2011-01-26 19:06:50

പ്രതിഷേധത്തിന്‍റെ 38 വര്‍ഷങ്ങള്‍
അമേരിക്കയിലെ ജീവോന്മുഖ സമരം


26 ജനുവരി 2011
ഭ്രൂണഹത്യയ്ക്കുള്ള സഹായധനം നികുതിദായകരില്‍ നിന്നാകരുതെന്ന്,
കര്‍ദ്ദിനാള്‍ ഡിനാര്‍ഡോ, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിനുവേണ്ടി പ്രസ്താവിച്ചു. അമേരിക്കയിലെ ഡെമോക്രാറ്റിക്ക് ഭരണകൂടത്തിന്‍റെ ജീവനെതിരായും ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നതുമായ നയത്തിനെതിരായി ജനുവരി 24-ാം തിയതി ചൊവ്വാഴ്ച, വാഷിങ്ടന്‍ ഡി.സി.-യില്‍ നടത്തിയ പ്രതിഷേധ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോ.
ഭ്രൂണഹത്യയ്ക്കുവേണ്ടിയും കരംപിരിക്കുന്ന ഡെമോക്രാറ്റിക്ക് ഭരണകൂടത്തിന്‍റെ നയത്തിനെതിരെ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ വാഷിങ്ടന്‍ ഡി.സി.-യിലെ കൊടുംതണുപ്പിനെ അവഗണിച്ച്
4 കര്‍ദ്ദിനാളന്മാരും 39 മെത്രാന്മാരും, 200-ല്‍പ്പരം വൈദികരും, 10,000-ല്‍പ്പരംപേര്‍ പങ്കെടുത്തു. ജീവനെ ആദരിക്കാത്ത രാജ്യത്ത് പൗരന്മാരുടെ സ്വാതന്ത്ര്യംതന്നെ അപകടത്തിലാണെന്ന്, ഭരണസമിതിയിലെ ന്യൂനപക്ഷ പ്രതിനിധി, ജോണ്‍ ആന്‍ഡ്രൂ ബെഹനര്‍ പ്രസ്താവിച്ചു. റാലിക്കു മുന്നോടിയായി വാഷിങ്ടണിലെ അമലോത്ഭവ നാഥയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിലര്‍പ്പിക്കപ്പെട്ട സമൂഹബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജീവോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോ റാലിക്കും പൊതുസമ്മേളനത്തിനും നേതൃത്ത്വം നല്കി.
അമേരിക്കന്‍ ഭരണകൂടം 1973-ല്‍ ഭ്രൂണഹത്യയ്ക്ക് നിയമസാധുത്വം നല്കിയ നാള്‍ മുതല്‍ നടത്തപ്പെടുന്ന ജനകീയ പ്രതിഷേധത്തിന്‍റെ 38-ാമത് പൊതുറാലിയും സമ്മേളനവുമാണ് വാഷിങ്ടനില്‍ 24-ാം തിയതി നടന്നത്.







All the contents on this site are copyrighted ©.