേമിലെ പുല്‍ത്തൊഴുത്തില്‍ ജനിച്ച്, നസ്രത്തിലെ വിനീതമായ പണിപ്പുരയില്‍ ഒരു തച്ചന്‍റെ മകനായി വളര്‍ന്ന്, തലചായ്ക്കുവാനിടമില്ലാതെ വലഞ്ഞ്, കുരിശ്ശില്‍ മരിച്ച്, അന്യന്‍റെ കല്ലറയില്‍ സംസ്കരിക്കപ്പെട്ട ക്രിസ്തുനാഥന്‍റെ ജീവിതം ദാരിദ്ര്യത്തിന്‍റെ ഏറ്റം മഹനീയ മാതൃകയാണ്. മനുഷ്യരുടെ പാപങ്ങളോര്‍ത്തും അവശരുടെയും പാവപ്പെട്ടവരുടെയും കഷ്ടപ്പാടുകള്‍ കണ്ടും ഹൃദയമുരുകിയ അവിടുന്ന് കരയുന്നവരുടെ കണ്ണീരൊപ്പി, അവിടുന്ന് അവരെ ആശ്വസിപ്പിച്ചു. ജീവിതത്തിലെ നിരവധിയായ ദുഃഖങ്ങള്‍ അലട്ടിയപ്പോഴും അവസാനം സ്വശിഷ്യന്‍ ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുത്തപ്പോഴും ശാന്തനായിരുന്ന ഈശോ, സൗമ്യതയുടെ പാഠം പഠിപ്പിച്ചു. നിരന്തരമായ സഹനജീവിതംവഴി സകല നീതിയും പൂര്‍ത്തീയാക്കുകയും അവസാനം കുരിശില്‍ തറയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ ശത്രുക്കള്‍ക്കളോടു ക്ഷമിക്കുകയും അവര്‍ക്കുവേണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് നീതിയുടെയും കാരുണ്യത്തിന്‍റെയും മൂര്‍ത്തീഭാവമാവുകയും ചെയ്തു.

ഇപ്രകാരം സ്വജീവിത മാതൃകവഴി ഒരു ആന്തരിക പരിവര്‍ത്തനം ഇന്ന് ക്രിസ്തുനാഥന്‍ നമ്മോടാവശ്യപ്പെടുന്നു, ബാഹ്യമായവയില്‍നിന്നകന്ന് ആന്തരികമായവയ്ക്ക് ഊന്നല്‍ നല്കുവാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് ഇടിവു സംഭവിച്ചുകൊണ്ടിരക്കുന്ന ഈ നവയുഗത്തില്‍ മനുഷ്യരുടെ വിശുദ്ധീകരണവും ജീവിത നവീകരണവും സാധിക്കുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു, നമ്മെ ക്ഷണിക്കുന്നു.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ക്കുമാത്രം ഊന്നല്‍നല്കി എല്ലാവരും ഈ ലോകത്തില്‍ ദരിദ്രരും കരയുന്നവരും വിശക്കുന്നവരും പീഡയനുഭവിക്കുന്നവരുമാകണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നില്ല. ഇവ അതില്‍ത്തന്നെ നന്മയല്ലതാനും. ഇവ ഒരളവുവരെ തിന്മയുമാണ്. ആകയാല്‍ ഇവ കഴിയുന്നത്ര ദുരീകരിക്കുവാന്‍ നാം കടപ്പെട്ടവരുമാണ്. അഷ്ടഭാഗ്യങ്ങളിലൂടെ മനുഷ്യരുടെ സമഗ്രമായ വിമോചനവും സര്‍വ്വതോന്മുഖമായ വളര്‍ച്ചയും ജീവിത വിശുദ്ധീകരണവും ക്രിസ്തു ആവശ്യപ്പെടുന്നണ്ട്.

കാലത്തിന്‍റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കി, വിശക്കുന്നവന്‍റെ തളര്‍ച്ചയ്ക്കുനേരെ, മര്‍ദ്ദിതന്‍റെ രക്തത്തിനുനേരെ, അലസതയും അജ്ഞതയും അന്ധതയും ബധിരതയും നടിച്ചു നടക്കുന്നവരുടെനേരെ സത്യത്തിന്‍റെയും നീതിയുടേയും പേരില്‍ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ ക്രിസ്തു നമ്മെ വിളിക്കുന്നു. ഇല്ലായ്മ അനുഭവിക്കുന്നവരല്ല, മറിച്ച് തങ്ങള്‍ക്കുള്ളവ ദൈവിക ദാനമാണെന്നംഗീകരിച്ച് അവയെ ഇല്ലാത്തവരുമായി പങ്കുവച്ച് ദൈവസമക്ഷം വിനീതരായി കഴിയുന്നവര്‍ യഹോവായുടെ ദരിദ്രരാണ് (Anawim Yahweah). മറ്റു വാക്കില്‍ പറഞ്ഞാല്‍ ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള സ്വന്തം കഴിവില്ലായ്മയെ മനസ്സിലാക്കുകയും ദൈവത്തില്‍ സഹായവും ശക്തിയും കണ്ടെത്തുകയും ചെയ്തുകൊണ്ട് ശൂന്യവല്‍ക്കരണം സാധിക്കുന്നവരാണ് സുവിശേഷത്തിലെ ദരിദ്രര്‍.

ജീവിതാനുഭവങ്ങള്‍ എന്തുതന്നെയായിരുന്നാലും എല്ലായ്പ്പോഴും ദൈവത്തില്‍ ആശ്രയിക്കുവാനും എല്ലാം വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വീക്ഷിക്കുവാനും നമുക്ക് പരിശ്രമിക്കാം. ക്ലേശങ്ങളിലും അപമാനങ്ങളിലും നിരാശപ്പെടാതെ സഹിക്കുവാനും ശാന്തത കൈവരിക്കാനും പരിശ്രമിക്കാം..

സീനായ് മാമലയില്‍ തന്‍റെ ജനത്തിനായി 10 കല്പനകള്‍ ദൈവത്തില്‍നിന്നും സ്വീകരിച്ച മോശ ക്രിസ്തുവിന്‍റെ മുന്നോടിയും പ്രതീകവുമായി നില്ക്കുന്നു.
നമ്മുടെ മനോഫലകങ്ങളില്‍ സുവിശേഷത്തിലെ അഷ്ടഭാഗ്യള്‍ എന്നും നിറഞ്ഞു നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. അവ അനുദിന ജീവിതനിയമമാക്കാന്‍ പരിശ്രമിക്കാം. End.

 







All the contents on this site are copyrighted ©.